Health

പേപ്പർ കപ്പിലെ കാപ്പി സുരക്ഷിതമാണോ? ഒരു സിപ്പ് കാപ്പിയോടൊപ്പം കോടിക്കണക്കിന് മൈക്രോപ്ലാസ്റ്റിക്കും! മുന്നറിയിപ്പുമായി ക്വീൻസ്‌ലാന്റ് സർവകലാശാല

ഓഫീസിലേക്ക് ചൂടുള്ള പേപ്പർ കപ്പുകളിൽ കോഫി കൊണ്ടുപോകുന്നവർക്കായി ഇതാ ഒരു മുന്നറിയിപ്പ്. പേപ്പർ കപ്പുകളിൽ ചൂടുള്ള പാനീയങ്ങൾ ഒഴിക്കുമ്പോൾ ലക്ഷക്കണക്കിന് മൈക്രോപ്ലാസ്റ്റിക് കണങ്ങൾ അതിലേക്ക് കലരുന്നുണ്ടെന്ന് ഓസ്ട്രേലിയയിലെ ക്വീൻസ്‌ലാന്റ് സർവകലാശാലയിലെ ഗവേഷകർ കണ്ടെത്തി. സാധാരണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കോട്ടിംഗുള്ള (പോളിഎത്തിലീൻ) കപ്പുകളിലും, പരിസ്ഥിതി സൗഹൃദമെന്ന് അവകാശപ്പെടുന്ന ബയോഡീഗ്രേഡബിൾ കോട്ടിംഗുള്ള (PLA) കപ്പുകളിലും നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ.

വിസ്മയകരമെന്നു പറയട്ടെ, പരിസ്ഥിതി സൗഹൃദ ബയോഡീഗ്രേഡബിൾ കപ്പുകളാണ് സാധാരണ പേപ്പർ കപ്പുകളേക്കാൾ 12 മടങ്ങ് കൂടുതൽ പ്ലാസ്റ്റിക് കണങ്ങൾ പുറന്തള്ളുന്നത്. സാധാരണ കപ്പുകളിൽ നിന്ന് ഒരു മില്ലിലിറ്ററിൽ 2.7 ദശലക്ഷം പ്ലാസ്റ്റിക് കണങ്ങൾ കലരുമ്പോൾ ബയോഡീഗ്രേഡബിൾ കപ്പുകളിൽ ഇത് 4.3 ദശലക്ഷമാണ്. മനുഷ്യന്റെ മുടിയേക്കാൾ ആയിരം മടങ്ങ് നേർത്ത അളവിലാണ് ഈ കണികകൾ കാണപ്പെടുന്നത്.

പേപ്പർ കപ്പുകൾ ഉപയോഗിക്കുന്നത് പൂർണ്ണമായി നിർത്തണമെന്നല്ല ഇതിനർത്ഥമെന്നും, മറിച്ച് ഇത്തരം ഉൽപ്പന്നങ്ങളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തേണ്ടതുണ്ടെന്നും ഗവേഷകനായ ഡോ. എൽവിസ് ഒക്കോഫോ പറഞ്ഞു. പാനീയങ്ങൾ കുടിക്കാൻ ഉപയോഗിക്കുന്ന കപ്പുകളിൽ ഉപയോഗിച്ചിരിക്കുന്ന കോട്ടിംഗിനെക്കുറിച്ച് ഉപഭോക്താക്കൾക്ക് വ്യക്തമായ വിവരങ്ങൾ നൽകണമെന്നും സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ കശനമാക്കണമെന്നും പഠനം നിർദ്ദേശിക്കുന്നു.