മുംബൈയിലെ കർജത് റെയിൽവേ സ്റ്റേഷനിൽ ഓടുന്ന ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ ട്രാക്കിലേക്ക് വീണ യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു. ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ സി.എസ്.എം.ടി-പൂനെ എക്സ്പ്രസിലാണ് സംഭവം നടന്നത്.
സെൻട്രൽ റെയിൽവേ മുംബൈ ഡിവിഷൻ ഡിവിഷണൽ റെയിൽവേ മാനേജരുടെ ഔദ്യോഗിക എക്സ് അക്കൗണ്ട് പങ്കുവെച്ച വിവരങ്ങൾ അനുസരിച്ച്, ട്രെയിനിന്റെ സി-1 കോച്ചിൽ കയറാൻ ശ്രമിക്കുന്നതിനിടെയാണ് യാത്രക്കാരന് നിയന്ത്രണം നഷ്ടപ്പെട്ട് ട്രാക്കിലേക്ക് വീണത്.
ട്രെയിനിൽ ബാങ്കർ എൻജിൻ ഘടിപ്പിച്ച ശേഷം ഓഫീസിലേക്ക് മടങ്ങുകയായിരുന്ന പോയിന്റ്സ്മാൻ സൗരഭ് കുമാർ സിംഗാണ് അപകടം ശ്രദ്ധിച്ചത്. ജാഗ്രത പാലിച്ച ഈ റെയിൽവേ ജീവനക്കാരൻ ഉടൻ തന്നെ ട്രെയിൻ മാനേജർക്ക് റെഡ് സിഗ്നൽ കാണിച്ചു. ഇതോടെ ട്രെയിൻ മാനേജർ ഉടനടി ബ്രേക്ക് ഇട്ട് ട്രെയിൻ നിർത്തുകയായിരുന്നു. തുടർന്ന് റെയിൽവേ ജീവനക്കാരും മറ്റു യാത്രക്കാരും സ്ഥലത്തേക്ക് ഓടിയെത്തി ട്രാക്കിൽ നിന്ന് ഇയാളെ സുരക്ഷിതമായി പുറത്തെടുത്തു. നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ട യാത്രക്കാരൻ നിലവിൽ സുരക്ഷിതനാണ്.
സെൻട്രൽ റെയിൽവേ പങ്കുവെച്ച വീഡിയോയിൽ സംഭവത്തിന്റെ രണ്ട് വ്യത്യസ്ത ദൃശ്യങ്ങളുണ്ട്. ആദ്യ ദൃശ്യത്തിൽ ഓടുന്ന ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിലേക്ക് യാത്രക്കാരൻ അപകടകരമായി വീഴുന്ന സി.സി.ടി.വി ദൃശ്യങ്ങളാണ് കാണാൻ കഴിയുന്നത്. റെയിൽവേ ജീവനക്കാരൻ ട്രെയിൻ മാനേജർക്ക് മുന്നറിയിപ്പ് നൽകാൻ ശ്രമിക്കുമ്പോൾ സ്റ്റേഷനിൽ പരിഭ്രാന്തി പടരുന്നത് കാണാം. രണ്ടാമത്തെ ദൃശ്യത്തിൽ ആർ.പി.എഫ് ഉദ്യോഗസ്ഥനും റെയിൽവേ ജീവനക്കാരും മറ്റു യാത്രക്കാരും ചേർന്ന് യാത്രക്കാരനെ ട്രാക്കിൽ നിന്ന് സുരക്ഷിതമായി കരയ്ക്ക് കയറ്റുന്നതാണ് ഉള്ളത്.
സംഭവത്തിന് പിന്നാലെ, യാത്രയിൽ ഇത്തരം അപകടകരമായ സാഹസങ്ങൾക്ക് മുതിരരുതെന്ന് സെൻട്രൽ റെയിൽവേ യാത്രക്കാരോട് അഭ്യർത്ഥിച്ചു. ഓടുന്ന ട്രെയിനിൽ കയറാനോ ഇറങ്ങാനോ ശ്രമിക്കരുതെന്ന് റെയിൽവേ അധികൃതർ നിർദ്ദേശിച്ചു.




