Featured Spotlight

വിഗ്രഹ മോഷണം; പ്രതികളെ കുടുക്കാതെ ശബരിമല നട ചവിട്ടില്ലെന്ന്‌ എസ്‌.ഐ., 16 ദിവസത്തിനകം പ്രതികള്‍ വലയില്‍

ഉപ്പുതറ: ക്ഷേത്രമോഷ്ടാക്കളെ പിടികൂടിയ ശേഷമേ ശബരിമലയ്ക്ക് പോകൂ എന്ന ഉപ്പുതറ എസ്.ഐ ബേബി ബിജുവിന്റെ ദൃഢനിശ്ചയം ഫലം കണ്ടു. കവർച്ചയ്ക്ക് ശേഷം തമിഴ്‌നാട്ടിലേക്ക് കടന്ന സംഘത്തെയാണ് പോലീസ് പിടികൂടിയത്. പ്രതികളെ കുടുക്കിയ ശേഷമേ മല ചവിട്ടൂ എന്ന എസ്.ഐയുടെ പ്രതിജ്ഞയാണ് അന്വേഷണം വേഗത്തിലാക്കിയത്. ചപ്പാത്ത് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ മോഷണം നടന്ന് 16 ദിവസത്തിനുള്ളിൽ തന്നെ പ്രതികളെ പിടികൂടാനായത് കൃത്യമായ അന്വേഷണത്തിലൂടെയും അയ്യപ്പന്റെ അനുഗ്രഹത്താലുമാണ്.

പ്രതിജ്ഞ നിറവേറിയതോടെ ഇനി എസ്.ഐക്ക് ശബരിമലയ്ക്ക് പോകാം. ക്ഷേത്രത്തിൽ മോഷണം നടന്ന വിവരമറിഞ്ഞ ഉടൻ തന്നെ ഉപ്പുതറ എസ്.ഐ ബേബി ബിജുവും സംഘവും സ്ഥലത്തെത്തി അന്വേഷണം തുടങ്ങിയിരുന്നു. ബേബി ബിജു ഉൾപ്പെട്ട ഷാഡോ പോലീസിനായിരുന്നു അന്വേഷണ ചുമതല.

അന്വേഷണം പുരോഗമിക്കുന്നതിനിടെ വൃശ്ചികം പിറന്നു. മാലയിട്ടപ്പോൾ ഇരുമുടിക്കെട്ട് നിറയ്ക്കുന്നതിന് മുൻപ് പ്രതികളെ കിട്ടണമേ എന്ന പ്രാർത്ഥനയും, അവരെ പിടികൂടിയ ശേഷമേ മല ചവിട്ടൂ എന്ന പ്രതിജ്ഞയും അയ്യപ്പഭക്തനായ ബേബി ബിജു എടുത്തു. ആ പ്രതിജ്ഞയാണിപ്പോൾ സഫലമായത്. വാഗമൺ സി.ഐ വി. ജയകുമാറിന്റെ നേതൃത്വത്തിലുള്ള ഷാഡോ പോലീസ് രാപ്പകൽ നടത്തിയ അന്വേഷണമാണ് പ്രതികളിലേക്ക് എത്തിയത്. തമിഴ്‌നാട്ടിലെ ഉശിലംപെട്ടിയിൽ നിന്നാണ് ഇവരെ പിടികൂടിയത്. തമിഴ്‌നാട് ചുരുളിക്ക് സമീപം കെ.എം പെട്ടി, കെ.ജി പെട്ടി സ്വദേശികളായ ഈശ്വർ, ചന്ദ്രൻ എന്നിവരാണ് അറസ്റ്റിലായത്.

തമിഴ്‌നാട്ടിലെ ഒളിത്താവളത്തിൽ നിന്നും ഷാഡോ പോലീസ് സാഹസികമായാണ് പ്രതികളെ പിടികൂടി ഉപ്പുതറയിൽ എത്തിച്ചത്. മോഷ്ടിക്കപ്പെട്ട വിഗ്രഹം പരപ്പ് വരയാത്ത് നാരായണൻ എന്നയാളുടെ കിണറ്റിൽ നിന്നും കണ്ടെടുത്തു. കഴിഞ്ഞ മൂന്നിന് രാത്രിയിലാണ് ചപ്പാത്ത് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ മോഷണം നടന്നത്. ചെറിയ വിഗ്രഹവും രണ്ട് താലിയും കുറച്ച് പണവുമാണ് നഷ്ടപ്പെട്ടിരുന്നത്. മുൻപ് പീരുമേട് താലൂക്കിലെ വിവിധ സ്ഥലങ്ങളിൽ ജോലി ചെയ്തിരുന്നവരാണ് പ്രതികൾ.

മോഷണം നടന്ന രാത്രി ബൈക്കിലെത്തിയ രണ്ട് തമിഴ്‌നാട് സ്വദേശികളെ ചപ്പാത്തിൽ കണ്ടവരുണ്ടായിരുന്നു. നാട്ടുകാർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രതികളുടെ രേഖാചിത്രം തയ്യാറാക്കി പോലീസ് അന്വേഷണം മുന്നോട്ട് കൊണ്ടുപോകുകയായിരുന്നു. കസ്റ്റഡിയിലെടുത്ത പ്രതികൾ കുറ്റം സമ്മതിക്കുകയും വിഗ്രഹം പരപ്പിലെ സ്വകാര്യ വ്യക്തിയുടെ കിണറ്റിൽ ഉപേക്ഷിച്ചതായി മൊഴി നൽകുകയും ചെയ്തു.

40 അടി താഴ്ചയും പത്തടി വെള്ളവുമുള്ള കിണറ്റിൽ ഇറങ്ങി അതിസാഹസികമായാണ് വിഗ്രഹം പുറത്തെടുത്തത്. ഉപ്പുതറ സ്വദേശി രവി, ചപ്പാത്ത് സ്വദേശി മനീഷ് എന്നിവർ വടം കെട്ടി കിണറ്റിലിറങ്ങിയാണ് വിഗ്രഹം കണ്ടെടുത്തത്. വിഗ്രഹത്തിന്റെ പ്രഭ ഒടിഞ്ഞ നിലയിലായിരുന്നു. പ്രതികൾ സഞ്ചരിച്ച ബൈക്ക് കമ്പത്തു നിന്നും കണ്ടെടുക്കാൻ പോലീസ് നടപടി തുടങ്ങിയിട്ടുണ്ട്. ഇവർ മറ്റ് മോഷണ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. ക്ഷേത്രത്തിലെ തെളിവെടുപ്പിന് ശേഷം നടപടികൾ പൂർത്തിയാക്കി പ്രതികളെ കോടതിയിൽ ഹാജരാക്കും.

വാഗമൺ സി.ഐ വി. ജയകുമാർ, ഉപ്പുതറ എസ്.ഐ ബേബി ബിജു, സബ് ഇൻസ്പെക്ടർ എസ്. സുബൈർ, സീനിയർ സിവിൽ പോലീസ് ഓഫീസർ സലീൽ രവി, സിവിൽ പോലീസ് ഓഫീസർമാരായ അങ്കു കൃഷ്ണൻ, മിഥുൻ പി. സോമൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.