Oddly News

ബാർബർമാർക്കും പണിപോവുമോ? ഷേവിങ് പഠിക്കുന്ന ഐ.ഐ. വീഡിയോ പങ്കുവെച്ച് ഹർഷ ഗോയങ്ക!

സോഫ്റ്റ്‌വെയർ , കസ്റ്റമർ സർവീസ്, നിർമ്മാണ മേഖല, ഓഫീസ് ജോലികൾ എന്നിവയിലെയെല്ലാം ഭാവി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) ആണെന്നാണ് പൊതുവേ കരുതപ്പെടുന്നത്. എന്നാൽ വ്യവസായി ഹർഷ് ഗോയങ്ക പങ്കുവെച്ച ഒരു വീഡിയോ വ്യത്യസ്തമായ ഒരു ചോദ്യം ഉയർത്തുന്നു: ഭാവിയിൽ ബാർബറിംഗ് പോലുള്ള കൈത്തൊഴിലുകളെപ്പോലും എ.ഐ പകരം വെക്കുമോ?

ആർ.പി.ജി എന്റർപ്രൈസസ് ചെയർമാനും വ്യത്യസ്തമായ സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെ ശ്രദ്ധേയനുമായ ഹർഷ് ഗോയങ്ക, അടുത്തിടെ എക്സിൽ (X) ഒരു വീഡിയോ പങ്കുവെച്ചു. ഭാവിയിലെ സാങ്കേതികവിദ്യയായ ‘മോഷൻ ക്യാപ്ചർ സിസ്റ്റം’ ധരിച്ച് ഒരു ബാർബർ ആളുടെ താടി വടിക്കുന്നതാണ് വീഡിയോയിലുള്ളത്.

തന്റെ ചലനങ്ങൾ കൃത്യമായി റെക്കോർഡ് ചെയ്യാനും വിശകലനം ചെയ്യാനും രൂപകൽപ്പന ചെയ്ത സംവിധാനങ്ങൾ ധരിച്ചാണ് ബാർബർ ജോലി ചെയ്യുന്നത്. തലയിൽ ക്യാമറയും, വയറുകളും സെൻസറുകളും ബന്ധിപ്പിച്ച ബോഡി ഹാർനെസും, കൈത്തണ്ടയിൽ ട്രാക്കിംഗ് ഉപകരണങ്ങളും അദ്ദേഹം ധരിച്ചിട്ടുണ്ട്. ഇതിനിടയിലും സാധാരണ പോലെ ട്രിമ്മിംഗും ഷേവിംഗും അദ്ദേഹം തുടരുന്നു. ബാർബറുടെ കൈകളുടെ ചലനം, ശരീരത്തിന്റെ പോസിഷൻ, കൃത്യമായ ആംഗിളുകൾ എന്നിവ വേർതിരിച്ചറിയാൻ ഈ സാങ്കേതികവിദ്യക്ക് സാധിക്കും. സങ്കീർണ്ണമായ ശാരീരിക ജോലികൾ ചെയ്യാൻ എ.ഐ അല്ലെങ്കിൽ റോബോട്ടിക് സംവിധാനങ്ങളെ പരിശീലിപ്പിക്കാൻ ഈ വിവരങ്ങൾ ഉപയോഗിച്ചേക്കാം.

ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചു. മേശപ്പുറത്തിരുന്ന് ചെയ്യുന്ന ജോലികൾക്ക് പുറമെ, മനുഷ്യന്റെ തൊട്ടറിവും കഴിവുകളും ആവശ്യമായ മേഖലകളിലേക്കും എ.ഐ കടന്നുവരുമോ എന്ന് ആളുകൾ സംശയം പ്രകടിപ്പിച്ചു. ബാർബർ ഷോപ്പുകളിൽ ലഭിക്കാറുള്ള സൗഹൃദ സംഭാഷണങ്ങളും ഉപദേശങ്ങളും ഇനി റോബോട്ടുകൾ തരുമോ എന്ന് ചിലർ തമാശയായി ചോദിച്ചപ്പോൾ, മൂർച്ചയേറിയ ആയുധങ്ങൾ ഉപയോഗിച്ച് റോബോട്ടുകൾ ജോലി ചെയ്യുന്നതിലെ സുരക്ഷാ ആശങ്കകൾ മറ്റു ചിലർ പങ്കുവെച്ചു.

“സാങ്കേതികവിദ്യ എത്ര വളർന്നാലും, സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് ഉള്ള ഒരു റോബോട്ടിനേക്കാൾ കൈവിറയ്ക്കുന്ന ഒരു മനുഷ്യ ബാർബറെ വിശ്വസിക്കാനാണ് എനിക്കിഷ്ടം,” എന്ന് ഒരാൾ കമന്റ് ചെയ്തു. “എന്റെ മുടിയും താടിയും വെട്ടാൻ ഒരു റോബോട്ടിനെ ഞാൻ വിശ്വസിക്കില്ല, എന്റെ ബാർബറെ മാത്രമേ ഞാൻ വിശ്വസിക്കൂ,” എന്ന് വേറൊരാൾ കുറിച്ചു. എന്നാൽ ചെറിയ നേട്ടങ്ങൾക്കായി സ്വന്തം തൊഴിലിന് ഭീഷണിയാകുന്ന കാര്യങ്ങൾ ചെയ്യുകയാണ് ബാർബർമാർ ചെയ്യുന്നതെന്നും ചിലർ അഭിപ്രായപ്പെട്ടു.

പാരമ്പര്യ തൊഴിലുകളിൽ എ.ഐ ഉണ്ടാക്കുന്ന സ്വാധീനത്തെക്കുറിച്ച് ഗോയങ്ക പോസ്റ്റ് ചെയ്യുന്നത് ഇതാദ്യമല്ല. നേരത്തെ, ഒരു സ്ത്രീയുടെ കയ്യിൽ മെഹന്ദി അണിയിക്കുന്ന എ.ഐ മെഷീന്റെ വീഡിയോയും അദ്ദേഹം പങ്കുവെച്ചിരുന്നു. കയ്യിൽ മെഷീൻ വെയ്ക്കുമ്പോൾ മനുഷ്യന്റെ വലിയ ഇടപെടലുകളില്ലാതെ തന്നെ മനോഹരമായി മെഹന്ദി ഡിസൈൻ ചെയ്യുന്നതായിരുന്നു അത്. മനുഷ്യന്റെ സർഗ്ഗാത്മകതയും കൃത്യതയും ആവശ്യമായ പരമ്പരാഗത മേഖലകളെ ഓട്ടോമേഷൻ എങ്ങനെ മാറ്റുമെന്ന ചർച്ചയ്ക്ക് അന്നും ആ വീഡിയോ വഴിവെച്ചിരുന്നു.