Featured Oddly News

കള്ളനെ പിടിക്കലൊക്കെ പണ്ട്…! ആശുപത്രിയിൽനിന്ന് 4 ലക്ഷം അടിച്ചുമാറ്റി നായ, ദൃശ്യങ്ങൾ വൈറൽ

മധ്യപ്രദേശിലെ മന്ദ്സൗർ ജില്ലാ ആശുപത്രിയിൽ ഒരു അപൂര്‍വ ‘മോഷണം’. 4 ലക്ഷം രൂപ വിലവരുന്ന സാധനങ്ങളടങ്ങിയ ബാഗ് മോഷ്ടിച്ച ‘കള്ളന്‍ ’ഒരു നായയാണ് എന്നതാണ് ഈ വാര്‍ത്തയിലെ കൗതുകം. സുഖമില്ലാത്ത മകനുമായി ആശുപത്രിയിൽ വന്ന ലതാബായി വാല്മീകി എന്ന സ്ത്രീയുടെ ആഭരണങ്ങളും പണവും അടങ്ങിയ ബാഗാണ് നായ എടുത്തുകൊണ്ടുപോയത്.

ഞായറാഴ്ച രാത്രി 1 മണിക്കും തിങ്കളാഴ്ച രാവിലെ 6 മണിക്കും ഇടയിലാണ് സർജിക്കൽ വാർഡിൽ നിന്ന് ബാഗ് കാണാതായത്. വെള്ളി അരഞ്ഞാണം, പാദസരം, സ്വർണ്ണ മംഗൾസൂത്രം, മോതിരങ്ങൾ, കമ്മലുകൾ എന്നിവയും 2,000 രൂപ പണവും ഉൾപ്പെടെ ഏകദേശം 4 ലക്ഷം രൂപ വിലമതിക്കുന്ന സാധനങ്ങളാണ് ബാഗിൽ ഉണ്ടായിരുന്നത്.

ബാഗ് നഷ്ടപ്പെട്ടതിനെത്തുടർന്ന് ലതാബായി സിറ്റി കോട്വാലി പോലീസ് സ്റ്റേഷനിൽ പരാതി നൽകി. വിഷയം ഗൗരവമായി എടുത്ത പോലീസ്, അന്വേഷണത്തിനായി ഹെഡ് കോണ്‍സ്റ്റബിള്‍ അജയ് സോളങ്കിയെ ചുമതലപ്പെടുത്തി. തുടർന്ന് ആശുപത്രിയിലെയും പരിസരത്തെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് ഒരു നായ വാർഡിൽ നിന്ന് ബാഗ് കടത്തിക്കൊണ്ടുപോകുന്നത് ശ്രദ്ധയിൽപ്പെട്ടത്.

വിവിധ സിസിടിവി ക്യാമറകളിലൂടെ നായ പോയ വഴി പോലീസ് കൃത്യമായി നിരീക്ഷിച്ചു. ഒടുവിൽ ആശുപത്രി വളപ്പിലെ വിജനമായ ഒരു സ്ഥലത്ത് നിന്ന് ബാഗ് കണ്ടെത്തുകയായിരുന്നു. ബാഗിലുണ്ടായിരുന്ന പണവും ആഭരണങ്ങളും സുരക്ഷിതമായിരുന്നു. ആവശ്യമായ നടപടികൾ പൂർത്തിയാക്കിയ ശേഷം തിങ്കളാഴ്ച വൈകുന്നേരം പോലീസ് സാധനങ്ങൾ ലതാബായിക്ക് കൈമാറി. സാധനങ്ങൾ തിരികെ ലഭിച്ചതിൽ ലതാബായി പോലീസിന് നന്ദി അറിയിച്ചു.