മണ്ഡ്യ (കർണാടക) ∙ കേസിൽ അറസ്റ്റിലായ സർക്കാർ ഉന്നത ഉദ്യോഗസ്ഥൻ ഒരു രോഗവുമില്ലാതെ ആശുപത്രിയിൽ പ്രത്യേക പരിഗണനയോടെ തങ്ങുന്നതായി കണ്ടെത്തി. മണ്ഡ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ (എംഐഎംഎസ്) മണ്ഡ്യ ജില്ലാ ആൻഡ് സെഷൻസ് ജഡ്ജി സി. ചന്ദ്രശേഖർ നടത്തിയ അപ്രതീക്ഷിത പരിശോധനയിലാണ് ശ്രീരംഗപട്ടണയിലെ അസിസ്റ്റന്റ് ഡയറക്ടർ ഓഫ് ലാൻഡ് റെക്കോർഡ്സ് (എഡിഎൽആർ) മുഹമ്മദ് ഹുസൈൻ പ്രത്യേക മുറിയിൽ കഴിയുന്നതായി കണ്ടെത്തിയത്. അനധികൃത അക്കൗണ്ടുകളുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ ഇയാളെ ജയിലിൽ അടച്ചതിന് പിന്നാലെയാണ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നത്.
ഒരു സംഘത്തോടൊപ്പം എംഐഎംഎസ് സന്ദർശിച്ച ജഡ്ജി, ഹുസൈനെ പ്രവേശിപ്പിച്ചിരുന്ന വാർഡ് പരിശോധിക്കുകയും ഇയാളുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് ചോദിച്ചറിയുകയും ചെയ്തു. നിലവിൽ ഹുസൈന് ആശുപത്രിയിൽ തുടരേണ്ട ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ലെന്ന് ഡോക്ടർ വ്യക്തമാക്കി. ഇതിനിടയിൽ മുറിയിലുണ്ടായിരുന്ന യുവതിയോട് സാന്നിധ്യത്തെക്കുറിച്ച് ചോദിച്ചപ്പോൾ, താൻ ഹുസൈന്റെ കാമുകിയാണെന്നാണ് അവർ മറുപടി നൽകിയത്.
ആശുപത്രിയിൽ കിടക്കേണ്ട സാഹചര്യമില്ലാതിരുന്നിട്ടും ഹുസൈനെ പ്രവേശിപ്പിച്ച തീരുമാനത്തെക്കുറിച്ച് ജഡ്ജി ജയിൽ അധികൃതരോട് വിശദീകരണം തേടി. ജയിൽ ഡോക്ടറുടെ ശുപാർശ പ്രകാരമാണ് ആശുപത്രിയിലേക്ക് മാറ്റിയതെന്നും ഇക്കര്യം കോടതിയെ മുൻകൂട്ടി അറിയിച്ചിരുന്നില്ലെന്നും ജയിൽ ഉദ്യോഗസ്ഥർ സമ്മതിച്ചു. തുടർന്ന് ജയിൽ അധികൃതരെ കടുപ്പത്തിൽ ശാസിച്ച ജഡ്ജി, ഹുസൈന്റെ ആശുപത്രി വാസത്തെക്കുറിച്ചുള്ള വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ജയിൽ, എംഐഎംഎസ് അധികൃതർക്ക് നിർദേശം നൽകി. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.




