Crime

‘അമ്മയില്ലാതെ അവൻ എങ്ങനെ ജീവിക്കും? ഭര്‍ത്താവ് മറ്റൊരു വിവാഹം കഴിക്കണം’; മകനുമായി 18-ാം നിലയിൽനിന്ന് ചാടി യുവതി; വിങ്ങലായി കുറിപ്പ്!

പൂനെ: മഹാരാഷ്ട്രയിലെ പൂനെയില്‍ ആറുവയസുകാരനായ മകനെയും കൊണ്ട് 18-ാം നിലയിൽനിന്ന് ചാടി 33കാരി ആത്മഹത്യ ചെയ്തു. മരണശേഷം ഭർത്താവ് മറ്റൊരു വിവാഹം കഴിച്ച് പുതിയ ജീവിതം തുടങ്ങണമെന്ന് അഭ്യർത്ഥിക്കുന്ന ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു.

പിംപ്രി-ചിഞ്ച്‌വാഡിലെ സിഗ്‌നേച്ചർ പാർക്ക് റെസിഡൻഷ്യൽ സമുച്ചയത്തിലാണ് ഏക്താ ബംഗാദ് എന്ന യുവതി മകനുമായി കെട്ടിടത്തിന് മുകളിൽനിന്ന് ചാടി ജീവനൊടുക്കിയത്. സംഭവസ്ഥലത്തുനിന്ന് പോലീസ് കണ്ടെടുത്ത എട്ടുപേജുള്ള കുറിപ്പ് നിലവിൽ അന്വേഷണവിധേയമാക്കിയിട്ടുണ്ട്.

പൂനെയിലെ പ്രമുഖ ഐടി കമ്പനിയിൽ എഞ്ചിനീയറായ മനോജ് ബംഗാദാണ് ഏക്താ ബംഗാദിന്റെ ഭർത്താവ്. നട്ടെല്ലിനെ ബാധിച്ച ഗുരുതരമായ രോഗത്തെ തുടർന്ന് യുവതി വർഷങ്ങളായി കടുത്ത ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിച്ചു വരികയായിരുന്നുവെന്ന് പറയപ്പെടുന്നു.

തന്റെ വേർപാടിന് ശേഷം ഭർത്താവ് വീണ്ടും വിവാഹം കഴിക്കണമെന്നും, അമ്മയില്ലാതെ മകന് ജീവിക്കാൻ പ്രയാസമായിരിക്കും എന്നതിനാലാണ് അവനെയും ഒപ്പം കൊണ്ടുപോകുന്നതെന്നും കുറിപ്പിലുണ്ട്. കൂടാതെ കുട്ടി ഒപ്പമുള്ളത് ഭർത്താവിന്റെ പുനർവിവാഹത്തിന് തടസ്സമാകരുതെന്ന ചിന്തയും ഇതിനുപിന്നിലുണ്ട്. വകാദ് പോലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.