Oddly News

മരിച്ചെന്ന് കരുതി, ശവപ്പെട്ടിക്കുള്ളിൽ നിന്ന് ജീവനോടെ എഴുന്നേറ്റ് 15-കാരി! ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

മരിച്ചെന്നു കരുതി ശവപ്പെട്ടിയിലാക്കിയ പതിനഞ്ചുകാരി ചടങ്ങുകൾക്കിടെ ജീവനോടെ എഴുന്നേറ്റു. കടുത്ത നെഞ്ചുവേദനയെത്തുടർന്ന് യൂലെയ്ഡി എന്ന പെൺകുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ കുട്ടിയുടെ ചലനം നിലയ്ക്കുകയായിരുന്നു. ഹൃദയമിടിപ്പ് നിലച്ചെന്ന് തോന്നി പിതാവ് പെൺകുട്ടിയെ വീട്ടിലെത്തിച്ച് സംസ്കാര ചടങ്ങുകൾക്കായി ശവപ്പെട്ടിക്കുള്ളിലാക്കി.

എന്നാൽ ചടങ്ങിനിടെ ശവപ്പെട്ടിയിൽ നിന്ന് ശബ്ദം കേട്ട് മൂടി തുറന്നപ്പോൾ പെൺകുട്ടി ജീവനോടെ എഴുന്നേൽക്കുകയായിരുന്നു. ഗ്വാട്ടിമാലയിലെ ഈ സംഭവം അത്ഭുതമാണെന്ന് പറഞ്ഞ് ഒട്ടേറെപ്പേർ ദൈവത്തെ സ്തുതിക്കുന്ന വീഡിയോ വൈറലായി.

അതേസമയം, വീഡിയോയെയും കുടുംബത്തിന്റെ നടപടിയെയും വിമർശിച്ച് നിരവധി ആളുകൾ രംഗത്തെത്തിയിട്ടുണ്ട്. ഒരാളുടെ മരണം സ്ഥിരീകരിക്കേണ്ടത് ഡോക്ടർമാരായിരിക്കെ, ശാസ്ത്രീയ അടിത്തറയൊന്നുമില്ലാതെ സംസ്കാരത്തിന് തിടുക്കം കൂട്ടിയതിനെ ഇവർ ചോദ്യം ചെയ്യുന്നു.

കൂടാതെ, മരിച്ച ആളുകളെ ധരിപ്പിക്കുന്ന വസ്ത്രമല്ല വീഡിയോയിലുള്ള കുട്ടിക്കുള്ളത് എന്നതിനാൽ ഇത് ഏതെങ്കിലും തരത്തിലുള്ള പ്രാങ്ക് (prank) ആണോ എന്നും സംഭവത്തിന്റെ സത്യാവസ്ഥയിൽ സംശയമുണ്ടെന്നും ഇവർ വ്യക്തമാക്കുന്നു.