ബെംഗളൂരുവിലെ ഒരു യാത്രക്കാരനും ക്യാബ് ഡ്രൈവറും തമ്മിലുണ്ടായ സാധാരണ സംഭാഷണം വരുമാനം, ഒന്നിലധികം വരുമാന മാർഗ്ഗങ്ങൾ, ടാക്സി ബിസിനസ്സ് എന്നിവയെക്കുറിച്ച് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ്. മജസ്റ്റിക്കിലേക്കുള്ള ഒരു പതിവ് യാത്രയ്ക്കിടെ ഡ്രൈവറുടെ പ്രതിദിന വരുമാനത്തെക്കുറിച്ചും അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള കാറുകളെക്കുറിച്ചുമുള്ള അപ്രതീക്ഷിത വിവരങ്ങളാണ് പുറത്തുവന്നത്.
കഴിഞ്ഞ ദിവസം രാത്രി ബെംഗളൂരുവിൽ ഒരു ക്യാബ് ബുക്ക് ചെയ്തപ്പോഴുണ്ടായ അനുഭവം യാത്രക്കാരൻ ‘എക്സിൽ’ (X) പങ്കുവെക്കുകയായിരുന്നു. യാത്രയ്ക്കിടെ ജീവിതത്തെയും ജോലിയെയും കുറിച്ച് ഡ്രൈവറുമായി സംസാരിച്ചു തുടങ്ങിയെന്നും, ഒടുവിൽ ക്യാബ് ഡ്രൈവർമാർക്ക് ഒരു ദിവസം എത്ര രൂപ സമ്പാദിക്കാൻ കഴിയുമെന്നതിലേക്ക് ചർച്ച എത്തിയെന്നും അദ്ദേഹം കുറിച്ചു.
“അദ്ദേഹം ഒരു ദിവസം എത്ര സമ്പാദിക്കുന്നുവെന്ന് ഞങ്ങൾ സംസാരിക്കാൻ തുടങ്ങി. രാത്രി 10:30 വരെയുള്ള തന്റെ ഊബർ വരുമാനം അദ്ദേഹം എനിക്ക് കാണിച്ചുതന്നു: 4,800 രൂപ. ഇതിന് ശേഷവും അദ്ദേഹം രണ്ട് മണിക്കൂർ കൂടി വണ്ടിയോടിക്കാൻ പോകുകയായിരുന്നു,” യാത്രക്കാരൻ എഴുതി.
എന്നാൽ, ഇത് മാത്രമായിരുന്നില്ല അദ്ദേഹത്തിന്റെ വരുമാന മാർഗ്ഗം. മുംബൈയിൽ തനിക്ക് സ്വന്തമായി 10 മാരുതി സുസുക്കി എർട്ടിഗ കാറുകൾ ഉണ്ടെന്നും, ഓരോന്നും ദിവസം 1,500 രൂപയ്ക്ക് വാടകയ്ക്ക് നൽകിയിരിക്കുകയാണെന്നും ഡ്രൈവർ വെളിപ്പെടുത്തി. ഇതിലൂടെ മാത്രം പ്രതിദിനം ഏകദേശം 15,000 രൂപ വാടകയിനത്തിൽ ലഭിക്കുന്നുണ്ട്. ഊബർ വഴിയുള്ള 4,800 രൂപയും വാടക വരുമാനമായ 15,000 രൂപയും ചേർത്താൽ അദ്ദേഹത്തിന്റെ ആകെ പ്രതിദിന വരുമാനം ഏകദേശം 19,800 രൂപ, അതായത് ഏതാണ്ട് 20,000 രൂപയോളം വരുമെന്ന് യാത്രക്കാരൻ കണക്കുകൂട്ടി.
ഡ്രൈവറുടെ ഈ ബിസിനസ്സ് രീതിയും ഒന്നിലധികം വരുമാന മാർഗ്ഗങ്ങൾ ഉണ്ടാക്കിയെടുക്കാനുള്ള അദ്ദേഹത്തിന്റെ പരിശ്രമവും യാത്രക്കാരനെ ഏറെ ആകർഷിച്ചു. ഇതൊരു വലിയ തുകയാണെന്നും കഠിനാധ്വാനത്തിലൂടെയാണ് അദ്ദേഹം ഇത് നേടിയെടുക്കുന്നതെന്നും ഒരു പ്രൊഡക്റ്റ് കമ്പനിയിലെ സീനിയർ മാനേജരുടെ ശമ്പളത്തേക്കാൾ കൂടുതലാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ നേടിയതോടെ ഡ്രൈവറുടെ വരുമാനത്തെക്കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങളുമായി നിരവധി പേർ രംഗത്തെത്തി. ക്യാബ് ഓടിക്കുന്നതിനൊപ്പം ഇത്തരമൊരു ബിസിനസ്സ് കെട്ടിപ്പടുത്തതിനെ ചിലർ പ്രശംസിച്ചപ്പോൾ, ഈ കണക്കുകൾ അദ്ദേഹത്തിന്റെ യഥാർത്ഥ ലാഭമാകണമെന്നില്ലെന്ന് മറ്റു ചിലർ ചൂണ്ടിക്കാട്ടി. ഇന്ധനച്ചെലവ്, വാഹനത്തിന്റെ അറ്റകുറ്റപ്പണികൾ, വാടകച്ചെലവുകൾ, ദീർഘനേരം വണ്ടിയോടിക്കുന്നതിന്റെ അധ്വാനം എന്നിവ കൂടി കണക്കിലെടുക്കണമെന്ന് ഒരാൾ അഭിപ്രായപ്പെട്ടു.
സ്വന്തമായി ബിസിനസ്സ് ചെയ്യുന്നതിന്റെ ഗുണദോഷങ്ങളെക്കുറിച്ച് മറ്റൊരാൾ എടുത്തുപറഞ്ഞു. കോർപ്പറേറ്റ് ജോലികളിൽ എപ്പോഴും ലഭിക്കാത്ത സ്വാതന്ത്ര്യം സ്വന്തം ബോസ് ആയിരിക്കുന്നതിലൂടെ ലഭിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. “10 എർട്ടിഗ കാറുകളോ? ഇത് സത്യമാണെങ്കിൽ ശരിക്കും അഭിനന്ദനാർഹമാണ്,” എന്ന് മൂന്നാമതൊരാൾ പ്രതികരിച്ചു. “10 കാറുകൾ വാടകയ്ക്ക് നൽകി ദിവസം 15,000 രൂപ നേടുന്നത് കേൾക്കാൻ രസമുണ്ട്, എന്നാൽ ഇഎംഐ (EMI), അറ്റകുറ്റപ്പണികൾ, ഇൻഷുറൻസ്, ഡ്രൈവർമാർക്കുള്ള ശമ്പളം, കാറുകൾ ഓടാത്ത ദിവസങ്ങൾ എന്നിവയുടെ കാര്യമോ? എങ്കിലും, 10 വാഹനങ്ങൾ സ്വന്തമാക്കുകയും അവ കൈകാര്യം ചെയ്യുകയും ചെയ്യുന്നത് ഒരു വലിയ ബിസിനസ്സ് തന്നെയാണ്. കോർപ്പറേറ്റ് ലോകത്തിന് പുറത്ത് നടക്കുന്ന ബിസിനസ്സുകളെ നമ്മൾ പലപ്പോഴും കുറച്ചുകാണാറുണ്ട്. എല്ലാ ചെലവുകളും കഴിഞ്ഞ് അദ്ദേഹത്തിന് യഥാർത്ഥത്തിൽ എത്ര രൂപ ലാഭം കിട്ടുന്നുണ്ടെന്ന് അറിയാൻ താല്പര്യമുണ്ട്,” എന്ന് നാലാമതൊരാൾ കുറിച്ചു.
“ഇവിടെ യഥാർത്ഥ ബിസിനസ്സ് ഫ്ലീറ്റ് ഉടമയുടേതാണ്. ഓരോ എർട്ടിഗയും കൃത്യമായ വരുമാനം തിരിച്ചുതരുന്ന ഒരു ചെറിയ ആസ്തിയാണ്. അതുകൊണ്ടാണ് പണം സ്വരൂപിക്കുന്ന ഡ്രൈവർമാർ ഒരു കട തുടങ്ങുന്നതിന് പകരം രണ്ടാമതൊരു കാർ വാങ്ങുന്നത്. ഒരു കാറിന്റെ മുതൽമുടക്ക് തിരിച്ചുപിടിക്കാൻ എത്ര സമയമെടുക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നോ?” എന്നായിരുന്നു മറ്റൊരാളുടെ ചോദ്യം.




