Crime

ഭര്‍ത്താവിന് മര്‍ദനം, കാമുകിയെ റാഞ്ചി കൂട്ടബലാത്സംഗം ചെയ്തു, ലൊക്കേഷൻ പിടിച്ച് ഭാര്യയുടെ ക്വട്ടേഷൻ

തൃശൂരിലെ ലോഡ്ജിൽ ആൺസുഹൃത്തിനൊപ്പം മുറിയെടുത്ത തിരുപ്പൂർ സ്വദേശിയായ യുവതിയെ പൊലീസ് ചമഞ്ഞെത്തിയ ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കി. യുവാവിനെ ക്രൂരമായി മർദിച്ച് കയ്യും കാലും തല്ലിയൊടിച്ച ശേഷം തമിഴ്നാട്ടിലെ ആശുപത്രിക്കു മുന്നിൽ ഉപേക്ഷിക്കുകയായിരുന്നു.

ഏതാനും ദിവസങ്ങൾക്ക് മുൻപ് നടന്ന ഈ ഞെട്ടിക്കുന്ന സംഭവം വൈകിയാണ് പുറത്തറിഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചു പ്രതികളെ പോലീസ് വിവിധ സ്ഥലങ്ങളിൽ നിന്നായി അറസ്റ്റ് ചെയ്തു. യുവാവിന്റെ ഭാര്യ നൽകിയ ക്വട്ടേഷൻ പ്രകാരമാണ് ആക്രമണം നടന്നതെന്നാണ് പ്രാഥമിക നിഗമനം.

തൃശൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപമുള്ള ലോഡ്ജിലാണ് തിരുപ്പൂർ സ്വദേശികളായ യുവാവും യുവതിയും മുറിയെടുത്തിരുന്നത്. ഫോൺ ലൊക്കേഷൻ വഴി ഇവരെ കണ്ടെത്തിയ യുവാവിന്റെ ഭാര്യ വിവരങ്ങൾ ക്വട്ടേഷൻ സംഘത്തിന് കൈമാറുകയായിരുന്നു. തുടർന്ന് പോലീസാണെന്ന് തെറ്റിദ്ധരിപ്പിച്ച് ലോഡ്ജ് മുറിയിൽ അതിക്രമിച്ചു കയറിയ അഞ്ചംഗ സംഘം, ഇരുവരേയും കെട്ടിയിട്ട് വായിൽ തുണി തിരുകിയ ശേഷം കാറിൽ തട്ടിക്കൊണ്ടുപോയി.

തിരുപ്പൂരിലേക്കുള്ള യാത്രാമധ്യേ യുവാവിനെ ക്രൂരമായി മർദിക്കുകയും കയ്യും കാലും തല്ലിയൊടിക്കുകയും ചെയ്തു. തുടർന്ന് ഇയാളെ തിരുപ്പൂരിന് സമീപമുള്ള ആശുപത്രിക്ക് മുന്നിൽ ഉപേക്ഷിച്ച ശേഷം, സംഘത്തിലെ രണ്ടുപേർ യുവതിയെ മറ്റൊരു കാറിലേക്ക് മാറ്റി കയറ്റി പീഡനത്തിന് ഇരയാക്കുകയായിരുന്നു. പരിക്കേറ്റ യുവതി തമിഴ്നാട് പോലീസിന് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് തൃശൂർ സിറ്റി പോലീസിന് കൈമാറിയത്.

തുടർന്ന് തൃശൂർ സിറ്റി പോലീസ് നടത്തിയ ഊർജിതമായ അന്വേഷണത്തിൽ ആദ്യ പ്രതിയെ നെടുമ്പാശേരി വിമാനത്താവള പരിസരത്തുനിന്ന് പിടികൂടി. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മൂന്നുപേരെ തിരുപ്പൂരിൽ നിന്നും ഒരാളെ പഴനിയിൽ നിന്നും അറസ്റ്റ് ചെയ്തത്. പ്രതികളുടെ പേരുവിവരങ്ങൾ ഉടൻ പുറത്തുവിടുമെന്ന് പോലീസ് വ്യക്തമാക്കി.