ബിരുദദാനച്ചടങ്ങുകൾ സാധാരണയായി കറുത്ത ഗൗണുകളും ബിരുദ സർട്ടിഫിക്കറ്റുകളും അഭിമാനം നിറഞ്ഞ കുടുംബാംഗങ്ങളും ചേരുന്ന നിമിഷങ്ങളാണ്. എന്നാൽ, തോളിലൊരു പൂച്ചയെയും ഇരുത്തി വേദിയിലെത്തിയ ആർക്കിടെക്ചർ വിദ്യാർത്ഥിയുടെ കോൺവൊക്കേഷൻ ചടങ്ങ് സോഷ്യൽ മീഡിയയിൽ ഏറെ ഹൃദ്യമായ ഒരു തരംഗമായി മാറി.
നവൽ താംബുൽക്കറും അദ്ദേഹത്തിന്റെ പ്രിയപ്പെട്ട പൂച്ചയും ചേർന്നുള്ള ഈ മനോഹര നിമിഷം ചിത്രീകരിച്ച വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചതോടെ നിമിഷനേരം കൊണ്ടാണ് ആയിരക്കണക്കിന് ആളുകളുടെ ശ്രദ്ധനേടിയത്.
അക്കാദമിക് ഗൗൺ ധരിച്ച് നവൽ തൻ്റെ ബിരുദദാനച്ചടങ്ങിൽ പങ്കെടുക്കുന്നതാണ് വൈറലായ ക്ലിപ്പിലുള്ളത്. എന്നാൽ കൗതുകമുണർത്തിയ വിഷയം അദ്ദേഹത്തിന്റെ തോളിൽ ശാന്തമായി ഇരുന്നിരുന്ന ചെറിയ പൂച്ചക്കുട്ടിയായിരുന്നു. ബിരുദം വാങ്ങാൻ വേദിയിലൂടെ നടക്കുമ്പോൾ ഈ പൂച്ചക്കുട്ടിയും ചടങ്ങിന് അനുയോജ്യമായ ചെറിയൊരു ഗൗൺ ധരിച്ചിരുന്നു. പരിചയമില്ലാത്ത അന്തരീക്ഷമായിരുന്നിട്ടും ഒട്ടും ഭയപ്പെടാതെയും പരിഭ്രമിക്കാതെയും പൂച്ചക്കുട്ടി ചടങ്ങിലുടനീളം തികച്ചും ശാന്തമായി ഇരുന്നു. ഇതോടെ ബിരുദദാനച്ചടങ്ങിലെ പ്രധാന ആകർഷണകേന്ദ്രമായി ഈ കൊച്ചു കൂട്ടുകാരൻ മാറി.
ബിരുദം സ്വീകരിച്ച ശേഷം നവൽ ചിത്രങ്ങൾക്ക് വേണ്ടി പോസ് ചെയ്യുമ്പോൾ, വേദിയിലുണ്ടായിരുന്ന അധ്യാപകരും ഈ കൊച്ചു അതിഥിയെ കണ്ട് ഒരുപോലെ സന്തോഷിച്ചു. അതിമനോഹരമായ ആ പൂച്ചക്കുട്ടിയെ തലോടാൻ അധ്യാപകരിലൊരാൾ കൈനീട്ടുന്നതും കാണാമായിരുന്നു. ഈ സംഭവം ആ വേളയെ കൂടുതൽ മനോഹരമാക്കി.
‘shutupnaval’ എന്ന ഇൻസ്റ്റാഗ്രാം ഹാൻഡിലിലൂടെയാണ് വീഡിയോ പങ്കുവെച്ചത്. ഒരൊറ്റ ദിവസം കൊണ്ട് ഈ വീഡിയോ പത്ത് ലക്ഷത്തിലധികം ആളുകൾ കണ്ടതായാണ് റിപ്പോർട്ട്.
വ്യത്യസ്തമായ ഈ കോൺവൊക്കേഷൻ നിമിഷം കണ്ടതോടെ തമാശയും സ്നേഹവും നിറഞ്ഞ പ്രതികരണങ്ങളുമായി നിരവധി ആളുകളാണ് രംഗത്തെത്തിയത്. “പഠനത്തിൽ ഈ പൂച്ച വിദ്യാർത്ഥിയെ ഒരുപാട് സഹായിച്ചിട്ടുണ്ടാകും” എന്ന് ഒരു ഉപയോക്താവ് തമാശരൂപേണ കുറിച്ചു. “എന്റെ പൂച്ചയായിരുന്നെങ്കിൽ എന്റെ മുഖവും ബിരുദ സർട്ടിഫിക്കറ്റും കീറിപ്പറിത്തേനെ” എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. “മറ്റു പൂച്ചകൾ ബിരുദം നേടുന്നുണ്ടെന്ന് കാണിക്കാൻ ഞാൻ എന്റെ പൂച്ചയ്ക്ക് ഈ വീഡിയോ കാണിച്ചുകൊടുക്കുകയാണ്” എന്ന് വേറൊരാൾ കുറിച്ചു. മറ്റൊരു ഉപയോക്താവ് ഇതിനെ ‘കോൺവോ-ക്യാറ്റ്-ഷൻ’ (ConvoCation) എന്ന് വിശേഷിപ്പിച്ചു.
വേദിയിലുണ്ടായിരുന്ന അധ്യാപകരുടെ പ്രതികരണവും മൃഗങ്ങളോടുള്ള അവരുടെ സ്നേഹവുമായിരുന്നു മറ്റു ചിലരുടെ ശ്രദ്ധയാകർഷിച്ചത്. “അധ്യാപകർ ഇത്രയധികം സന്തോഷത്തോടെ പൂച്ചയെ തലോടുന്നത് കാണാൻ വളരെ മനോഹരമായിരിക്കുന്നു. അവിടെയുള്ള എല്ലാവരും ആ കൊച്ചു കുഞ്ഞിനെ സ്നേഹിക്കുകയാണ്,” എന്ന് ഒരാൾ എഴുതി. “ആളുകൾ അവരുടെ ബിരുദദാനച്ചടങ്ങുകളോട് എങ്ങനെ പ്രതികരിക്കണം എന്ന് ഞാൻ ആഗ്രഹിച്ചോ, കൃത്യമായി അതുപോലെ തന്നെയാണ് ഇത്,” എന്ന് മറ്റൊരാളും അഭിപ്രായപ്പെട്ടു. ഇന്ന് ഇന്റർനെറ്റിൽ കണ്ട ഏറ്റവും മനോഹരവും കൗതുകമുള്ളതുമായ കാഴ്ചയാണിതെന്നാണ് ഭൂരിഭാഗം ആളുകളും കുറിച്ചത്.




