Spotlight

കൊല്ലാന്‍ തയാറായി 200 പേർ ? ബുള്ളറ്റ് പ്രൂഫ് സുരക്ഷയൊരുക്കിയാലും വെടിവച്ച് കൊല്ലും; അമിതാഭ് ബച്ചനും മകനും ബിഷ്‌ണോയ് സംഘത്തിന്റെ വധഭീഷണി

മുംബൈ: ബോളിവുഡ് സൂപ്പർതാരം അമിതാഭ് ബച്ചനും മകൻ അഭിഷേക് ബച്ചനും നേരെ ഗുണ്ടാനേതാവ് ഗോൾഡി ധില്ലന്റെ വധഭീഷണി. ഡൽഹി പൊലീസ് തന്റെ കൂട്ടാളികളെ അറസ്റ്റ് ചെയ്തതുകൊണ്ട് മുംബൈയിൽ അമിതാഭ് ബച്ചനെ ലക്ഷ്യമിട്ടുള്ള നീക്കങ്ങളിൽ മാറ്റമുണ്ടാകില്ലെന്നാണ് സോഷ്യൽ മീഡിയയിലൂടെയുള്ള മുന്നറിയിപ്പ്. സിഖ് സമുദായത്തിനെതിരെ സംസാരിക്കുന്നവർക്കെതിരെയും ഗുണ്ടാനേതാവ് ഭീഷണി മുഴക്കിയിട്ടുണ്ട്. ബുള്ളറ്റ് പ്രൂഫ് സുരക്ഷയൊരുക്കിയാലും വെടിവച്ച് കൊല്ലുമെന്നാണ് അമിതാഭ് ബച്ചനെയും അഭിഷേക് ബച്ചനെയും പേരെടുത്ത് പറഞ്ഞുകൊണ്ടുള്ള ഭീഷണി.

ലോറൻസ് ബിഷ്‌ണോയ് നയിക്കുന്ന അധോലോക സംഘത്തിലെ അംഗമാണ് ഗോൾഡി ധില്ലൻ. ഈ സംഘത്തിലെ രണ്ട് ഷൂട്ടർമാരെ ഡൽഹി പൊലീസിന്റെ സ്‌പെഷ്യൽ സെൽ അടുത്തിടെ പിടികൂടിയിരുന്നു.

അമിതാഭ് ബച്ചന്റെ വസതിയായ ‘ജൽസ’യ്ക്ക് നേരെ വെടിയുതിർക്കാൻ പദ്ധതിയിട്ടവരാണ് ഇവരെന്നായിരുന്നു സംശയം. ഇത് ശരിവയ്ക്കുന്ന തരത്തിലുള്ളതാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന സന്ദേശം. വികാസ് താക്കൂറിന്റെയും ദീപക് സിങ്ങിന്റെയും അറസ്റ്റ് തങ്ങളുടെ നീക്കങ്ങളെ ഒരു തരത്തിലും ബാധിക്കില്ലെന്ന് ഗോൾഡി ധില്ലൻ സന്ദേശത്തിൽ വ്യക്തമാക്കുന്നു. മുംബൈയിൽ തങ്ങളുടെ ഇരുനൂറോളം അനുയായികൾ സജീവമായി പ്രവർത്തിക്കുന്നുണ്ടെന്നും ഇയാൾ അവകാശപ്പെടുന്നു. എന്നാൽ, സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഈ സന്ദേശത്തിന്റെ ആധികാരികത പൊലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

1984-ലെ സിഖ് വിരുദ്ധ കലാപത്തെക്കുറിച്ചും ഗോൾഡി ധില്ലൻ തന്റെ പോസ്റ്റിൽ പരാമർശിച്ചിട്ടുണ്ട്. കലാപത്തിന് ഉത്തരവാദികളായവരോട് ഒരിക്കലും ക്ഷമിക്കില്ലെന്നും ലോകത്തിന്റെ ഏത് കോണിലായിരുന്നാലും സിഖ് സമുദായത്തിനെതിരെ പരാമർശം നടത്തുന്നവർ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും ഇതിൽ പറയുന്നു.

അമിതാഭ് ബച്ചന്റെ മുംബൈയിലെ വീടിന് നേരെ ബോംബ് ഭീഷണി ഉയർത്തുന്ന മൂന്ന് ഇ-മെയിലുകൾ കഴിഞ്ഞ ഒരു മാസത്തിനിടെ ലഭിച്ചിരുന്നു. ഇതേത്തുടർന്ന് വീടിന് ചുറ്റും സുരക്ഷ കർശനമാക്കിയതിന് പിന്നാലെയാണ് സോഷ്യൽ മീഡിയയിലൂടെ പുതിയ ഭീഷണി എത്തിയിരിക്കുന്നത്.

ഞായറാഴ്ച തോറും ആരാധകരെ കാണുന്നതിനായി അമിതാഭ് ബച്ചൻ വീടിന് പുറത്തേക്ക് വരാറുണ്ട്. നവംബർ ഒന്നിന് ബുള്ളറ്റ് പ്രൂഫ് ഗ്ലാസിനുള്ളിൽ നിന്നാണ് താരം ആരാധകരെ അഭിവാദ്യം ചെയ്തത്. ആളുകൾക്ക് വ്യക്തമായി കാണാവുന്ന തരത്തിൽ ചക്രങ്ങളുള്ള ഉയർന്ന പ്ലാറ്റ്‌ഫോമിലാണ് സാധാരണയായി അദ്ദേഹം എത്താറുള്ളത്. എന്നാൽ മൂന്ന് വശങ്ങളിലും ഗ്ലാസ് സ്ഥാപിച്ച സുരക്ഷാ സംവിധാനത്തിനുള്ളിലായിരുന്നു അന്നത്തെ താരസാന്നിധ്യം. പുതിയ വധഭീഷണിയുടെ പശ്ചാത്തലത്തിൽ ബച്ചൻ കുടുംബത്തിന്റെ സുരക്ഷാ ക്രമീകരണങ്ങൾ കൂടുതൽ ശക്തമാക്കിയിട്ടുണ്ട്.