Crime

16 പെണ്‍കുട്ടിളെ ബലാത്സംഗം ചെയ്ത് കരളുള്‍പ്പെടെയുള്ള പാകം ചെയ്ത് കഴിച്ചു! ഇന്ത്യയെ ഞെട്ടിച്ച നിഥാരി കൂട്ടക്കൊല

ഡെഹ്‌റാഡൂണ്‍: രാജ്യത്തുടനീളം വലിയ കോളിളക്കം സൃഷ്ടിച്ച നിതാരി പരമ്പരക്കൊലക്കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെടുകയും പിന്നീട് കോടതി കുറ്റവിമുക്തനാക്കുകയും ചെയ്ത സുരീന്ദര്‍ കോലിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ഹരിദ്വാറിലുള്ള ചായക്കടയിലാണ് ദുരൂഹ സാഹചര്യത്തില്‍ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ വര്‍ഷം സുപ്രീം കോടതി കുറ്റവിമുക്തനാക്കിയതിനെ തുടർന്ന് കോലി ഹരിദ്വാറില്‍ ചായക്കട നടത്തിവരികയായിരുന്നു. സപ്ത് സരോവര്‍ റോഡിലെ ലാല്‍മാത ക്ഷേത്രത്തിന് എതിര്‍വശത്തുള്ള കടയിലാണ് മൃതദേഹം കാണപ്പെട്ടത്. സ്ഥലത്തെത്തിയ പോലീസാണ് മരിച്ചത് സുരീന്ദര്‍ കോലിയാണെന്ന് തിരിച്ചറിഞ്ഞത്. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ് അല്‍മോറയിലുള്ള ബന്ധുക്കളെ വിവരമറിയിച്ചു.

2006 ഡിസംബറില്‍ ഡല്‍ഹിക്കു സമീപം നോയ്ഡയിലുള്ള നിതാരി ഗ്രാമത്തിലെ വീടിനു സമീപത്തുനിന്ന് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയതോടെയാണ് രാജ്യത്തെ ഞെട്ടിച്ച ഈ കേസിന്റെ തുടക്കം. തുടര്‍ന്ന് പോലീസ് നടത്തിയ തിരച്ചിലില്‍ ഡി-5 ബംഗ്ലാവിനു സമീപത്തെ അഴുക്കുചാലില്‍നിന്ന് പ്ലാസ്റ്റിക് ചാക്കില്‍ പൊതിഞ്ഞ നിലയില്‍ 16 തലയോട്ടികളും അസ്ഥികളും വസ്ത്രങ്ങളും കണ്ടെടുത്തു. 2005-2006 കാലഘട്ടത്തില്‍ നിതാരിയിലെ കുടിയേറ്റ തൊഴിലാളികളുടെ പ്രദേശത്തുനിന്ന് കാണാതായ പെണ്‍കുട്ടികളുടേതാണ് ഈ ശരീരാവശിഷ്ടങ്ങളെന്ന് തിരിച്ചറിഞ്ഞു. തുടരന്വേഷണത്തിൽ ബംഗ്ലാവ് ഉടമ മൊനീന്ദര്‍ സിങ് പാന്ഥറും സഹായിയായ സുരീന്ദര്‍ കോലിയും അറസ്റ്റിലാവുകയായിരുന്നു.

കൊല്ലപ്പെട്ടവരില്‍ ഒരാളൊഴികെ ബാക്കിയെല്ലാവരും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളായിരുന്നു. കുട്ടികളെ വിവിധ രീതിയിൽ പ്രലോഭിപ്പിച്ച് വീട്ടിലെത്തിക്കുകയും ലൈംഗികമായി പീഡിപ്പിച്ചശേഷം കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിക്കുകയുമായിരുന്നു ഇവരുടെ രീതി. ഇരുവരും ചേർന്ന് കരളുള്‍പ്പെടെയുള്ള മൃതദേഹഭാഗങ്ങള്‍ പാകംചെയ്തു കഴിച്ചെന്ന വിവരങ്ങളും അന്ന് പുറത്തുവന്നിരുന്നു. ഇരുവരുടേയും പേരില്‍ ബലാത്സംഗം, കൊലപാതകം, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി ഒന്നിലധികം എഫ്.ഐ.ആറുകള്‍ രേഖപ്പെടുത്തി. 2007-നും 2010-നും ഇടയില്‍ സി.ബി.ഐ. 19 കേസുകളാണ് അന്വേഷണത്തിനായി രജിസ്റ്റര്‍ ചെയ്തത്. വിചാരണക്കോടതി നിരവധി കേസുകളില്‍ കോലിക്ക് വധശിക്ഷ വിധിച്ചപ്പോൾ പാന്ഥറിന് ചില കേസുകളില്‍ വധശിക്ഷയും ജീവപര്യന്തം തടവും ലഭിച്ചു.

എന്നാല്‍ പ്രതികൾ അപ്പീലുകളുമായി മുന്നോട്ട് പോയതോടെ അന്വേഷണത്തിലെ വൈരുധ്യങ്ങളും നടപടിക്രമങ്ങളിലെ വീഴ്ചകളും വ്യക്തമായി പുറത്തുവന്നു. 12 കേസുകളില്‍ വിചാരണക്കോടതി സുരീന്ദര്‍ കോലിക്ക് വധശിക്ഷ നൽകിയിരുന്നെങ്കിലും അലാഹാബാദ് ഹൈക്കോടതി ഇയാളെ കുറ്റവിമുക്തനാക്കി. വിശ്വസനീയമായ തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി 2023 ഒക്ടോബറില്‍ രണ്ടുപേരെയും ഹൈക്കോടതി വെറുതെ വിട്ടു. സി.ബി.ഐയും ഉത്തര്‍പ്രദേശ് സര്‍ക്കാരും ഇരകളുടെ കുടുംബങ്ങളും ഈ ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ട് സുപ്രീം കോടതിയെ സമീപിച്ചു. എങ്കിലും 2025-ല്‍ കേസ് പരിഗണിച്ച സുപ്രീം കോടതി, സംശയത്തിന്റെ ആനുകൂല്യം നൽകി കോലിയെ എല്ലാ കുറ്റങ്ങളില്‍ നിന്നും ഒഴിവാക്കുകയായിരുന്നു.