ജയ്പൂർ: സ്വകാര്യ കമ്പനിയുമായി ഒത്തുകളിച്ചെന്ന ഗുരുതര ആരോപണത്തിൽ മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥൻ ശിഖർ അഗർവാളിനെതിരെ അന്വേഷണം നടത്താൻ അഴിമതി വിരുദ്ധ ബ്യൂറോയ്ക്ക് (എ.സി.ബി) രാജസ്ഥാൻ സർക്കാർ അനുമതി നൽകി. ഇതിന് തൊട്ടുപിന്നാലെ, ഭരണപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി അഗർവാളിന്റെ ഭാര്യയും മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥയുമായ പ്രശാഖ മാഥൂറിന്റെ പുതിയ നിയമന ഉത്തരവ് സർക്കാർ മരവിപ്പിച്ചു.
1995 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥയായ പ്രശാഖ മാഥൂർ, ആസൂത്രണം, ആധുനികവൽക്കരണം, ക്ഷേമം എന്നീ വിഭാഗങ്ങളുടെ അഡീഷണൽ ഡയറക്ടർ ജനറലായി പ്രവർത്തിച്ചു വരികയായിരുന്നു. അഗർവാളും സ്വകാര്യ റിസോർട്ട് കമ്പനിയും തമ്മിൽ അഴിമതി നടന്നതായി പ്രാഥമിക പരിശോധനയിൽ വ്യക്തമായതായി എ.സി.ബി വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് വെള്ളിയാഴ്ച അന്വേഷണത്തിന് അനുമതി നൽകിയത്.
ഉദ്യോഗസ്ഥ പദവിയും സ്വാധീനവും ദുരുപയോഗം ചെയ്ത് അഗർവാൾ സ്വകാര്യ കമ്പനിയെ സഹായിച്ചെന്നും അനർഹമായ ആനുകൂല്യങ്ങൾ കൈപ്പറ്റിയെന്നുമാണ് എ.സി.ബിയുടെ കണ്ടെത്തൽ. ഇത് സർക്കാരിന് വൻ സാമ്പത്തിക നഷ്ടം ഉണ്ടാക്കി. ഹോട്ടൽ, റിസോർട്ട് മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനിക്ക് നിർമ്മാണ നിബന്ധനകളിൽ ഇളവ് നൽകുകയും പരിശോധനകൾ കൂടാതെ അനുമതികൾ നൽകുകയും ചെയ്തു.
ഇതിന് പ്രത്യുപകാരമായി ഉദയ്പൂരിലെ ബുജ്ദയിലും അൽവാറിലെ അജബ്ഗഢിലുമുള്ള കമ്പനിയുടെ റിസോർട്ടുകളിൽ 40 വില്ലകൾ അഗർവാളും കുടുംബവും വാങ്ങിയതായി പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞു. വിപണി വിലയേക്കാൾ വളരെ കുറഞ്ഞ തുകയ്ക്കാണ് ഈ വസ്തുക്കൾ സ്വന്തമാക്കിയത്.
ബുജ്ദയിലെ വില്ലകൾ ഒന്നിന് 15 ലക്ഷം രൂപ നിരക്കിലും, അജബ്ഗഢിലേത് 15 മുതൽ 16.5 ലക്ഷം രൂപ വരെയുമാണ് വാങ്ങിയത്. അഗർവാൾ, ഭാര്യ പ്രശാഖ മാഥൂർ, ഇവരുടെ രണ്ടു മക്കൾ, അഗർവാളിന്റെ മാതാവ്, ഭാര്യാപിതാവ് എന്നിവരുടെ പേരുകളിലാണ് വില്ലകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
വ്യവസായ വകുപ്പിന്റെ റിപ്പോർട്ടും രഹസ്യ വിവരങ്ങളും പരിഗണിച്ചാണ് എ.സി.ബി കേസെടുത്ത് അന്വേഷണത്തിന് തീരുമാനിച്ചതെന്ന് ഡയറക്ടർ ജനറൽ ഗോവിന്ദ് ഗുപ്ത പറഞ്ഞു. ഉദയ്പൂർ ജില്ലാ കളക്ടർ, മലിനീകരണ നിയന്ത്രണ ബോർഡ് ചെയർപേഴ്സൺ, വ്യവസായ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി തുടങ്ങിയ ഉയർന്ന പദവികളിൽ ഇരിക്കുമ്പോഴാണ് അഗർവാൾ അഴിമതി നടത്തിയത്. നിലവിൽ അവധിയിലുള്ള അദ്ദേഹം വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.
സാമ്പത്തിക വകുപ്പ് കമ്പനിക്ക് പ്രത്യേക സാമ്പത്തിക ഇളവുകൾ അനുവദിച്ച അന്നുതന്നെ 20 വില്ലകൾ അഗർവാളിന്റെ പേരിലേക്ക് മാറിയതായും എ.സി.ബി കണ്ടെത്തി. വിപണി മൂല്യത്തിന്റെ ചെറിയൊരു ശതമാനം മാത്രമാണ് ഇതിനായി നൽകിയത്.
ആരോപണങ്ങൾ ഉയർന്നതോടെ കഴിഞ്ഞ 28-ന് അഗർവാളിനെ പോസ്റ്റിംഗ് ഇല്ലാതെ മാറ്റിനിർത്തിയിരുന്നു (എ.പി.ഒ). ഭജൻ ലാൽ ശർമ്മയുടെ ഭരണത്തിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ ചീഫ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ച വ്യക്തിയാണ് അഗർവാൾ. ഭജൻ ലാൽ സർക്കാരിന്റെ കാലത്തെ ഏറ്റവും വലിയ അഴിമതിയാണിതെന്നും കേന്ദ്ര ഏജൻസികൾ കേസ് അന്വേഷിക്കണമെന്നും മുൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് ആവശ്യപ്പെട്ടു.




