Celebrity Featured

റിമി ടോമി വീണ്ടും വിവാഹിതയാകുന്നു; പ്രശസ്തനോ കോടീശ്വരനോ ഒന്നുമല്ല, ജീവിതപങ്കാളിയെ കണ്ടെത്തിയ സന്തോഷം പങ്കുവെച്ച് താരം!

തന്റെ പുതിയ ജീവിതവിശേഷവും സന്തോഷവാർത്തയും ആരാധകരുമായി പങ്കുവച്ച് ഗായിക റിമി ടോമി. താൻ വീണ്ടും വിവാഹിതയാകുന്നു എന്ന വിവരമാണ് താരം അറിയിച്ചത്. 2026-ൽ തനിക്ക് അനുയോജ്യനായ ഒരു പങ്കാളിയെ കണ്ടെത്തിയെന്നും, കുടുംബവും മറ്റെല്ലാ സൗഭാഗ്യങ്ങളും ഒപ്പമുണ്ടായിരുന്നെങ്കിലും ഒരു ജീവിതപങ്കാളിയുടെ കുറവ് വലിയൊരു വിടവായി താൻ അനുഭവിച്ചിരുന്നുവെന്നും റിമി വ്യക്തമാക്കി. പങ്കാളിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അധികം വൈകാതെ തന്നെ എല്ലാവരെയും അറിയിക്കുമെന്നും താരം കൂട്ടിച്ചേർത്തു.

കോഴിക്കോട് വെച്ചാണ് റിമി ഈ വീഡിയോ പങ്കുവെച്ചത്. പതിനഞ്ചാം വയസ്സ് മുതൽ തന്റെ ജീവിതവും കുടുംബവും ജനങ്ങൾ കാണുന്നതാണെന്നും സിനിമയിൽ പാടാൻ തുടങ്ങിയത് മുതൽ ജീവിതത്തിലുണ്ടായ എല്ലാ കാര്യങ്ങളും ആരാധകർക്ക് അറിയാവുന്നതാണെന്നും റിമി പറഞ്ഞു. തനിക്ക് സന്തോഷം നൽകുന്ന പുതിയൊരു കാര്യം സംഭവിക്കുമ്പോൾ അത് കേൾക്കാൻ ആഗ്രഹിക്കുന്ന നിരവധി പേരുണ്ടെന്ന തിരിച്ചറിവാണ് ഇങ്ങനെയൊരു വീഡിയോ ചെയ്യാൻ പ്രേരണയായത്. മുൻപ് പ്രചരിച്ച വ്യാജ വാർത്തകൾ തിരുത്തിയതും കാനഡയിലെ പരിപാടിക്കിടെ രണ്ടാം വിവാഹത്തെക്കുറിച്ച് കാണികളോട് ചോദിച്ചതുമെല്ലാം താരം സന്ദർഭവശാൽ പരാമർശിച്ചു.

കുടുംബം എപ്പോഴും ഒപ്പമുണ്ടായിരുന്നതിനാൽ താൻ ഒറ്റയ്ക്കായിരുന്നില്ലെങ്കിലും ഒരു പങ്കാളി നൽകുന്ന സമാധാനവും പൂർണ്ണതയും എപ്പോഴും ആഗ്രഹിച്ചിരുന്നു. അങ്ങനെയാണ് ഈ വർഷം തന്റെ മനസ്സിന് ചേർന്ന ഒരാൾ ജീവിതത്തിലേക്ക് കടന്നുവരുന്നത്. വരാൻ പോകുന്നയാൾ പ്രശസ്തനോ കലാകാരനോ വലിയ കോടീശ്വരനോ ഒന്നുമല്ല. പണമോ പ്രശസ്തിയോ അല്ല പ്രധാനം എന്ന് മനസ്സിലാക്കിത്തന്ന, തന്റെ എല്ലാ സ്വഭാവവിശേഷങ്ങളും തിരിച്ചറിഞ്ഞ് സ്നേഹിക്കുന്ന ആളാണ് അദ്ദേഹമെന്നും നല്ലൊരു ഭാവി പ്രതീക്ഷിച്ച് ശുഭാപ്തിവിശ്വാസത്തോടെ പുതിയ ജീവിതത്തിലേക്ക് കടക്കുകയാണെന്നും റിമി പറഞ്ഞു. തനിക്ക് ആശംസകൾ അറിയിച്ച് നിരവധിയാളുകളാണ് രംഗത്തെത്തുന്നത്.