വയനാട് മാനന്തവാടി പേരിയ ആലാറ്റിൽ 19 വയസ്സുള്ള അലീനയെന്ന പെൺകുട്ടിയെ പിതാവിന്റെ സഹോദരിയുടെ വീട്ടിൽ വെള്ളിയാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ശക്തമാകുന്നു. മൃതദേഹത്തിൽ പലയിടങ്ങളിലായി മുറിവുകളും രക്തക്കറകളും കണ്ടതാണ് മരണത്തിൽ വലിയ സംശയത്തിന് ഇടയാക്കിയത്.
അലീനയുടെ ശരീരത്തിൽ ‘ദൈവസാന്നിധ്യം’ എത്തിയതായി കുടുംബം വിശ്വസിച്ചിരുന്നെന്ന് നാട്ടുകാർ വ്യക്തമാക്കുന്നുണ്ട്. മരിക്കുന്നതിന്റെ തലേന്ന് രാത്രി പെൺകുട്ടി ഉച്ചത്തിൽ നിലവിളിച്ചുകൊണ്ട് സമീപത്തെ യൂക്കാലി, തേയിലത്തോട്ടങ്ങളിലേക്ക് ഓടിയതായി പ്രദേശവാസികൾ വെളിപ്പെടുത്തി.
രാത്രി പത്തുമണിയോടെ അലീന ഓടിയെത്തി വാതിലിൽ ശക്തമായി മുട്ടുകയായിരുന്നുവെന്നും ഭയന്ന് പുറത്തിറങ്ങി നോക്കിയപ്പോൾ പിതാവും ബന്ധുക്കളും പിന്നാലെയുണ്ടായിരുന്നെന്നും അയൽവാസികൾ പറയുന്നു. തുടർന്ന് ഇരുട്ടുനിറഞ്ഞ യൂക്കാലി തോട്ടത്തിലേക്ക് ഓടിക്കയറിയ പെൺകുട്ടി അവിടെനിന്ന് ഭയന്നുവിറച്ച് കരഞ്ഞു. നാട്ടുകാർ വിളിച്ചപ്പോൾ വസ്ത്രങ്ങളൊന്നുമില്ലാതെ പേടിച്ചരണ്ട അവസ്ഥയിലാണ് അലീന പുറത്തേക്ക് വന്നത്.
തന്നെ കൊന്ന് ശവങ്ങളുടെ ഇടയിൽ തള്ളുമെന്ന് അലീന പറഞ്ഞതായി ബന്ധുക്കൾ തന്നെ തങ്ങളോട് പറഞ്ഞിട്ടുണ്ടെന്ന് നാട്ടുകാർ വ്യക്തമാക്കുന്നു. ആർത്തവസമയത്ത് ക്ഷേത്രത്തിൽ പോയതുകൊണ്ടാണ് പെൺകുട്ടിക്ക് മാനസിക വിഭ്രാന്തി ഉണ്ടായതെന്നാണ് ബന്ധുക്കളുടെ വാദം. എന്നാൽ കുട്ടിയെ ആരെങ്കിലും അപായപ്പെടുത്താൻ ശ്രമിച്ചപ്പോൾ രക്ഷപ്പെടാൻ ഓടിയതാണോ എന്ന ശക്തമായ സംശയം നാട്ടുകാർ പങ്കുവെക്കുന്നുണ്ട്.




