പത്മജ വേണുഗോപാലും പദ്മിനി തോമസും ഉൾപ്പെടെയുള്ള നേതാക്കളുടെ കൊഴിഞ്ഞുപോക്കിനെച്ചൊല്ലി ബിജെപി അണികള്ക്കിടയിൽ തർക്കം രൂക്ഷമാകുന്നു. സംസ്ഥാന നേതൃത്വത്തിന്റെ കഴിവുകേടാണ് ഇതിന് കാരണമെന്നാണ് കെ. സുരേന്ദ്രനെ അനുകൂലിക്കുന്നവർ ആരോപിക്കുന്നത്. എന്നാൽ, സുരേന്ദ്രന്റെ ഭരണകാലത്ത് പാർട്ടിയിലേക്ക് കൊണ്ടുവന്നവരാണ് ഇപ്പോൾ പാതിവഴിയിൽ തിരികെ പോകുന്നതെന്നാണ് രാജീവ് ചന്ദ്രശേഖർ പക്ഷത്തിന്റെ മറുപടി. അഭിപ്രായഭിന്നതകൾ വലിയ പൊട്ടിത്തെറിയിലേക്ക് നീങ്ങാതിരിക്കാൻ നേതാക്കൾക്ക് പരസ്യപ്രതികരണത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
കേന്ദ്ര നേതൃത്വം വലിയ സ്വീകരണമൊരുക്കി പാർട്ടിയിലെത്തിച്ച പത്മജ, ബിജെപിയുടെ ആശയങ്ങൾ തെറ്റാണെന്ന് പറഞ്ഞാണ് മടങ്ങിയത്. തലസ്ഥാനത്തെ ന്യൂനപക്ഷങ്ങളിലേക്കുള്ള വാതിലെന്ന് വിശേഷിപ്പിച്ച പദ്മിനി തോമസാകട്ടെ, നേതൃത്വത്തിന്റെ അവഗണന ആരോപിച്ചാണ് പാർട്ടി വിടുന്നത്. രാജീവ് ചന്ദ്രശേഖറിന്റെ ഏകാധിപത്യ സമീപനവും നേതൃത്വത്തിന്റെ പിടിപ്പുകേടുമാണ് ഈ കൊഴിഞ്ഞുപോക്കിന് കാരണമെന്ന് വി. മുരളീധരൻ, കെ. സുരേന്ദ്രൻ അനുകൂലികൾ കുറ്റപ്പെടുത്തുന്നു.
പത്മജയും പദ്മിനിയുമെല്ലാം കെ. സുരേന്ദ്രൻ സംസ്ഥാന അധ്യക്ഷനായിരുന്ന സമയത്ത് പാർട്ടിയിലെത്തിയവരാണ്. അന്ന് അവർക്ക് എന്തെങ്കിലും വാഗ്ദാനങ്ങൾ നൽകിയിരുന്നെങ്കിൽ അത് പാലിക്കേണ്ടിയിരുന്നത് അന്നത്തെ നേതൃത്വമായിരുന്നുവെന്നും, അതിന്റെ ഉത്തരവാദിത്തം ഇപ്പോൾ ഏറ്റെടുക്കാനാവില്ലെന്നുമാണ് ഔദ്യോഗിക പക്ഷത്തിന്റെ നിലപാട്. എന്നാൽ, സംസ്ഥാന നേതൃത്വത്തെ അറിയിക്കാതെ കേന്ദ്ര നേതൃത്വമാണ് പത്മജയെ പാർട്ടിയിലെത്തിച്ചതെന്നാണ് സുരേന്ദ്രൻ പക്ഷത്തിന്റെ വാദം.
വി. മുരളീധരന്റെ പ്രതികരണങ്ങളിൽ ഈ അതൃപ്തി പ്രകടമാണ്. പാർട്ടിയിലെ ഭിന്നത കൂടുതൽ വഷളാകുന്നത് തടയാൻ, വിഷയത്തിൽ മാധ്യമങ്ങളിലൂടെയോ സമൂഹമാധ്യമങ്ങളിലൂടെയോ പ്രതികരിക്കരുതെന്ന് സംസ്ഥാന നേതൃത്വം വാട്സാപ്പ് സന്ദേശത്തിലൂടെ കർശന നിർദേശം നൽകിയിരിക്കുകയാണ്.




