Featured Sports

‘വൈഭവ് ടീമിലെത്തിയത് ഞാൻ ഫോമിൽ അല്ലാത്തതുകൊണ്ട്, അതു മനസ്സിലാക്കാം’: സഞ്ജു സാംസൺ

ന്യൂഡൽഹി∙ താൻ മികച്ച ഫോമിലല്ലാതിരുന്നതുകൊണ്ടാണ് കൗമാര താരം വൈഭവ് സൂര്യവംശിക്ക് ഇന്ത്യൻ ടീമിന്റെ ഓപ്പണിങ് നിരയിൽ അവസരം ലഭിച്ചതെന്ന് സഞ്ജു സാംസൺ വ്യക്തമാക്കി. ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയിലാണ് വൈഭവ് സീനിയര്‍ ടീമില്‍ അരങ്ങേറിയത്. ആദ്യ മൂന്ന് മത്സരങ്ങളിലും സഞ്ജുവിനു പകരം അഭിഷേക് ശർമയോടൊപ്പം വൈഭവാണ് ഇന്ത്യയ്ക്കായി ഓപ്പൺ ചെയ്തത്. ഈ മത്സരങ്ങളിൽ 14, 13, 15 എന്നിങ്ങനെയായിരുന്നു വൈഭവിന്റെ റൺസ്. തുടർന്ന് അഞ്ചാം ട്വന്റി20യിൽ ടീമിൽ തിരിച്ചെത്തിയ സഞ്ജു 27 റൺസ് നേടി.

പിന്നീട് നടന്ന സിംബാബ്‍വെയ്ക്കെതിരായ പരമ്പരയിലും സഞ്ജുവിന് പകരം വൈഭവിനെയാണ് ഇന്ത്യ ഓപ്പണറാക്കിയത്. അവിടെ രണ്ട് അർധ സെഞ്ചറികളോടെ ടൂർണമെന്റിലെ ടോപ് സ്കോററായ വൈഭവ് ടീം മാനേജ്മെന്റിന്റെ വിശ്വാസം കാത്തുസൂക്ഷിച്ചു. അഫ്ഗാനിസ്ഥാനെതിരായ ആദ്യ മത്സരത്തിൽ സഞ്ജു തിളങ്ങാതിരുന്നപ്പോഴും വൈഭവിനെ കളിപ്പിക്കണമെന്ന ആവശ്യമുയർന്നെങ്കിലും രണ്ടാം മത്സരത്തിലും സഞ്ജു തന്നെ ഓപ്പണറായി തുടരുകയായിരുന്നു. ടീമിന്റെ വിജയവും താരങ്ങളുടെ ഫോമും കണക്കിലെടുത്താണ് ഇത്തരം തീരുമാനങ്ങളെടുക്കുന്നതെന്ന് സഞ്ജു പറഞ്ഞു.

ഇന്ത്യൻ ടീമിൽ കളിക്കുന്നതും റൺസ് കണ്ടെത്തുന്നതും എളുപ്പമല്ലെന്ന് സഞ്ജു വാർത്താ സമ്മേളനത്തിൽ ഓർമിപ്പിച്ചു. 700–800 റൺസ് നേടി മികച്ച ഫോമിലുള്ള 15 വയസ്സുകാരനാണ് വൈഭവ്. അതിന് തൊട്ടുമുൻപ് നടന്ന ട്വന്റി20 ലോകകപ്പിൽ താൻ പ്ലേയർ ഓഫ് ദ് ടൂർണമെന്റായിരുന്നു. എന്നാൽ രണ്ടുമൂന്ന് മത്സരങ്ങളിൽ നന്നായി കളിക്കാൻ സാധിക്കാതിരുന്നപ്പോൾ മികച്ച ഫോമിലുള്ള വൈഭവിനെ ഇറക്കാൻ ടീം തീരുമാനിക്കുകയായിരുന്നു. പരമ്പര ജയിക്കാൻ ക്യാപ്റ്റന്റെ ഭാഗത്തുനിന്ന് ചിന്തിക്കുമ്പോൾ ഇത്തരം മാറ്റങ്ങൾ തികച്ചും സ്വാഭാവികമാണെന്നും സഞ്ജു കൂട്ടിച്ചേർത്തു.