Crime

16 കൊലപാതകങ്ങൾ, പെൺവേഷത്തിൽ കാട്ടിൽ ഒളിച്ചു! ബ്രസീലിനെ വിറപ്പിച്ച സീരിയൽ കില്ലർ ‘കൊതുക്’ കുടുങ്ങി

ബ്രസീലിനെ നടുക്കിയ സീരിയൽ കില്ലർ ഹോർലാൻഡ് ലോപ്പസ് ഡസിൽവ (33) പെൺവേഷം കെട്ടി കാട്ടിൽ ഒളിവിൽ കഴിഞ്ഞതിനു ശേഷം ഒടുവിൽ പോലീസിന്റെ പിടിയിലായി. ബ്രസീലിലെ വടക്കുകിഴക്കൻ സംസ്ഥാനമായ പരായിബയിലുള്ള മുലുൻഗു മേഖലയിൽ 16 പേരെയാണ് ഇയാൾ ക്രൂരമായി കൊലപ്പെടുത്തിയത്. ഡഗ്ലസ് ഗാർസിയയുടെ നേതൃത്വത്തിൽ രണ്ടു ദിവസം നീണ്ട രഹസ്യ ദൗത്യത്തിനൊടുവിൽ ഇയാളെ അറസ്റ്റ് ചെയ്ത ശേഷമാണ് അന്വേഷണ സംഘം ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ടത്.

വിജനമായ പ്രദേശങ്ങളിൽ കൊലപാതകങ്ങൾ നടത്തിയ ശേഷം സ്ഥലം വിട്ടിരുന്ന ഇയാൾ വർഷങ്ങളോളം ആരുടെയും കണ്ണിൽപ്പെടാതെ കഴിയുകയായിരുന്നു. മെലിഞ്ഞ ശരീരപ്രകൃതി കാരണം ‘കൊതുക്’ എന്ന വിളിപ്പേരിലായിരുന്നു നാട്ടുകാർക്കിടയിൽ ഇയാൾ അറിയപ്പെട്ടിരുന്നത്. കൂടുതൽ സമയവും കാടിനുള്ളിൽ കഴിഞ്ഞിരുന്നതിനാൽ ആർക്കും ഇയാളെ സംശയമുണ്ടായിരുന്നില്ല. എന്നാൽ 18 വയസ്സുള്ള ഒരു യുവാവിനെ നിരത്തിൽ വെടിവച്ചു കൊന്നതോടെയാണ് സീരിയൽ കില്ലർ ഇയാളാണെന്ന് പോലീസ് തിരിച്ചറിഞ്ഞത്. പോലീസ് തനിക്കായി വലവീശിയെന്ന് മനസ്സിലായതോടെ ഒരു കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി ആൾമാറാട്ടത്തിന് ശ്രമിക്കുകയും വിഗ്ഗും കൃത്രിമ നഖങ്ങളും വച്ച് പെൺവേഷത്തിൽ കാട്ടിൽ ഒളിക്കുകയും ചെയ്തു. ഒടുവിൽ വെള്ള വരകളുള്ള കറുത്ത വസ്ത്രവും വിഗ്ഗും ചായം പൂശിയ നഖങ്ങളുമായി പെൺവേഷത്തിൽ തന്നെയാണ് പോലീസ് ഇയാളെ പിടികൂടിയത്.

കുറ്റവാളികളെ മാത്രമേ താൻ ആക്രമിച്ചിട്ടുള്ളൂ എന്നാണ് ഇയാൾ പോലീസിനോട് അവകാശപ്പെട്ടതെങ്കിലും, ശേഖരിച്ച തെളിവുകൾ ഇയാളുടെ വാദം തെറ്റാണെന്ന് തെളിയിക്കുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. തന്റെ 13-ാം വയസ്സിലാണ് ആദ്യ കൊലപാതകം നടത്തിയത് എന്നും ഇയാൾ മൊഴി നൽകിയിട്ടുണ്ട്. കേസിന്റെ തുടരന്വേഷണവും പ്രോസിക്യൂഷൻ നടപടികളും തടസ്സപ്പെടാതിരിക്കാൻ കൊല്ലപ്പെട്ടവരുടെ വിവരങ്ങളും മരണകാരണങ്ങളും പോലീസ് നിലവിൽ രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്.