Spotlight

KSRTC ബസ് അപകടം; ഡ്രൈവറും കണ്ടക്ടറും മരിച്ചത് വില്ലനായത് വഴിയിലെ മുട്ടയേറ് മൂലമോ? ദുരൂഹത

ബെംഗളൂരു ബിഡതിയിൽ കെഎസ്ആർടിസി ബസ് മറിഞ്ഞ് ഡ്രൈവറും കണ്ടക്ടറും മരിച്ച സംഭവത്തിൽ ദുരൂഹതയുണരുന്നു. ബസിന് നേരെ അജ്ഞാതർ മുട്ട എറിഞ്ഞതിനെ തുടർന്ന് നിയന്ത്രണം വിട്ടാണോ അപകടം സംഭവിച്ചതെന്ന സംശയത്തിലാണ് അധികൃതർ. വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്താൻ ഗതാഗത മന്ത്രി നിർദേശം നൽകിയിട്ടുണ്ട്.

കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിൽ ബസ് അമിതവേഗത്തിലായിരുന്നുവെന്ന് കെഎസ്ആർടിസിയുടെ പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിരുന്നു. എന്നാൽ, ഡ്രൈവർക്ക് കൃത്യമായി ആവശ്യത്തിന് വിശ്രമം ലഭിച്ചിരുന്നുവെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

അതേസമയം, ഇന്നലെ രാത്രി ഇതേ സ്ഥലത്തിന് സമീപത്തുവെച്ച് കേരളത്തിൽ നിന്ന് ബെംഗളൂരുവിലേക്ക് പോയ മറ്റൊരു കെഎസ്ആർടിസി ബസിന് നേരെയും മുട്ടയേറുണ്ടായതോടെയാണ് പുതിയ സംശയങ്ങൾക്ക് ബലമേറുന്നത്.

ആദ്യത്തെ മുട്ട പതിച്ച ഉടൻ തന്നെ ഡ്രൈവർ സമയോചിതമായി വണ്ടിയുടെ വേഗത കുറച്ചിരുന്നു. തുടർന്ന് കൂടുതൽ മുട്ടകൾ ബസിന്റെ പ്രധാന ചില്ലിൽ പതിച്ചെങ്കിലും, വൈപ്പർ പ്രവർത്തിപ്പിക്കാതിരുന്നതിനാൽ കാഴ്ച മറയാതെ വലിയൊരു ദുരന്തം ഒഴിവാക്കുകയായിരുന്നുവെന്ന് ഡ്രൈവറുടെ ശബ്ദസന്ദേശത്തിൽ പറയുന്നു. എക്സ്പ്രസ് വേയിൽ ഉയർന്ന വേഗത്തിലായിരുന്നിട്ടും ബസ് സുരക്ഷിതമായി റോഡരികിലേക്ക് ഒതുക്കിനിർത്താൻ ഡ്രൈവർക്ക് സാധിച്ചു.

ഈ ശബ്ദസന്ദേശം കെഎസ്ആർടിസി ഉന്നത ഉദ്യോഗസ്ഥർക്ക് ലഭിച്ചതിനെ തുടർന്നാണ് മുൻപത്തെ അപകടത്തിലും മുട്ടയേറുണ്ടായിട്ടുണ്ടോ എന്ന വശം കൂടി ഉൾപ്പെടുത്തി വിശദമായ അന്വേഷണം നടത്താൻ തീരുമാനിച്ചത്.