Crime

“അതിനിടെ മരിക്കാതിരുന്നത് ഭാഗ്യം!”: മോർച്ചറി മുറിയിലെ ലൈംഗികബന്ധത്തിൽ പ്രതികൾക്കെതിരെ രൂക്ഷവിമർശനവുമായി ശരിയത്ത് കോടതി ജഡ്ജി

പള്ളിയുടെ മോർച്ചറി മുറിയിൽ വെച്ച് പലതവണ ലൈംഗികബന്ധത്തിൽ ഏർപ്പെട്ട മുൻ കെയർടേക്കർക്കും ശുചീകരണത്തൊഴിലാളിക്കും മലേഷ്യയിലെ മലാക്ക ശരിയത്ത് ഹൈക്കോടതി 5,000 റിംഗിറ്റ് (ഏകദേശം ഒരു ലക്ഷം രൂപ) വീതം പിഴ ശിക്ഷ വിധിച്ചു. പിഴയടച്ചില്ലെങ്കിൽ ഇരുവരും 18 മാസം തടവുശിക്ഷ അനുഭവിക്കേണ്ടി വരും.

മലാക്കയിലെ കാമ്പുങ് ബുക്കിറ്റ് പിയാട്ടുവിലുള്ള മസ്ജിദ് അൽ-ഇബാദയിലാണ് ഈ സംഭവം നടന്നത്. നാല് മക്കളുടെ പിതാവായ മുൻ കെയർടേക്കർ മുഹമ്മദ് റാഫി അബു സമഹ് (48), എട്ട് മക്കളുള്ള വിവാഹിതയായ ശുചീകരണത്തൊഴിലാളി നൂർഹസ്‌ലിന്ദ ഹാഷിം (51) എന്നിവരാണ് കേസിൽ കുറ്റസമ്മതം നടത്തിയ പ്രതികൾ. നിയമപരമായി വിവാഹം കഴിക്കാത്തവർ തമ്മിൽ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് ഇസ്ലാമിക നിയമപ്രകാരം കുറ്റകരമാണ്.

1991-ലെ മലാക്ക ശരിയത്ത് കുറ്റകൃത്യ നിയമത്തിലെ 52-ാം വകുപ്പ് പ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ, ഈ വർഷം ജനുവരിക്കും ഏപ്രിലിനും ഇടയിലാണ് പ്രതികൾ മോർച്ചറി മുറിയിൽവെച്ച് പലതവണ ബന്ധപ്പെട്ടതെന്ന് മലേഷ്യൻ പത്രമായ ഹരിയാൻ മെട്രോ റിപ്പോർട്ട് ചെയ്യുന്നു. ഇതിൽ ഏപ്രിലിൽ നടന്ന സംഭവത്തിലെ തെളിവുകൾ അടിസ്ഥാനമാക്കിയാണ് ശിക്ഷ നടപടികളിലേക്ക് കടന്നത്. വിധി പ്രസ്താവത്തിൽ ജഡ്ജി മവാർദി ചെ മാൻ പ്രതികൾക്കെതിരെ രൂക്ഷമായ വിമർശനമാണ് നടത്തിയത്. അനാശാസ്യത്തിൽ ഏർപ്പെടുന്നതിനിടെ മരിച്ചില്ല എന്നത് ഭാഗ്യമാണെന്നും, പള്ളിയുടെ പവിത്രമായ ഭാഗവും മൃതദേഹങ്ങൾ ശുദ്ധീകരിക്കുന്ന പുണ്യസ്ഥലവുമായ മോർച്ചറി മുറിയിലാണ് ഇരുവരും ഈ കൊടുംപാപം ചെയ്തതെന്നും കോടതി ഓർമ്മിപ്പിച്ചു.

ആരാധനാലയത്തിന്റെ വിശുദ്ധി സംരക്ഷിക്കേണ്ടവർ തന്നെ വഞ്ചന കാട്ടിയെന്ന് നിരീക്ഷിച്ച കോടതി, സംഭവത്തിൽ പ്രതികൾക്ക് കടുത്ത താക്കീതും നൽകി. തുടക്കത്തിൽ പോലീസിന് ലഭിച്ച ഒരു ബലാത്സംഗ പരാതിയെത്തുടർന്ന് നടത്തിയ വിശദമായ അന്വേഷണമാണ് ഈ കേസിൽ വഴിത്തിരിവായത്. തുടർന്ന് ജൂൺ 4-ന് പോലീസ് ഇവരെ മലാക്ക ഇസ്ലാമിക് റിലീജ്യസ് ഡിപ്പാർട്ട്‌മെന്റിന് കൈമാറുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഈ ശാരീരികബന്ധം പരസ്പര സമ്മതത്തോടെയാണ് നടന്നതെന്ന് അന്വേഷണ സംഘം വ്യക്തമാക്കിയത്.