Travel

ബോയിംഗ് 737 വിമാനം വാങ്ങി മണ്ണിൽ കുഴിച്ചിട്ടു! ഭൂമിക്കടിയിൽ അടിപൊളി പാർട്ടി ഹാൾ ഒരുക്കി യുകെ സ്വദേശിയുടെ വൻ സർപ്രൈസ്

സോഷ്യൽ മീഡിയ വഴി 4,000 പൗണ്ടിന് (ഏകദേശം 5 ലക്ഷം രൂപ) വാങ്ങിയ ബോയിംഗ് 737 വിമാനം സ്വന്തം വീട്ടുപറമ്പിൽ കുഴിച്ചിട്ട് യുകെയിലെ ഒരു എഞ്ചിനീയർ. ഡെർബിഷെയറിൽ താമസിക്കുന്ന 45-കാരനായ ഡേവ് ബില്ലിംഗ്സ് ആണ് പഴയ ബോയിംഗ് 737-500 വിമാനത്തിന്റെ 3 ടൺ ഭാരമുള്ള മുൻഭാഗം ( fuselage ) സ്വന്തം തോട്ടത്തിൽ കുഴിച്ചിട്ടത്. വിമാനം ഉപേക്ഷിക്കപ്പെട്ട നിലയിൽ നശിച്ചുപോകുന്നതിന് പകരം 14 അടി ആഴത്തിൽ കുഴിയെടുത്ത് അതിലേക്ക് താഴ്ത്തുകയായിരുന്നു.

വിനോദങ്ങൾക്കായുള്ള ഒരിടമായിട്ടാണ് ഇത് നിർമ്മിക്കുന്നതെങ്കിലും, മൂന്നാം ലോകമഹായുദ്ധം ഉണ്ടായാൽ തന്റെ കുടുംബത്തിന് മാസങ്ങളോളം സുരക്ഷിതമായി കഴിയാൻ ഇത് ഉപകരിക്കുമെന്ന് ബില്ലിംഗ്സ് പറഞ്ഞു. ഫേസ്ബുക്ക് മാർക്കറ്റ് പ്ലേസിൽ വിമാനത്തിന്റെ ഈ ഭാഗം വിൽപ്പനയ്ക്കുവെച്ചത് കണ്ടപ്പോഴാണ് പദ്ധതിയുടെ തുടക്കം. വിമാനങ്ങളിൽ ഏറെ താല്പര്യമുള്ള മകനാണ് ഇത് വാങ്ങാൻ അദ്ദേഹത്തിന് പ്രചോദനമായത്. തുടർന്ന് സുഹൃത്തുക്കളുടെ സഹായത്തോടെ വിമാനം വാങ്ങുകയായിരുന്നു. എന്നാൽ തുടക്കത്തിൽ അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് ഈ പദ്ധതിയോട് താല്പര്യം ഉണ്ടായിരുന്നില്ല.

പല മാധ്യമങ്ങളും ഇതിനെ ‘ആറ്റോമിക് ബങ്കർ’ (Doomsday bunker) എന്ന് വിശേഷിപ്പിച്ചെങ്കിലും, പാർട്ടികൾ നടത്തുന്നതിനും വിശ്രമിക്കുന്നതിനുമുള്ള ഒരു വിനോദ ഇടമായാണ് താൻ ഇത് കാണുന്നതെന്ന് ബില്ലിംഗ്സ് വ്യക്തമാക്കി. കോൺക്രീറ്റും മണ്ണും ഉപയോഗിച്ച് പൂർണ്ണമായി മൂടുന്നതിനാൽ ഭൂഗർഭനിരപ്പിൽ നിന്ന് രണ്ടര അടി താഴെയായിരിക്കും ഈ വിമാനം ഉണ്ടാകുക.

വൈദ്യുതിയും ശുദ്ധജല ലഭ്യതയും ഉറപ്പാക്കുന്നതിനൊപ്പം സോളാർ പാനലുകളും ബോർവെൽ സൗകര്യവും ഇവിടെ ഒരുക്കുന്നുണ്ട്. വിമാനത്തിലെ ശൗചാലയം സെപ്റ്റിക് ടാങ്കുമായി ബന്ധിപ്പിച്ച് ഉപയോഗയോഗ്യമാക്കും. കൂടാതെ പ്രത്യേക വായുസഞ്ചാര സംവിധാനവും ഇതിൽ ഉൾപ്പെടുത്തും. ആവശ്യത്തിന് ഭക്ഷണവും കരുതിയാൽ ദീർഘകാലം ഇവിടെ സുരക്ഷിതമായി കഴിയാൻ സാധിക്കുമെന്നാണ് അദ്ദേഹം പറയുന്നത്.