അസ്സമിലുണ്ടായ ട്രെയിൻ അപകടത്തിന് തൊട്ടുമുമ്പ് ലോക്കോ പൈലറ്റ് കാബിനുള്ളിൽ നിന്ന് പകർത്തിയതെന്ന് പറയപ്പെടുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. ട്രെയിനിന്റെ നിയന്ത്രണം വീണ്ടെടുക്കാൻ ലോക്കോ പൈലറ്റ് പരമാവധി ശ്രമിക്കുന്നത് വീഡിയോയിൽ കാണാം. ട്രെയിൻ നിർത്താനായി അദ്ദേഹം ലിവറുകൾ വലിക്കുകയും മറ്റ് നിയന്ത്രണ സംവിധാനങ്ങൾ ഉപയോഗിക്കാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. ഇതിനിടയിൽ “ഒന്നും പ്രവർത്തിക്കുന്നില്ല” എന്ന് വീഡിയോ ചിത്രീകരിക്കുന്നയാൾ പറയുന്നത് കേൾക്കാം.
എഞ്ചിൻ നിർത്താനുള്ള പൈലറ്റിന്റെ തീവ്രശ്രമങ്ങൾ പരാജയപ്പെടുകയും തുടർന്ന് വലിയ ശബ്ദത്തോടെ എഞ്ചിൻ സ്റ്റോപ്പ് ബാറിൽ ഇടിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ട്രെയിനും കോച്ചുകളും ശക്തമായി കുലുങ്ങിയാണ് നിന്നത്. എന്നാൽ ഈ വീഡിയോ ദൃശ്യങ്ങളുടെ വിശ്വസനീയത ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
ബുധനാഴ്ച രാവിലെ 6:54-നാണ് അസ്സമിലെ കാമ്രൂപ് (മെട്രോ) ജില്ലയിലെ ദിഗാരു റെയിൽവേ സ്റ്റേഷനിൽ കൊൽക്കത്ത-സൈരംഗ് എക്സ്പ്രസിന്റെ എഞ്ചിനും അഞ്ച് കോച്ചുകളും പാളം തെറ്റിയത്. മറ്റൊരു ട്രെയിനിന് കടന്നുപോകാൻ വഴി ഒരുക്കുന്നതിനായി സ്റ്റേഷനിലേക്ക് പ്രവേശിപ്പിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
ട്രെയിനിന്റെ വേഗത നിയന്ത്രിക്കുന്നതിൽ ലോക്കോ പൈലറ്റിന് വന്ന വീഴ്ചയാണ് അപകടത്തിന് കാരണമായതെന്ന് നോർത്ത് ഈസ്റ്റ് ഫ്രണ്ടിയർ റെയിൽവേ പ്രസ്താവനയിൽ വ്യക്തമാക്കി. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും റെയിൽവേ അധികൃതർ സ്ഥിരീകരിച്ചു. യാത്രക്കാരെ ലക്ഷ്യസ്ഥാനങ്ങളിൽ എത്തിക്കാൻ ബദൽ ട്രെയിൻ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. അപകടത്തെത്തുടർന്ന് മുതിർന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനവും പുനരുദ്ധാരണ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്.




