അണ്ഡാശയങ്ങൾ സംരക്ഷിക്കാനായി നടത്തിയ ശസ്ത്രക്രിയയ്ക്കിടെ ഡോക്ടർക്കുണ്ടായ ഒരു നിമിഷത്തെ അശ്രദ്ധ മൂലം യുവതിയുടെ രണ്ട് അണ്ഡാശയങ്ങളും നീക്കം ചെയ്തു. ചൈനീസ് യൂണിവേഴ്സിറ്റി ഓഫ് ഹോങ്കോങ് മെഡിക്കൽ സെന്ററിലാണ് ഈ ദാരുണ സംഭവം ഉണ്ടായത്. ഡോക്ടറുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ പിഴവിൽ ആശുപത്രി അധികൃതർ ഖേദം പ്രകടിപ്പിച്ചതായി ഹോങ്കോങ് മാധ്യമമായ സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ സെപ്റ്റംബറിലാണ് ഈ വീഴ്ച സംഭവിച്ചത്. രോഗികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് നവംബർ 16-ന് പുറത്തുവിട്ട റിപ്പോർട്ടിലൂടെയാണ് വിവരം പുറത്തുവന്നത്. അണ്ഡാശയങ്ങൾ നീക്കം ചെയ്യാതെ സംരക്ഷിക്കണമെന്നായിരുന്നു ശസ്ത്രക്രിയയ്ക്ക് മുൻപ് നൽകിയ സമ്മതപത്രത്തിലും ചികിത്സാ രേഖകളിലും കൃത്യമായി വ്യക്തമാക്കിയിരുന്നത്.
എന്നാൽ, ശസ്ത്രക്രിയയ്ക്കിടെ ഡോക്ടർക്ക് സാഹചര്യത്തെക്കുറിച്ചുള്ള ശ്രദ്ധ താത്കാലികമായി നഷ്ടപ്പെടുന്ന അവസ്ഥയുണ്ടായെന്നാണ് ആശുപത്രി നൽകുന്ന വിശദീകരണം. ‘കോഗ്നിറ്റീവ് ലാപ്സ്’ എന്നാണ് ആശുപത്രി ഈ അവസ്ഥയെ വിശേഷിപ്പിച്ചത്. ശസ്ത്രക്രിയ പൂർത്തിയായ ശേഷം സാംപിളുകൾ ലാബ് പരിശോധനയ്ക്കായി മാറ്റുമ്പോഴാണ് രണ്ട് അണ്ഡാശയങ്ങളും നീക്കം ചെയ്ത വിവരം നഴ്സിന്റെ ശ്രദ്ധയിൽപ്പെട്ടത്.
നഴ്സ് ഉടൻ തന്നെ ഈ വിവരം ഡോക്ടറെ അറിയിക്കുകയായിരുന്നു. തെറ്റ് സമ്മതിച്ച ഡോക്ടർക്കെതിരെ അച്ചടക്ക നടപടി ഉണ്ടായേക്കും. ഡോക്ടർ യുവതിയോടും കുടുംബത്തോടും നേരിട്ട് മാപ്പ് പറഞ്ഞതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം യുവതിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ഡോക്ടറുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ച മാത്രമാണ് ഇതിന് കാരണമെന്നും ആശുപത്രിയിലെ മറ്റ് സൗകര്യങ്ങളിലോ ഉപകരണങ്ങളിലോ ജീവനക്കാരുടെ ഭാഗത്തോ യാതൊരു പിഴവുകളും ഉണ്ടായിട്ടില്ലെന്നും അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.




