മുംബൈയില്‍ ലോക്കൽ ട്രെയിനിന്റെ വാതിലില്‍വരെ തൂങ്ങിനിന്ന് യാത്ര ചെയ്യുന്ന സ്ത്രീകളുടെ വീഡിയോ ശ്വാസമടക്കിപ്പിടിച്ചാണ് ആളുകള്‍ കാണുന്നത്. യാത്രക്കാര്‍ നേരിടുന്ന അപകടങ്ങളെക്കുറിച്ചും ഇത്തരത്തിൽ ജീവൻ പണയം വെച്ച് യാത്ര ചെയ്യാൻ അവരെ പ്രേരിപ്പിക്കുന്ന സാഹചര്യങ്ങളെക്കുറിച്ചും നെറ്റിസൺസ് ചോദ്യങ്ങൾ ഉന്നയിക്കുകയാണ്. പല്ലവി എന്ന എക്സ് ഉപയോക്താവ് പങ്കുവെച്ച ദൃശ്യങ്ങളിൽ, ഓടുന്ന ട്രെയിനിന്റെ വാതിലിൽ പിടിച്ച് പുറത്തുനിൽക്കുന്ന രണ്ട് സ്ത്രീകളെ കാണാം.
വീഡിയോയിൽ വെള്ള ഫ്ലോറൽ ടോപ്പും നീല ട്രൗസറും ധരിച്ച ഒരു സ്ത്രീ പുറകിൽ ബാഗും തൂക്കി ട്രെയിനിന്റെ വശത്ത് ജീവൻ പണയം വെച്ച് തൂങ്ങിനിൽക്കുന്നത് വ്യക്തമാണ്. തൊട്ടടുത്ത് തന്നെ മറ്റൊരു സ്ത്രീയും ഇതേരീതിയിൽ അപകടകരമായി യാത്ര ചെയ്യുന്നുണ്ട്. ട്രെയിൻ അതിവേഗം പായുന്നതും സമീപത്തുകൂടി മറ്റു ട്രെയിനുകൾ കടന്നുപോകുന്നതും ദൃശ്യങ്ങളിലുണ്ട്. കൈവിട്ടുപോയാലോ വശങ്ങളിലെ ഇരുമ്പുതൂണുകളില്‍ തട്ടിയാലോ വൻ ദുരന്തം ഉണ്ടാകാൻ സാധ്യതയുള്ളതാണ് ഈ യാത്ര.
വീഡിയോ പ്രചരിച്ചതോടെ വലിയ ചർച്ചകൾക്കാണ് സോഷ്യൽ മീഡിയ വഴിവെച്ചത്. അപകടകരമായ ഇത്തരം യാത്രകളെ ചിലർ വിമർശിച്ചപ്പോൾ, മുംബൈയിലെ ലോക്കൽ ട്രെയിനുകളിലെ കടുത്ത തിരക്കും യാത്രാ ദുരിതവുമാണ് ഇതിന് കാരണമെന്ന് ഭൂരിഭാഗം ആളുകളും ചൂണ്ടിക്കാട്ടി. ഇത്തരം അവസ്ഥകളെ ‘മുംബൈയുടെ അതിജീവന കരുത്ത്’ (Spirit of Mumbai) എന്ന് വിശേഷിപ്പിച്ചു മഹത്വവൽക്കരിക്കുന്നതിനെതിരെയും ശക്തമായ എതിർപ്പുയർന്നു. ഇതൊരു അഭിമാനമല്ലെന്നും മറിച്ച് സുരക്ഷിതമായ യാത്ര ഓരോ യാത്രക്കാരന്റെയും അവകാശമാണെന്നും ആളുകൾ അഭിപ്രായപ്പെട്ടു. ലക്ഷക്കണക്കിന് ആളുകൾ ദിവസവും ആശ്രയിക്കുന്ന മുംബൈ ലോക്കൽ ട്രെയിനുകളിലെ സുരക്ഷ വർദ്ധിപ്പിക്കണമെന്ന ആവശ്യവും ഇതോടെ വീണ്ടും ശക്തമായിട്ടുണ്ട്.




