Celebrity Featured

‘ഒരു സ്വപ്നം പോലെ’! നടി നിലീൻ സാന്ദ്രയും സംവിധായകൻ ശ്യാമിനും വിവാഹിതരായി

നടിയും മോഡലുമായ നിലീൻ സാന്ദ്രയും ചലച്ചിത്ര സംവിധായകൻ ശ്യാമിൻ ഗിരീഷും വിവാഹിതരായി. 2017 മുതൽ അടുത്ത സുഹൃത്തുക്കളായ ഇരുവരും ബന്ധുക്കളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ നടന്ന ചടങ്ങിലാണ് ഒന്നായത്. ശ്യാമിനൊപ്പമുള്ള ബാക്കി ജീവിതം ഒരു സ്വപ്നം പോലെ തോന്നുന്നുവെന്നും പറഞ്ഞറിയിക്കാനാവാത്ത സന്തോഷമുണ്ടെന്നും വിവാഹചിത്രങ്ങൾ പങ്കുവെച്ച് നിലീൻ കുറിച്ചു. സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച വിവാഹചിത്രങ്ങൾ വൈറലായതോടെ ചലച്ചിത്ര-സാംസ്കാരിക രംഗത്തെ പ്രമുഖരും ആരാധകരും ഇരുവർക്കും ആശംസകൾ നേർന്നു.

ശ്യാമിൻ സംവിധാനം ചെയ്ത കരിക്കിന്റെ ഹിറ്റ് സീരീസ് ‘സാമർത്ഥ്യ ശാസ്ത്രം’ എന്ന പരമ്പരയിലൂടെയാണ് നിലീൻ ശ്രദ്ധേയയാകുന്നത്. ഈ സീരീസിന്റെ തിരക്കഥ രചിച്ചതും നിലീൻ തന്നെയായിരുന്നു. കൂടാതെ ‘ഓഫീസർ ഓൺ ഡ്യൂട്ടി’, ‘2018’ എന്നീ ജനപ്രിയ ചിത്രങ്ങളിലും നിലീൻ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

ശ്യാമിൻ ഗിരീഷ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘ഇറ്റ്സ് എ മെഡിക്കൽ മിറാക്കിൾ’ റിലീസിന് ഒരുങ്ങുകയാണ്. ഈ ചിത്രത്തിന്റെയും തിരക്കഥ നിലീനാണ് തയ്യാറാക്കിയിരിക്കുന്നത്. ഷറഫുദ്ദീൻ, സംഗീത് പ്രതാപ്, അഖില ഭാർഗവൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ നിലീനും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.