ന്യൂഡൽഹി: ഗുരുഗ്രാമിൽ ഡൽഹി സ്വദേശിയായ യുവാവിനെ മുൻ സഹപ്രവർത്തകയും പങ്കാളിയും ചേർന്ന് കൊലപ്പെടുത്തി മൃതദേഹം ഓടയിൽ തള്ളി. യുവ്രാജ് സിങ് മൻചന്ദ (31) എന്ന യുവാവാണ് ക്രൂരമായി കൊല്ലപ്പെട്ടത്. അടുത്ത മാസം യുവ്രാജിന്റെ വിവാഹം നടക്കാനിരിക്കുകയായിരുന്നു. സാമ്പത്തിക തർക്കങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം.
സെപ്റ്റംബർ ആറിന് വിവാഹവസ്ത്രങ്ങൾ വാങ്ങാനായി സഹോദരിമാർക്കൊപ്പം ഡൽഹിയിലെ ലാജ്പത് നഗർ മാർക്കറ്റിലെത്തിയതായിരുന്നു യുവ്രാജ്. വൈകിട്ട് ഭക്ഷണം കഴിക്കാനായി റസ്റ്ററന്റിലെത്തിയപ്പോൾ, ഗുരുഗ്രാമിലെ തന്റെ മുൻ സഹപ്രവർത്തകയെ അത്യാവശ്യമായി കാണേണ്ടതുണ്ടെന്ന് പറഞ്ഞ് യുവ്രാജ് അവിടെനിന്നു പോവുകയായിരുന്നു. രാത്രി 10 മണിയോടെ തിരിച്ചെത്തുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും പിന്നീട് വിവരം ഒന്നും ഉണ്ടായില്ല. സെപ്റ്റംബർ 8-ന് യുവ്രാജിന്റെ ഫോണിൽനിന്ന് വീട്ടുകാർക്ക് വാട്സാപ് സന്ദേശം ലഭിച്ചെങ്കിലും പിന്നീട് ഫോൺ സ്വിച്ച് ഓഫ് ആയി. തുടർന്ന് സെപ്റ്റംബർ 11-ന് കുടുംബം പൊലീസിൽ പരാതി നൽകി.
അന്വേഷണത്തിൽ യുവ്രാജിന്റെ ഫോണിൽനിന്ന് അവസാനമായി കോൾ പോയത് വാട്സ് എന്ന മുൻ സഹപ്രവർത്തകയ്ക്കാണ് എന്ന് കണ്ടെത്തി. ഇവരുടെ ഫോൺ ഓഫ് ആയിരുന്നതിനാൽ സിസിടിവി ദൃശ്യങ്ങളും ഓഫിസ് കേന്ദ്രീകരിച്ചുള്ള അന്വേഷണവും വഴിയാണ് പൊലീസ് തെളിവുകൾ ശേഖരിച്ചത്. തുടർന്ന് യുവതിയെയും പങ്കാളിയെയും ഉത്തരാഖണ്ഡിൽനിന്ന് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ, യുവ്രാജിനെ കൊന്ന് വീടിന് സമീപത്തെ ഓടയിൽ തള്ളിയതായി പ്രതികൾ സമ്മതിച്ചു. സാമ്പത്തിക തർക്കമാണ് കാരണമെന്ന് പ്രതികൾ പറഞ്ഞെങ്കിലും യഥാർഥ കാരണം മറച്ചുവെക്കുകയാണെന്ന് ബന്ധുക്കൾ ആരോപിച്ചു.
സെപ്റ്റംബർ 10-ന് മൃതദേഹം ലഭിച്ചിട്ടും ഗുരുഗ്രാം പൊലീസ് കുടുംബത്തെ വിവരമറിയിച്ചില്ലെന്നും സെപ്റ്റംബർ 14-ന് അജ്ഞാത മൃതദേഹമെന്ന രീതിയിൽ സംസ്കരിക്കുകയായിരുന്നു എന്നും ബന്ധുക്കൾ ആരോപിക്കുന്നു. സംസ്കാരം കഴിഞ്ഞ് രണ്ടു ദിവസത്തിനുശേഷമാണ് വീട്ടുകാരെ വിവരമറിയിച്ചത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട്, അന്വേഷണ വിവരങ്ങൾ, ഡിഎൻഎ സാംപിൾ, യുവ്രാജിന്റെ സാധനങ്ങൾ എന്നിവ തങ്ങൾക്ക് വിട്ടുനൽകണമെന്ന് കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്.




