അലാസ്കയിലെ ആങ്കറേജിലുള്ള ആകാശത്ത് പ്രത്യക്ഷപ്പെട്ട ജെല്ലിഫിഷിന് സമാനമായ പറക്കുന്ന വസ്തുവിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൻതോതിൽ പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ ജൂണിൽ പ്രദേശത്ത് തെളിഞ്ഞ മഴവില്ലിന്റെ ചിത്രങ്ങൾ പകർത്തുന്നതിനിടെയാണ് സാറ ജെയ്ൻ ഓസ്ബോൺ എന്ന സ്ത്രീ ഈ ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തിയത്. ഇതൊരു അജ്ഞാത പറക്കും വസ്തുവാണെന്ന് (UFO) ചിലർ അവകാശപ്പെടുമ്പോൾ, പ്രദേശത്ത് സർവ്വസാധാരണമായി കാണാറുള്ള ഒരുതരം പട്ടമാണിതെന്നാണ് മറ്റുചിലരുടെ വാദം.
യു.എസ് സൈനിക കേന്ദ്രമായ ജോയിന്റ് ബേസ് എൽമൻഡോർഫ്-റിച്ച്മണ്ട് സ്ഥിതി ചെയ്യുന്ന ദിശയിലേക്കാണ് ഈ വസ്തു സഞ്ചരിച്ചിരുന്നത് എന്നതാണ് വീഡിയോ വൈറലാകാൻ പ്രധാന കാരണം. എന്നാൽ ഈ വിഷയത്തിൽ സൈനിക കേന്ദ്രത്തിന്റെ ഇടപെടൽ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
ആങ്കറേജിലെ സിക്സ്ത് അവന്യൂവിലൂടെ ഭർത്താവിനൊപ്പം കാറിൽ യാത്ര ചെയ്യുമ്പോഴാണ് സാറ മഴവില്ലിന്റെ പടങ്ങൾ പകർത്തിയത്. അതിനിടയിലാണ് ആകാശത്ത് കറുപ്പും വെള്ളി നിറത്തിലുമുള്ള വിചിത്രമായ ഈ വസ്തു ശ്രദ്ധയിൽപ്പെട്ടത്. ഒരു കൊതുകാണെന്ന് ആദ്യം കരുതിയെങ്കിലും ഫോണിന് പുറത്തേക്ക് നോക്കിയപ്പോഴാണ് അത് വളരെ ദൂരെയാണെന്ന് മനസ്സിലായത്. നീരാളിയുടെ കൈകൾ പോലെയുള്ള ഭാഗങ്ങൾ സ്വയം ചലിക്കുന്നുണ്ടായിരുന്നു എന്നും സാറ അവകാശപ്പെടുന്നു.
വീഡിയോ പ്രചരിച്ചതോടെ എക്സ് (ട്വിറ്റർ) പ്ലാറ്റ്ഫോമിൽ വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്. ഇത് ജീവിയോ യു.എഫ്.ഓയോ അല്ലെന്നും വെറുമൊരു പട്ടം മാത്രമാണെന്നുമാണ് ഭൂരിഭാഗം ആളുകളുടെയും അഭിപ്രായം. താൻ മുൻപും ഇത്തരത്തിലുള്ള പട്ടം കണ്ടിട്ടുണ്ടെന്നും, കറുപ്പും തവിട്ടും നിറം നൽകിയ പട്ടമായിരിക്കാം ഇതെന്നും ചില ഉപയോക്താക്കൾ കുറിച്ചു.
അതേസമയം, ഇതൊരു എ.ഐ നിർമ്മിത വീഡിയോയാണെന്ന വാദം സാറ തള്ളിക്കളഞ്ഞു. മറ്റൊരു ലോകത്ത് നിന്ന് നമ്മളെ കാണാനെത്തിയ ജീവിയാണിതെന്നും, കാടിന് മുകളിലൂടെ പട്ടം പറത്താൻ എങ്ങനെ സാധിക്കുമെന്നും ചോദിച്ച് കൊണ്ട് മറ്റ് ചിലരും രംഗത്തെത്തിയിട്ടുണ്ട്. ഇതിനൊരു വ്യക്തത വന്നിട്ടില്ലെങ്കിലും സോഷ്യൽ മീഡിയയിൽ ചർച്ചകൾ സജീവമായി തുടരുകയാണ്.




