ദുബായിൽ ട്രക്ക് ഡ്രൈവറായി ജോലി ചെയ്യുന്ന 53 വയസ്സുള്ള പഞ്ചാബ് സ്വദേശിയായ കുൽവന്ത് സിംഗിന് ജനപ്രിയ ലോട്ടറി നറുക്കെടുപ്പിൽ ഏകദേശം 1.3 കോടി രൂപ സമ്മാനം ലഭിച്ചു. കഴിഞ്ഞ 18 വർഷമായി ദുബായിലെ ജബൽ അലി മേഖലയിലാണ് ഇദ്ദേഹം താമസിച്ചുവരുന്നത്. അബുദാബി ബിഗ് ടിക്കറ്റിന്റെ 291-ാം സീരീസിലെ ആശ്വാസ സമ്മാനങ്ങളിലൂടെ ഇദ്ദേഹം ഉൾപ്പെടെ അഞ്ച് ഇന്ത്യൻ പ്രവാസികൾക്ക് ആകെ 1.95 മില്യൺ ദിർഹമാണ് ലഭിച്ചത്. കുൽവന്ത് സിംഗിന് 5 ലക്ഷം ദിർഹവും (ഏകദേശം 1.3 കോടി രൂപ) കേരളത്തിൽ നിന്നുള്ള 30 വയസ്സുകാരനായ എഞ്ചിനീയർ മുഹമ്മദ് ഇജാസ് സിക്ക് 1 ലക്ഷം ദിർഹവും (ഏകദേശം 26 ലക്ഷം രൂപ) സമ്മാനമായി ലഭിച്ചു.
കഴിഞ്ഞ രണ്ടു വർഷമായി ഇവർ ഒരു ഗ്രൂപ്പായി ഭാഗ്യം പരീക്ഷിച്ചുവരികയായിരുന്നു. ഒടുവിൽ ഇവരുടെ പരിശ്രമം ഫലം കാണുകയായിരുന്നു. ഓൺലൈൻ വീഡിയോകളിലൂടെയാണ് താൻ ഈ ലോട്ടറിയെക്കുറിച്ച് അറിഞ്ഞതെന്നും അങ്ങനെയാണ് പങ്കാളിയാകാൻ തീരുമാനിച്ചതെന്നും കുൽവന്ത് സിംഗ് പറഞ്ഞു. ഇത്തവണ യാദൃശ്ചികമായി എടുത്ത ഒരു ടിക്കറ്റാണ് ഇവർക്ക് ഭാഗ്യം കൊണ്ടുവന്നത്. തങ്ങൾ ജയിച്ചുവെന്നറിഞ്ഞപ്പോൾ വലിയ സന്തോഷം തോന്നിയെന്നും എല്ലാ മാസവും ഒരുമിച്ച് ടിക്കറ്റെടുക്കാറുള്ള തങ്ങൾക്ക് ഒടുവിൽ ഈ നല്ല വാർത്ത കേൾക്കാനായതിൽ വലിയ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ തുക കുടുംബത്തിന്റെ ആവശ്യങ്ങൾക്കായും സ്വന്തം വീടിന്റെ നിർമ്മാണത്തിനുമായി ഉപയോഗിക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം. തുടർന്നും ഇത്തരത്തിൽ ഭാഗ്യപരീക്ഷണങ്ങളിൽ പങ്കാളികളാകാൻ ഇവർ തീരുമാനിച്ചിട്ടുണ്ട്.
അതേസമയം തന്റെ മകന്റെ ജനനത്തീയതിയും വർഷവും ചേർത്തുള്ള നമ്പറാണ് താൻ തിരഞ്ഞെടുത്തതെന്നും അതാണ് വിജയിച്ചതെന്നും മുഹമ്മദ് ഇജാസ് പറഞ്ഞു. മകന്റെ പിറന്നാൾ ദിനത്തെ അടിസ്ഥാനമാക്കി എടുത്ത ടിക്കറ്റിന് സമ്മാനം ലഭിച്ചത് ഈ സന്തോഷത്തിന്റെ മാറ്റുകൂട്ടിയെന്നും ഏറ്റവും അവിസ്മരണീയമായ നിമിഷങ്ങളിലൊന്നാണിതെന്നും അദ്ദേഹം വ്യക്തമാക്കി.




