വഴിയോരത്ത് ഭേൽപുരി വിൽപ്പന നടത്തുകയായിരുന്ന കച്ചവടക്കാരനെ ഒരാൾ മർദിക്കുകയും ഭക്ഷണസാധനങ്ങൾ റോഡിലേക്ക് വലിച്ചെറിയുകയും ചെയ്യുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ബിഹാറിലാണ് സംഭവം നടന്നതെന്നാണ് പ്രചരിക്കുന്ന വീഡിയോയിൽ പറയുന്നത്. വഴിയോര കച്ചവടക്കാരന്റെ അടുത്തെത്തിയ ആൾ ഇയാളെ മർദിച്ച ശേഷം ഭേലിനായി തയ്യാറാക്കി വച്ചിരുന്ന ചേരുവകൾ പൂർണ്ണമായും റോഡിലേക്ക് തട്ടിമറിച്ചിടുന്നത് ദൃശ്യങ്ങളിൽ കാണാം.
ഈ സമയമത്രയും കച്ചവടക്കാരൻ നിസഹായനായി നോക്കിനിൽക്കുന്നതും സമീപത്തുണ്ടായിരുന്നവർ കാഴ്ചക്കാരായി തുടരുന്നതും വീഡിയോയിലുണ്ട്. ഭക്ഷണസാധനങ്ങൾ മുഴുവൻ റോഡിൽ ചിതറിക്കിടക്കുന്ന നിലയിലാണ്. ആക്രമണത്തിന്റെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. അതേസമയം, ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ അക്രമിക്കെതിരെ ശക്തമായ നടപടി വേണമെന്ന ആവശ്യവുമായി നിരവധി പേർ രംഗത്തെത്തി.
വീഡിയോ പങ്കുവെച്ചുകൊണ്ട് ബിഹാർ പൊലീസിനെ ടാഗ് ചെയ്ത് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടവരുമുണ്ട്. കച്ചവടക്കാരനുണ്ടായ നഷ്ടം അക്രമിയായ വ്യക്തിയിൽ നിന്ന് ഈടാക്കണമെന്നും കർശന ശിക്ഷ ഉറപ്പാക്കണമെന്നും ചിലർ ആവശ്യപ്പെട്ടു. എന്നാൽ ഇത് യഥാർഥ സംഭവമാണോ അതോ മനഃപൂർവം ചിത്രീകരിച്ചതാണോ എന്ന കാര്യത്തിൽ ചില സോഷ്യൽ മീഡിയ ഉപയോക്താക്കൾ സംശയവും പ്രകടിപ്പിച്ചു.
വീഡിയോയുടെ യാഥാർഥ്യവും സംഭവത്തിന്റെ കൃത്യമായ തീയതിയും സ്ഥലവും ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അതേസമയം, വൈറൽ ദൃശ്യങ്ങൾ ബിഹാർ പൊലീസിന്റെയും പട്ന പൊലീസിന്റെയും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. വിഷയം പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കാൻ ബിഹാർ പൊലീസ് പട്ന പൊലീസിന് നിർദേശം നൽകി. തുടർന്ന് അന്വേഷണം ബന്ധപ്പെട്ട ഉദ്യോഗസ്ഥന് കൈമാറിയതായി പട്ന പൊലീസ് അറിയിച്ചെങ്കിലും, കേസിൽ ഔദ്യോഗികമായി പരാതി ലഭിച്ചിട്ടുണ്ടോ എന്ന് വ്യക്തമല്ല.




