Oddly News

സ്കൂളിന് മുന്നിൽ ഉച്ചത്തിലുള്ള ഡിജെ സംഗീതം വില്ലനായി; രണ്ടാം ക്ലാസുകാരി കുഴഞ്ഞുവീണ് മരിച്ചു

ഉത്തർപ്രദേശിലെ ബൽറാംപൂരിൽ ക്ലാസ് മുറിയിൽ മറ്റു കുട്ടികളോട് ചിരിച്ചു സംസാരിച്ചിരുന്ന രണ്ടാം ക്ലാസുകാരി കുഴഞ്ഞുവീണ് മരിച്ചതിന്റെ നടുക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. സോനു തിവാരി എന്നയാളുടെ മകളാണ് തിങ്കളാഴ്ച രാവിലെ 11 മണിയോടെ സ്കൂളിലെ ഒന്നാം നിലയിലുള്ള ക്ലാസ് മുറിയിൽ വെച്ച് ദാരുണമായി മരണപ്പെട്ടത്.

വിഗ്രഹ ഘോഷയാത്രയുടെ ഭാഗമായി സ്കൂളിന് മുന്നിലൂടെ ഉയർന്ന ശബ്ദത്തിൽ ഡി.ജെ (DJ) പാട്ട് വെച്ച് വാഹനങ്ങൾ കടന്നുപോയ സമയത്താണ് ഈ സംഭവം നടന്നത്. പുറത്തുനിന്നുള്ള ഭീകരമായ ശബ്ദം കാരണം ക്ലാസിലെ ജനലുകളും വാതിലുകളും കുലുങ്ങുകയും കുട്ടികൾ പരിഭ്രാന്തരാവുകയും ചെയ്തു. ഇതിനിടയിലാണ് പെൺകുട്ടിക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്. ഉയർന്ന ശബ്ദം കാരണം കുട്ടിക്കൊന്നിനു പുറകെ ഒന്നായി മൂന്ന് തവണ ഹൃദയാഘാതം ഉണ്ടായെന്നാണ് കുടുംബം ആരോപിക്കുന്നത്. മൂന്നാമത്തെ ഹൃദയാഘാതത്തോടെ കുട്ടിയുടെ നില വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടി മരണപ്പെട്ടതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.

കുട്ടി കസേരയിലേക്ക് തളർന്നുവീഴുന്നതും, ഒപ്പമുള്ള കുട്ടി അവളെ എഴുന്നേൽപ്പിക്കാൻ ശ്രമിക്കുന്നതും, തുടർന്ന് പൂർണ്ണമായും നിയന്ത്രണം വിട്ട് കസേരയിൽ നിന്ന് താഴേക്ക് വീഴുന്നതും സി.സി.ടി.വി ദൃശ്യങ്ങളിൽ കാണാം. ഉച്ചത്തിലുള്ള ഡി.ജെ ശബ്ദം കാരണമാണ് ഈ ദാരുണ സംഭവം ഉണ്ടായതെന്ന് സ്കൂൾ അഡ്മിനിസ്ട്രേറ്റർ ആശിഷ് ഉപാധ്യായ ആരോപിച്ചു. ശബ്ദമലിനീകരണ മാനദണ്ഡങ്ങൾ ലംഘിക്കുന്നതിനെക്കുറിച്ചും സുരക്ഷാ വീഴ്ചകളെക്കുറിച്ചും ഈ സംഭവം വലിയ ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്.

ഡി.ജെ ശബ്ദം ഉയർന്നതോടെ ക്ലാസ് മുറി ആകെ വിറയ്ക്കാൻ തുടങ്ങിയെന്നും, ആ സമയത്താണ് കുട്ടിക്ക് ആദ്യത്തെ ഹൃദയാഘാതം ഉണ്ടായതെന്നും ക്ലാസ് ടീച്ചറായ ഇഖ്റ ഖാൻ പറഞ്ഞു. ഉടനടി കുട്ടിയെ മറ്റ് അധ്യാപകരുടെ സഹായത്തോടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുട്ടിയുടെ മരണത്തിന് കാരണം ഡി.ജെ ശബ്ദം തന്നെയോ അതോ മറ്റെന്തെങ്കിലും വൈദ്യശാസ്ത്രപരമായ കാരണങ്ങളുണ്ടോ എന്നത് അന്വേഷണ റിപ്പോർട്ട് പുറത്തുവന്ന ശേഷമേ വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു. വിഷയത്തിൽ നിഷ്പക്ഷമായ അന്വേഷണം നടത്തി ഉചിതമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് എസ്.പി മാർതാണ്ഡ് പ്രകാശ് സിംഗ് വ്യക്തമാക്കി.