Oddly News

ആത്മഹത്യ തടയാൻ ഫാൻ മാറ്റിയാല്‍ മതിയോ? വിദ്യാർത്ഥിയുടെ ആത്മഹത്യ: IIT ബോംബെയിൽ സീലിങ് ഫാനുകൾക്ക് പകരം ഇനി വാൾ ഫാനുകൾ!

വിദ്യാർത്ഥിയുടെ ആത്മഹത്യയെത്തുടർന്ന് ഐ.ഐ.ടി ബോംബെ ക്യാമ്പസിലെ സീലിംഗ് ഫാനുകൾ മാറ്റി പകരം വാൾ മൗണ്ടഡ് (ചുവരിൽ ഘടിപ്പിക്കുന്ന) ഫാനുകൾ സ്ഥാപിക്കാൻ നീക്കം. “അർത്ഥവത്തായ സ്ഥാപന പരിഷ്കാരങ്ങളും” ഉയർന്ന ഉത്തരവാദിത്തവും ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് ഈ നടപടിയെന്ന് ലഭിച്ച വിവരങ്ങൾ വ്യക്തമാക്കുന്നു.

എനർജി സയൻസ് ആൻഡ് എൻജിനീയറിംഗ് വിഭാഗത്തിലെ രണ്ടാം വർഷ വിദ്യാർത്ഥിയും മഹാരാഷ്ട്രയിലെ യാവത്മാൽ സ്വദേശിയുമായ 22 കാരൻ സാഹിൽ വാക്കോഡെയെ വെള്ളിയാഴ്ച വൈകുന്നേരമാണ് പവായിലെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മിഡ്-സെമസ്റ്റർ പരീക്ഷയ്ക്കിടെ ചാറ്റ്ജിപിടി ഉപയോഗിക്കാൻ മൊബൈൽ ഫോൺ ഉപയോഗിച്ചതിന് പിടിയിലായി മണിക്കൂറുകൾക്കകമായിരുന്നു ഈ ദാരുണ സംഭവം.

ചുവരിൽ ഘടിപ്പിക്കുന്ന ഫാനുകളുടെ ആദ്യ ബാച്ച് ക്യാമ്പസിൽ എത്തിയിട്ടുണ്ടെന്നും ഇവ ഘടിപ്പിക്കുന്നതിനുള്ള ജോലികൾ ഉടൻ ആരംഭിക്കുമെന്നും കരുതുന്നു. ഇത് നവീകരണ പദ്ധതിയുടെ ഭാഗമാണെന്നാണ് വിശേഷിപ്പിക്കപ്പെടുന്നതെങ്കിലും, അടുത്തിടെയുണ്ടായ ആത്മഹത്യയുടെ പശ്ചാത്തലത്തിൽ ഈ വാർത്ത വലിയ ശ്രദ്ധ നേടുകയാണ്. സീലിംഗ് ഫാനുകൾ മാറ്റുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ കഴിഞ്ഞ രണ്ട് മാസമായി നടക്കുന്നുണ്ടെന്നും, നിർദ്ദേശം അടുത്തിടെ അംഗീകരിക്കപ്പെടുകയായിരുന്നുവെന്നും വിവരമുള്ളവർ പറയുന്നു. സംഭവവികാസങ്ങൾ വിദ്യാർത്ഥികൾ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും, ഔദ്യോഗിക പ്രസ്താവനയിറക്കാനോ റിപ്പോർട്ടുകൾ തള്ളിക്കളയാനോ അധികൃതർ തയ്യാറായിട്ടില്ല.

എൻ.സി.പി (എസ്.പി) വക്താവ് അനീഷ് ഗവാണ്ഡെ ഈ നീക്കത്തെ വിമർശിച്ചു. ഫാനുകൾ മാറ്റുന്നത് വിദ്യാർത്ഥികളുടെ ആത്മഹത്യാ പ്രതിസന്ധിക്ക് പരിഹാരമാകില്ലെന്ന് അദ്ദേഹം പറഞ്ഞു. ക്യാമ്പസുകളിൽ ആത്മഹത്യാ പ്രതിരോധത്തിനും മാനസികാരോഗ്യ പിന്തുണയ്ക്കും കൂടുതൽ പ്രാധാന്യം നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

വിദ്യാർത്ഥിയുടെ ആത്മഹത്യയെത്തുടർന്ന് ക്യാമ്പസിൽ വലിയ പ്രതിഷേധങ്ങളാണ് ഉയർന്നത്. പ്രതിഷേധങ്ങളെ തുടർന്ന് ഐ.ഐ.ടി ബോംബെ, അഡ്മിനിസ്ട്രേറ്റീവ് അഫയേഴ്സ് ഡീൻ പ്രൊഫ. സൂര്യനാരായണ ഡൂളയെ ചുമതലകളിൽ നിന്ന് നീക്കി. എന്നാൽ അദ്ദേഹം ഫാക്കൽറ്റിയായി തുടരുന്നുണ്ട്. സാഹിൽ ജാതി വിവേചനത്തിനും പരിഹാസത്തിനും പീഡനത്തിനും ഇരയായിട്ടുണ്ടെന്ന് പിതാവ് രവീന്ദ്ര വാക്കോഡെ ആരോപിക്കുകയും, മകന്റെ മരണത്തിൽ ഐ.ഐ.ടി ബോംബെ ഭരണകൂടത്തിന്റെ പങ്കിനെക്കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

സാഹിലിന്റെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മുംബൈ പോലീസ് പ്രൊഫ. സൂര്യനാരായണ ഡൂളയ്‌ക്കെതിരെ പട്ടികജാതി-പട്ടികവർഗ്ഗ (അതിക്രമങ്ങൾ തടയൽ) നിയമപ്രകാരവും ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 108 (ആത്മഹത്യാ പ്രേരണ) പ്രകാരവും കേസെടുത്തിട്ടുണ്ട്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല….അതിജീവിക്കുകള മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. വിളിക്കൂ 1056 )