അമേരിക്കയിലെ മസാച്ചുസെറ്റ്സിൽ ഇന്ത്യൻ വംശജനായ കൗമാരക്കാരൻ അമ്മയെയും അനിയനെയും കൊലപ്പെടുത്തി. ആക്ടണിൽ താമസിക്കുന്ന അർജുൻ അരവിന്ദ് (17) ആണ് ഇരട്ടക്കൊലപാതക കേസിൽ അറസ്റ്റിലായത്. അമ്മ സുധ വെങ്കിടേശൻ (45), അനിയൻ സിദ്ധാർഥ് അരവിന്ദ് (14) എന്നിവരാണ് കൊല്ലപ്പെട്ടത്.
ചൊവ്വാഴ്ച രാവിലെ വീട്ടിലെത്തിയ ട്യൂട്ടർ വാതിൽ തുറക്കാത്തതിനെ തുടർന്ന് അർജുന്റെ അച്ഛനെ വിവരമറിയിക്കുകയും തുടർന്ന് പൊലീസെത്തി നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. സുധയുടെ മൃതദേഹം വീടിന്റെ താഴത്തെ നിലയിലും സിദ്ധാർഥിന്റേത് മുകളിലത്തെ നിലയിലുമായിരുന്നു. അതിക്രൂരമായാണ് ഇരുവരും കൊല്ലപ്പെട്ടതെന്നും ആക്രമണത്തിന് ഉപയോഗിച്ച ആയുധങ്ങൾക്കായി തിരച്ചിൽ തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി.
കൃത്യത്തിന് ശേഷം അമ്മയുടെ കാറിൽ രക്ഷപ്പെട്ട അർജുനെ ബുധനാഴ്ച പുലർച്ചെ വെയ്ലൻഡിലെ ഒരു പാർക്കിംഗ് സ്ഥലത്തുനിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ആക്ടൻ ബോക്സ്ബറോ റീജനൽ ഹൈസ്കൂൾ വിദ്യാർത്ഥിയാണ് അർജുൻ.
അടുത്തകാലത്തായി അർജുന്റെ സ്വഭാവത്തിൽ മാറ്റങ്ങളുണ്ടായിരുന്നതായി പൊലീസിന് സൂചന ലഭിച്ചു. എഐ സഹായത്തോടെ ഗോഥിക് കഥകൾ നിർമ്മിച്ചിരുന്ന ഇയാൾ, കൊലപാതകം ആസൂത്രണം ചെയ്യാൻ ചാറ്റ് ജിപിടിയുടെ സഹായം തേടിയിരുന്നതായും സെർച്ച് ഹിസ്റ്ററി പരിശോധിച്ചതിൽ നിന്ന് വ്യക്തമായിട്ടുണ്ട്.




