Crime

ഭർത്താവിനെ പിടിക്കാനെത്തിയ പൊലീസ് ഗര്‍ഭിണിയുടെ വയറ്റില്‍ ചവിട്ടി! ദാരുണാന്ത്യം; കുട്ടി ഗുരുതരാവസ്ഥയില്‍

ഉത്തര്‍പ്രദേശിലെ ഫിറോസാബാദില്‍ മോഷണക്കേസ് അന്വേഷിക്കാനെത്തിയ പൊലീസിന്റെ ചവിട്ടേറ്റ് എട്ടരമാസം ഗര്‍ഭിണിയായ അഞ്ജലി വര്‍മ എന്ന 28കാരിക്ക് ദാരുണാന്ത്യം. ഭൗവ ഗ്രാമത്തിലെ ഒരു പലചരക്ക് കടയിൽ നടന്ന മോഷണത്തിൽ അഞ്ജലിയുടെ ഭർത്താവ് ഗൗരവ് കുമാറിന് പങ്കുണ്ടെന്ന സംശയത്തെ തുടർന്നാണ് പൊലീസ് സംഘം വീട്ടിലെത്തിയത്. സംഭവത്തിൽ വീഴ്ച വരുത്തിയ രണ്ട് എസ്.ഐമാർ ഉൾപ്പെടെ ആറ് പൊലീസുകാരെ നിലവിൽ സസ്പെൻഡ് ചെയ്തിട്ടുണ്ട്.

ഞായറാഴ്ച രാത്രിയോടെ ഷിക്കോഹാബാദ് പൊലീസ് സ്റ്റേഷനിൽ നിന്നുള്ള സംഘം ഗൗരവിനെ കസ്റ്റഡിയിലെടുക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ താൻ പൂർണ ഗർഭിണിയാണെന്നും ഭർത്താവിന് മോഷണത്തിൽ പങ്കില്ലെന്നും പറഞ്ഞ് അഞ്ജലി പൊലീസുകാരോട് യാചിച്ചു. മുൻവൈരാഗ്യം കാരണം കടയുടമ നൽകിയ വ്യാജ പരാതിയാണിതെന്ന് കുടുംബവും വ്യക്തമാക്കി. രാത്രിയിൽ ഭർത്താവിനെ കൊണ്ടുപോകരുതെന്ന് യുവതി അപേക്ഷിച്ചെങ്കിലും പൊലീസ് കസ്റ്റഡി നടപടികളുമായി മുന്നോട്ടുപോയി.

പൊലീസ് ബലപ്രയോഗത്തിലൂടെ ഗൗരവിനെ കൊണ്ടുപോകാൻ ശ്രമിച്ചപ്പോൾ തടയാനെത്തിയ അഞ്ജലിയുടെ വയറ്റിൽ പൊലീസുകാരിലൊരാൾ ചവിട്ടുകയായിരുന്നുവെന്ന് കുടുംബം ആരോപിക്കുന്നു. ഗുരുതരാവസ്ഥയിലായ യുവതിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രിയോടെ യുവതി ആൺകുഞ്ഞിന് ജന്മം നൽകിയെങ്കിലും അഞ്ജലിയുടെ ജീവൻ രക്ഷിക്കാനായില്ല. നിലവിൽ നവജാതശിശു തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

ഫോട്ടോഗ്രാഫറായ ഗൗരവിൻ്റെ ഭാര്യയുടെ മരണവാർത്ത പുറത്തുവന്നതോടെ വലിയ പ്രതിഷേധവുമായി നാട്ടുകാർ പൊലീസ് സ്റ്റേഷനിലേക്ക് എത്തി. കുറ്റക്കാരായ പൊലീസുകാർക്കെതിരെ കേസ് എടുക്കണമെന്നും കർശന നടപടി വേണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. ഇതേത്തുടർന്ന് നടത്തിയ പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് കുറ്റക്കാരായ പൊലീസുകാർക്കെതിരെ സസ്പെൻഷൻ നടപടി സ്വീകരിച്ചത്.