മഹാരാഷ്ട്രയിലെ ഠാണെ ജില്ലയിലുള്ള ഡോംബിവ്ലിയിൽ നിർമ്മിതി പൊളിച്ചുമാറ്റാൻ ബുൾഡോസർ എത്തിച്ചതിനെ തുടർന്ന് പ്രാദേശിക നിവാസികളും സ്ത്രീകളും പ്രതിഷേധവുമായി രംഗത്തെത്തിയത് വലിയ സംഘർഷത്തിൽ കലാശിച്ചു. എൻഡിടിവിയുടെ റിപ്പോർട്ട് അനുസരിച്ച്, സ്ഥലം ഒഴിപ്പിക്കുന്നതിനായി ബിൽഡർ ബുൾഡോസറുകളുമായി എത്തിയതോടെയാണ് ഭൂമി ഉടമസ്ഥാവകാശത്തെച്ചൊല്ലിയുള്ള തർക്കം അക്രമത്തിൽ കലാശിച്ചത്. ബുൾഡോസർ എത്തിച്ചതറിഞ്ഞ് ഉടൻ തന്നെ പ്രദേശവാസികൾ സ്ഥലത്തടിച്ചുകൂടുകയും പൊളിക്കൽ നടപടികൾക്കെതിരെ ശക്തമായി പ്രതിഷേധിക്കുകയുമായിരുന്നു.
കെട്ടിടങ്ങൾ പൊളിക്കുന്നത് തടയാനായി നിരവധി സ്ത്രീകൾ ബുൾഡോസറിന് മുന്നിൽ നിലയുറപ്പിച്ചു. ഇതിനിടയിൽ ഒരു സ്ത്രീ ബുൾഡോസറിന്റെ യന്ത്രക്കൈയിൽ പിടിച്ച് മാറ്റാൻ സമ്മതിക്കാതെ വാശിപിടിക്കുകയും ചെയ്തു. ഒപ്പമുണ്ടായിരുന്ന മറ്റു സ്ത്രീകൾ ഇവരെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. എന്നാൽ തൊട്ടുപിന്നാലെ ഇരുവിഭാഗത്തിലെയും സ്ത്രീകൾ തമ്മിൽ കൈയാങ്കളിയും സംഘർഷവും ആരംഭിച്ചതോടെ സ്ഥലം ഒരു യുദ്ധക്കളമായി മാറി. ബുൾഡോസറിനൊപ്പം എത്തിയ ആളുകളും പൊളിക്കലിനെ എതിർത്ത പ്രദേശവാസികളും തമ്മിലായിരുന്നു കൂട്ടയടി.
ഭൂമിതർക്കത്തെച്ചൊല്ലിയുള്ള സംഭവം വൻ സംഘർഷത്തിലേക്ക് നീങ്ങിയതോടെ ഇരുവിഭാഗവും പ്രദേശത്തെ പൊലീസ് സ്റ്റേഷനെ സമീപിച്ചു. പരാതി ലഭിച്ചതിനെ തുടർന്ന് പൊലീസ് വിഷയം ഗൗരവമായി എടുക്കുകയും സംഭവത്തിൽ അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.




