ഇഷാൻ കിഷൻ കായികക്ഷമത വീണ്ടെടുത്തതിനെ തുടർന്ന് ന്യൂസിലൻഡിനെതിരെയുള്ള നാലാം ട്വന്റി20 മത്സരത്തിൽ വൈഭവ് സൂര്യവംശിയെ ഒഴിവാക്കാനുള്ള ടീം മാനേജ്മെന്റിന്റെ തീരുമാനത്തെ വിമർശിച്ച് മുൻ ഇന്ത്യൻ ഓപ്പണർ ആകാശ് ചോപ്ര. പരിക്കേറ്റ കളിക്കാർക്ക് പകരക്കാരനായി മാത്രമാണോ ഈ യുവതാരത്തെ കാണുന്നത് എന്ന് അദ്ദേഹം ചോദിച്ചു.
പ്ലേയിംഗ് ഇലവനിൽ പതിവായി അവസരങ്ങൾ ലഭിക്കാൻ സാധ്യതയില്ലെങ്കിൽ, വാല്യുബിൾ ആയ മാച്ച് പരിചയസമ്പത്ത് നേടുന്നതിനും ക്രീസിൽ കൂടുതൽ സമയം ചെലവഴിക്കുന്നതിനുമായി സൂര്യവംശി ആഭ്യന്തര ക്രിക്കറ്റിലേക്ക്, പ്രത്യേകിച്ച് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലേക്ക് മടങ്ങുന്നതാണ് നല്ലതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
കിഷന് പരിക്കേറ്റതിനെ തുടർന്നാണ് ന്യൂസിലൻഡിനെതിരായ രണ്ടും മൂന്നും ട്വന്റി20 മത്സരങ്ങളിൽ സൂര്യവംശി കളിച്ചത്. രണ്ട് മത്സരങ്ങളിൽ നിന്നായി 4, 45 എന്നിങ്ങനെ റൺസ് നേടിയ താരത്തെ നാലാം മത്സരത്തിനുള്ള ഇലവനിൽ നിന്ന് ഒഴിവാക്കുകയായിരുന്നു.
തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ആകാശ് ചോപ്ര ഇതിനെക്കുറിച്ച് സംസാരിച്ചത്. കഴിഞ്ഞ മത്സരത്തിൽ അഭിഷേക് സെഞ്ചുറിയടിച്ചെന്നും വൈഭവിന് അല്പവ്യത്യാസത്തിലാണ് അർദ്ധസെഞ്ചുറി നഷ്ടമായതെന്നും എന്നാൽ അദ്ദേഹത്തിന്റെ ബാറ്റിംഗ് വളരെ മികച്ചതായിരുന്നുവെന്നും ചോപ്ര പറഞ്ഞു. കിഷൻ ഫിറ്റായാൽ ആര് പുറത്തുപോകുമെന്ന ചോദ്യത്തിന്, കിഷന് പകരക്കാരനായി വന്നതിനാൽ സൂര്യവംശിയെ മാറ്റാം എന്ന ചിന്ത സാധാരണയാണെങ്കിലും ഇതൊരു അർത്ഥവുമില്ലാത്ത (ഡെഡ് റബ്ബർ) മത്സരമായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
മാനേജ്മെന്റിന്റെ ഈ തീരുമാനം വലിയ ചോദ്യങ്ങളാണ് ഉയർത്തുന്നതെന്ന് ചോപ്ര പറഞ്ഞു. കളിക്കാർ പരിക്കേൽക്കുമ്പോഴോ ലഭ്യമാകാതിരിക്കുമ്പോഴോ മാത്രമാണോ വൈഭവ് സൂര്യവംശിയെ കളിപ്പിക്കുന്നത്? അങ്ങനെയെങ്കിൽ അദ്ദേഹത്തെ നാട്ടിലേക്ക് അയച്ച് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിക്കാൻ ആവശ്യപ്പെടാം. ഇന്ത്യൻ ഡ്രസ്സിംഗ് റൂമിൽ തുടരുന്നത് വഴി പഠിക്കാൻ സാധിക്കുമെങ്കിലും, ഇതൊരു നീണ്ട കാലയളവിലേക്ക് തുടരുകയാണെങ്കിൽ താരം ഗ്രൗണ്ടിൽ ഇറങ്ങി പന്ത് നേരിടുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സൂര്യവംശിയെക്കുറിച്ചുള്ള ദീർഘകാല പദ്ധതികളും നിലപാടുകളും വ്യക്തമാക്കാൻ ടീം മാനേജ്മെന്റ് തയ്യാറാകണമെന്നും അദ്ദേഹത്തിന്റെ ഒഴിവാക്കലിലും റോളിനെക്കുറിച്ചുള്ള വ്യക്തതയില്ലായ്മയിലും ചോപ്ര നിരാശ പ്രകടിപ്പിക്കുകയും ചെയ്തു. മാനേജ്മെന്റ് ഇതിനകം ഒരു പദ്ധതി തയ്യാറാക്കിയിട്ടുണ്ടാകാമെങ്കിലും അത് ആരെയും അറിയിച്ചിട്ടില്ലെന്നും സൂര്യവംശിയെ വെച്ച് അവർ എന്താണ് ചെയ്യാൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം തിരിച്ചുവരവ് മത്സരത്തിൽ ഇഷാൻ കിഷൻ റണ്ണൊന്നുമെടുക്കാതെ പുറത്തായി നിരാശപ്പെടുത്തി. 260 റൺസ് എന്ന കൂറ്റൻ ലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് 172/9 റൺസ് എടുക്കാനേ സാധിച്ചുള്ളൂ.




