Crime

‘മോട്ടർ ഓൺ ചെയ്ത യന്ത്രവാളുമായി ഒരാൾ ക്ലാസിലേക്ക് വന്നു’; വിദ്യാർഥിനിയെ സ്കൂളിലെത്തി ആക്രമിച്ചത് കണ്ട നടുക്കം മാറാതെ അധ്യാപിക

അമരാവതി: ആന്ധ്രപ്രദേശിലെ സ്കൂൾ ക്ലാസ് മുറിയിൽ കയറി പത്താംക്ലാസുകാരിയെ 21-കാരൻ യന്ത്രവാൾ ഉപയോഗിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതിന്റെ ഞെട്ടലിൽ അധ്യാപകരും നാട്ടുകാരും. അനന്തപുർ ജില്ലയിലെ രപ്തഡു മണ്ഡലിലുള്ള ജില്ലാ പരിഷദ് ഹൈസ്കൂളിൽ ശനിയാഴ്ച രാവിലെ 10.30 ഓടെയാണ് നാടിനെ വിറപ്പിച്ച ഈ സംഭവം നടന്നത്. ശ്രീ സത്യസായ് ജില്ലയിലെ ധർമവരം നഗലൂർ സ്വദേശിയായ ഹേമന്ത് (ദുമ്മു) ആണ് പെൺകുട്ടിയെ ക്രൂരമായി ആക്രമിച്ചത്.

രാവിലെ ആദ്യ പീരിയഡ് അവസാനിച്ച സമയത്താണ് അക്രമി സ്കൂളിലേക്ക് കടന്നുവന്നതെന്ന് അധ്യാപികമാർ വ്യക്തമാക്കുന്നു. വിദ്യാലയത്തിൽ നിർമാണ ജോലികൾ നടക്കുന്നുണ്ടായിരുന്നതിനാൽ ആ ജോലിക്കായി എത്തിയ ആളാണെന്നാണ് കരുതിയതെന്ന് അധ്യാപിക രാജേശ്വരി പറഞ്ഞു. സാധാരണ തുറന്നിടുന്ന ക്ലാസ് മുറിയുടെ വാതിലിലൂടെ, യന്ത്രവാളിന്റെ മോട്ടർ ഓൺ ചെയ്ത ശേഷമാണ് ഇയാൾ കടന്നുവന്നത്. നിർമാണ ശബ്ദമാണെന്ന് കരുതിയതിനാൽ പെട്ടെന്ന് ആർക്കും അപകടം തിരിച്ചറിയാനായില്ല. തുടർന്ന് അതിവേഗത്തിൽ ഓടിക്കയറി ഇയാൾ പെൺകുട്ടികളെ ആക്രമിക്കുകയായിരുന്നു.

പെൺകുട്ടിയുടെ ബന്ധുവായ യുവാവാണ് ആക്രമണം നടത്തിയതെന്നാണ് അറിയുന്നത്. പ്രണയാഭ്യർഥന നിരസിച്ചതാണ് ക്രൂരതയ്ക്ക് പിന്നിലെന്നും റിപ്പോർട്ടുകളുണ്ട്. പെൺകുട്ടിയുടെ മുഖത്തും കഴുത്തിലും പുറത്തും ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. ഇതിനിടെ കൂട്ടുകാരിയെ രക്ഷിക്കാൻ ശ്രമിച്ച സഹപാഠിയായ മറ്റൊരു പെൺകുട്ടിക്കും പരുക്കേറ്റു. രക്തത്തിൽ കുളിച്ച പെൺകുട്ടിയെ ഉപേക്ഷിച്ച് ഹേമന്ത് ഓടിരക്ഷപ്പെട്ട ശേഷമാണ് അധ്യാപകർ വിവരമറിയുന്നത്. തുടര്‍ന്ന് സംഭവസ്ഥലത്തെത്തിയ പൊലീസ് ധർമവരം റെയിൽവേ സ്റ്റേഷനിൽവെച്ച് പ്രതിയെ കസ്റ്റഡിയിലെടുത്തു. പരുക്കേറ്റ പെൺകുട്ടികളെ അനന്തപൂരിലെ സർക്കാർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും, ഗുരുതര പരുക്കുള്ള കുട്ടിയെ വിദഗ്ദ്ധ ചികിത്സയ്ക്കായി ബെംഗളൂരുവിലേക്ക് മാറ്റി.

സംഭവത്തിൽ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു കടുത്ത നടുക്കം രേഖപ്പെടുത്തി. പെൺകുട്ടിയുടെ ചികിത്സാ പുരോഗതി താൻ നേരിട്ട് നിരീക്ഷിക്കുന്നുണ്ടെന്നും കുറ്റവാളിക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. വിദ്യാഭ്യാസ മന്ത്രി നര ലോകേഷും സംഭവത്തെ അപലപിച്ചു. അതേസമയം സംസ്ഥാനത്ത് ക്രമസമാധാനം പൂർണ്ണമായും തകർന്നതിന്റെ തെളിവാണ് സ്കൂളിനുള്ളിൽ നടന്ന ഈ അതിക്രമമെന്ന് മുൻ മുഖ്യമന്ത്രി വൈ.എസ്. ജഗൻ മോഹൻ റെഡ്ഡി ആരോപിച്ചു.