Oddly News

സുന്ദരിയാകണം ! 4 കോടി രൂപയുടെ സമ്പാദ്യം മുഴുവൻ ബ്യൂട്ടി പാർലറിൽ ചെലവഴിച്ച് 75-കാരി; ഞെട്ടി മകൾ!

ബെയ്ജിങ്∙ ജോലിയിൽനിന്ന് വിരമിച്ചപ്പോൾ ലഭിച്ച സമ്പാദ്യം മുഴുവൻ സൗന്ദര്യവർധക ചികിത്സയ്ക്കായി ചെലവഴിച്ച് 75കാരി. ചൈനയിലാണ് അപൂർവ്വമായ ഈ സംഭവം നടന്നത്. യു എൻ എന്ന വയോധികയാണ് തന്റെ കൈവശമുണ്ടായിരുന്ന ഏകദേശം നാലുകോടിയോളം രൂപ ബ്യൂട്ടി ചികിത്സകൾക്കായി ഉപയോഗിച്ചത്. വർഷങ്ങളായി ഒരേ സ്ഥാപനത്തെത്തന്നെയാണ് ഇവർ ഇതിനായി ആശ്രയിച്ചിരുന്നത്.

യോങ്ചി ബ്യൂട്ടി ആൻഡ് ഹെയർ ഡ്രെസിങ് കമ്പനിയുടെ ശാഖയിലും അവരുടെ മെഡിക്കൽ ക്ലിനിക്കിലുമായി 2016 മുതലാണ് യു എൻ ചികിത്സ തേടിത്തുടങ്ങിയതെന്ന് ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സ്കിൻ ടൈറ്റനിങ്, ത്രെഡ് ലിഫ്റ്റുകൾ, മസാജുകൾ, പുരികവും ചുണ്ടും ടാറ്റൂ ചെയ്യൽ തുടങ്ങി നിരവധി ചികിത്സകളാണ് ഇവർ ചെയ്തത്. എന്നാൽ ഈ ക്ലിനിക്ക് അമ്മയിൽനിന്ന് അമിതതുക ഈടാക്കിയെന്ന് മകൾ ആരോപിച്ചു.

സാമ്പത്തിക ബുദ്ധിമുട്ടുകൾ ഇല്ലാതിരുന്നതിനാൽ അമ്മ എത്രത്തോളം പണം ചെലവഴിക്കുന്നുണ്ടെന്ന് തുടക്കത്തിൽ മനസ്സിലായില്ലെന്നും പിന്നീടാണ് വിവരമറിഞ്ഞതെന്നും മകൾ മാധ്യമങ്ങളോട് പറഞ്ഞു. വീട് വിറ്റതിലൂടെ ലഭിച്ച തുകയായിരുന്നു അമ്മയുടെ സമ്പാദ്യത്തിന്റെ ഭൂരിഭാഗവും. പല ചികിത്സകൾക്കുമായി വലിയ തുക കൈപ്പറ്റിയെങ്കിലും സ്ഥാപനം കൃത്യമായ സേവനം നൽകിയില്ലെന്നും മകൾ കുറ്റപ്പെടുത്തി.

എന്നാൽ ആരോപണങ്ങൾ സലൂൺ അധികൃതർ തള്ളി. സ്വന്തം രൂപത്തെക്കുറിച്ചുള്ള ആശങ്കകൾ കാരണം യു എൻ തന്നെയാണ് ചികിത്സകൾ വീണ്ടും ആവശ്യപ്പെട്ടതെന്നും നിരക്കുകളെല്ലാം കേന്ദ്രത്തിൽ കൃത്യമായി പ്രദർശിപ്പിച്ചിരുന്നതായും ജീവനക്കാർ വ്യക്തമാക്കി.