Crime

‘ഒടുവിൽ അവൻ അത് ചെയ്തു’ വിവാഹേതര ബന്ധമെന്ന് സംശയം: ഉറങ്ങിക്കിടന്ന ഭാര്യയുടെ കഴുത്തറുത്ത് ഭർത്താവ്

ലക്നൗ ∙ ഉത്തർപ്രദേശിലെ ഹർദോയ് ജില്ലയിൽ ഭാര്യയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് ഭർത്താവ് ഉറങ്ങിക്കിടന്ന ഭാര്യയെ കഴുത്തറുത്തു കൊലപ്പെടുത്തി. തല ശരീരത്തിൽ നിന്ന് വേർപെട്ട നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ പന്ത്രണ്ട് വർഷമായി വിവാഹിതരായ പർവേസും 28 കാരിയായ ഭാര്യ നഗ്മയും കുടുംബവീട് വിറ്റ ശേഷം ഹർദോയിലെ ഇസ്‌ലാംനഗർ തിലിയ പ്രദേശത്ത് വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു.

ഭാര്യയ്ക്ക് മറ്റൊരു വ്യക്തിയുമായി ബന്ധമുണ്ടെന്നും നിരന്തരം ഫോണിൽ സംസാരിക്കാറുണ്ടെന്നും പർവേസ് സംശയിച്ചിരുന്നതായി ബന്ധുക്കൾ വ്യക്തമാക്കി. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ പതിവായി വഴക്കുണ്ടായിരുന്നു. രാത്രി നഗ്മ ഉറങ്ങിക്കിടക്കുമ്പോൾ മൂർച്ചയേറിയ കത്തി ഉപയോഗിച്ച് ആക്രമിച്ചാണ് പർവേസ് കൊലപാതകം നടത്തിയത്. കൃത്യത്തിന് ശേഷം പ്രതി പൊലീസ് സ്റ്റേഷനിലെത്തി കുറ്റം സമ്മതിച്ച് കീഴടങ്ങുകയായിരുന്നു.

സംഭവസ്ഥലത്തെത്തിയ പൊലീസ് രക്തത്തിൽ കുളിച്ചുകിടന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകത്തിന് ഉപയോഗിച്ച ആയുധം കണ്ടെത്താനായി പൊലീസ് തിരച്ചിൽ നടത്തുന്നുണ്ട്. അതേസമയം കഴിഞ്ഞ ഒരാഴ്ചയായി നഗ്മയെ ഭർത്താവ് ക്രൂരമായി മർദിച്ചിരുന്നതായി സഹോദരി സബ്ബോ ആരോപിച്ചു. ‘‘അവൻ അവളുടെ കഴുത്തറുക്കുമെന്ന് ഭീഷണിപ്പെടുത്താറുണ്ടായിരുന്നു, ഒടുവിൽ അവൻ അത് ചെയ്തു. അവന്റെ സഹോദരിമാർക്കും അമ്മയ്ക്കും ഇതിൽ പങ്കുണ്ട്. ഒരു സഹോദരിയും അളിയനും തൊട്ടടുത്ത മുറിയിലാണ് ഉറങ്ങിയിരുന്നത്. ഞങ്ങൾക്ക് കൂടുതൽ വിവരങ്ങൾ അറിയില്ല. തല ശരീരത്തിൽ നിന്ന് വേർപെട്ട നിലയിലായിരുന്നു’’– സബ്ബോ പറഞ്ഞു.

പർവേസ് മകളെ നിരന്തരം ഉപദ്രവിച്ചിരുന്നതായി നഗ്മയുടെ അമ്മ സാഹിദയും വ്യക്തമാക്കി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മകളെ കൊല്ലുമെന്ന് ഭീഷണിയുണ്ടായിരുന്നു. ഭർത്താവിനു പുറമേ അമ്മായിയമ്മയും മൂന്ന് നാത്തൂന്മാരും ചേർന്ന് മകളെ ക്രൂരമായ പീഡനങ്ങൾക്ക് ഇരയാക്കിയിരുന്നതായും സാഹിദ ആരോപിച്ചു.