വാഷിംഗ്ടൺ: ചിക്കാഗോയിലെ ഇല്ലിനോയിയിലുള്ള ടാക്കോ ബെല്ലിലെ 19-കാരനായ കാഷ്യർ കൂട്ടക്കൊലയ്ക്ക് ലക്ഷ്യമിട്ട കഴിഞ്ഞ ഞായറാഴ്ച “ഒരു പ്രത്യേക ദിവസം” ആണെന്നാണ് സഹപ്രവർത്തകരോട് പറഞ്ഞത്. അലക്സാണ്ട്രോസ് പാപോരാക്കിസ് എന്ന ഈ യുവാവ്, ഇന്ത്യക്കാരെ ലക്ഷ്യമിട്ട് ആക്രമണം നടത്താനുള്ള പദ്ധതി വിവരിക്കുന്ന രേഖയും ആയുധ സാമഗ്രികളുടെ ചിത്രങ്ങളും പങ്കുവെക്കുകയായിരുന്നു. ഇയാൾ തയാറാക്കിയ രേഖയിൽ ഇന്ത്യക്കാരടക്കമുള്ള വിദേശികളെക്കുറിച്ച് അപകീർത്തികരമായ പരാമർശങ്ങളാണ് ഉള്ളത്.
എട്ട് പേജുള്ള രേഖയിൽ, ജോലിസ്ഥലത്ത് താൻ വംശീയ മേധാവിത്വം ആഗ്രഹിക്കുന്നവനാണെന്ന് പാപോരാക്കിസ് തുറന്നു പറയുകയും ഇന്ത്യൻ വംശജരായ ആളുകളെ ആക്രമിക്കാൻ കാത്തിരിക്കാനാവില്ല എന്ന് സഹപ്രവർത്തകരോട് പറയുകയും ചെയ്തതായി കുക്ക് കൗണ്ടി സ്റ്റേറ്റ്സ് അറ്റോർണി ഓഫീസിലെ പ്രോസിക്യൂട്ടർമാർ വ്യക്തമാക്കി.
ഇയാളുടെ സഹപ്രവർത്തകരിലൊരാൾ പോലീസിൽ വിവരമറിയിച്ചതിനെത്തുടർന്നാണ് വൻ ദുരന്തം ഒഴിവായത്. ഞായറാഴ്ച ഉച്ചകഴിഞ്ഞ് പാപോരാക്കിസ് വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ മൗണ്ട് പ്രോസ്പെക്ട്, പാലറ്റൈൻ പോലീസ് ഡിപ്പാർട്ട്മെന്റുകൾ സംയുക്തമായി ഇയാളെ കണ്ടെത്തുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. പാലറ്റൈനിൽ നിന്ന് 40 മൈൽ (65 കിലോമീറ്റർ) തെക്കുപടിഞ്ഞാറുള്ള ഓറോറയിലെ ഒരു ഹിന്ദു ക്ഷേത്രത്തിൽ ആക്രമണം നടത്താൻ ഇയാൾ പദ്ധതിയിട്ടിരുന്ന ദിവസമായിരുന്നു അതെന്നാണ് ഡിറ്റക്ടീവുകൾ വിശ്വസിക്കുന്നത്.
ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ ഒരു റൈഫിളും, നിറച്ച ഒന്നിലധികം റൈഫിൾ മാഗസിനുകളും, നൂറുകണക്കിന് റൈഫിൾ വെടിയുണ്ടകളും പോലീസ് കണ്ടെടുത്തു. കണ്ടെടുത്ത വസ്തുക്കളിൽ ബോഡി ആർമറും തീവ്രവാദപരമായ ചിത്രങ്ങളുള്ള ഒരു പാച്ചും അടങ്ങിയ ടാക്റ്റിക്കൽ വെസ്റ്റും ഉണ്ടായിരുന്നുവെന്ന് പാലറ്റൈൻ പോലീസ് അറിയിച്ചു.
ഇലക്ട്രോണിക് സന്ദേശങ്ങളും പാപോരാക്കിന്റേതെന്ന് പറയപ്പെടുന്ന രേഖയും ഡിറ്റക്ടീവുകൾ പരിശോധിച്ചു. അസോസിയേറ്റഡ് പ്രസ്സിന് ലഭിച്ച കോടതി രേഖകൾ പ്രകാരം, വിവിധ വംശജരെ അധിക്ഷേപിക്കുന്ന പരാമർശങ്ങൾ അടങ്ങിയ ഈ രേഖയിൽ പരമാവധി ആളുകളെ ആക്രമിക്കാനുള്ള പദ്ധതി വ്യക്തമാക്കിയിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.




