ജീവനൊടുക്കിയ അമ്മയെ ഉണർത്താൻ ഒരു രാത്രി മുഴുവൻ ശ്രമിച്ച മൂന്നുവയസ്സുകാരനെ അബോധാവസ്ഥയിൽ കണ്ടെത്തി. ആന്ധ്രാപ്രദേശിലെ കർണൂലിലാണ് ഈ ദാരുണ സംഭവം നടന്നത്. 30 വയസ്സുകാരിയായ അമ്മ മുറിയിലെ ഫാനിൽ തൂങ്ങിമരിക്കുകയായിരുന്നു. രാത്രി മുഴുവൻ അമ്മയുടെ മൃതദേഹത്തിനരികിലിരുന്ന് കരഞ്ഞുതളർന്ന കുഞ്ഞ് ഒടുവിൽ തറയിൽ ബോധരഹിതനായി വീഴുകയായിരുന്നു. അയൽവാസികൾ വിവരമറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ പൊലീസ്, അമ്മയുടെ കാലുകൾക്ക് താഴെയുണ്ടായിരുന്ന സ്റ്റൂളിനോട് ചേർന്ന് കിടക്കുന്ന നിലയിലാണ് കുഞ്ഞിനെ കണ്ടെത്തിയത്. അഡോണി സ്വദേശിനിയായ സ്വാതിയാണ് മരിച്ചത്.
കണ്ടുനിൽക്കുന്നവരുടെ മനസ്സ് തകർക്കുന്ന കാഴ്ചയായിരുന്നു അത്. ചലനമറ്റ അമ്മയുടെ കാലുകളിൽ പിടിച്ചും ഉമ്മവെച്ചും കരഞ്ഞും ആ പിഞ്ചുകുഞ്ഞ് രാത്രി മുഴുവൻ അവിടെത്തന്നെ നിന്നു. അമ്മയുടെ ഭാഗത്തുനിന്ന് പ്രതികരണമൊന്നും ഉണ്ടാകാതായതോടെ കുഞ്ഞിന്റെ മനസ്സും ശരീരവും ഒരുപോലെ തളർന്നുപോയി. നേരം പുലർന്നിട്ടും സ്വാതിയെ പുറത്തേക്ക് കാണാതായതോടെയാണ് അയൽക്കാർ പൊലീസിൽ വിവരമറിയിച്ചത്. തുടർന്ന് കർണൂൽ സെക്കൻഡ് ടൗൺ പൊലീസ് സ്ഥലത്തെത്തി അപ്പാർട്ട്മെന്റിന്റെ വാതിൽ പൊളിച്ച് അകത്തുകയറുകയായിരുന്നു.
വെങ്കടരമണ കോളനിയിലെ അപ്പാർട്ട്മെന്റിലാണ് ഇവർ താമസിച്ചിരുന്നത്. അമ്മ കലാവതിക്കും മൂന്നുവയസ്സുകാരനായ മകൻ ശ്രിയാനുമൊപ്പമായിരുന്നു സ്വാതിയുടെ താമസം. നാല് വർഷം മുൻപായിരുന്നു ഹൈദരാബാദ് സ്വദേശിയായ ഗണേഷുമായുള്ള സ്വാതിയുടെ വിവാഹം. എന്നാൽ കുടുംബപ്രശ്നങ്ങൾ കാരണം കഴിഞ്ഞ ഒരു വർഷമായി ഇരുവരും വേർപിരിഞ്ഞാണ് താമസിച്ചിരുന്നത്. മൂന്ന് ദിവസം മുൻപ് ഇളയമകളെ കാണാനായി സ്വാതിയുടെ അമ്മ ഹൈദരാബാദിലേക്ക് പോയിരുന്നു.
ഒറ്റയ്ക്കുള്ള ജീവിതം കാരണം സ്വാതി കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. മരിക്കുന്നതിന് മുൻപുള്ള രാത്രിയിൽ അയൽവാസികളുമായി സ്വാതി സംസാരിച്ചിരുന്നു. കൂടാതെ അമ്മയുമായി ഫോണിൽ വിളിച്ച് വിശേഷങ്ങൾ പങ്കുവെക്കുകയും ചെയ്തിരുന്നു. അബോധാവസ്ഥയിൽ കണ്ടെത്തിയ കുഞ്ഞിന് പൊലീസെത്തിയ ഉടൻ പ്രാഥമിക ചികിത്സ നൽകി. വിവരമറിഞ്ഞ് സ്വാതിയുടെ അമ്മയും ഹൈദരാബാദിൽ നിന്ന് തിരിച്ചെത്തിയിട്ടുണ്ട്. ഒരു രാത്രി മുഴുവൻ അമ്മയുടെ മൃതദേഹത്തിനരികിൽ കഴിയേണ്ടിവന്ന കുഞ്ഞിന്റെ അവസ്ഥയറിഞ്ഞ ഞെട്ടലിലാണ് നാട്ടുകാരും ബന്ധുക്കളും.




