Featured Spotlight

ഗ്ലൗസും വൈപ്പുകളും സിസേറിയനിടെ വയറ്റിൽ മറന്നുവച്ചു, കടുത്ത വയറുവേദന; 19കാരിയുടെ ആരോഗ്യനില മോശം

മുംബൈ∙ മഹാരാഷ്ട്രയിലെ ബീഡ് ജില്ലാ ആശുപത്രിയിൽ ഗുരുതര ചികിത്സാ വീഴ്ച നടന്നെന്ന് ആരോപണം. പ്രസവ ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ വയറ്റിൽ ആശുപത്രി സാമഗ്രികൾ മറന്നുവെച്ചതായാണ് പരാതി ഉയർന്നിരിക്കുന്നത്. 19 വയസ്സുള്ള സന്ധ്യ ഗയ്ക്‌വാർഡ് എന്ന യുവതിയുടെ ശരീരത്തിലാണ് സിസേറിയനിടെ സർജിക്കൽ ഗ്ലൗസും ടിഷ്യു വൈപ്പുകളും വെച്ച് തുന്നിക്കെട്ടിയത്.

ഓഗസ്റ്റ് ഒന്നിനാണ് യുവതിയെ പ്രസവത്തിനായി ഈ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയ കഴിഞ്ഞ് നാലാം നാൾ യുവതി വീട്ടിലേക്ക് മടങ്ങി. എന്നാൽ തൊട്ടുപിന്നാലെ സഹിക്കാനാകാത്ത വയറുവേദന അനുഭവപ്പെട്ടതോടെ യുവതിയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചു. അവിടെ നടത്തിയ പരിശോധനയിലാണ് വയറ്റിനുള്ളിൽ വിദേശവസ്തുക്കൾ കുടുങ്ങിക്കിടക്കുന്നത് കണ്ടത്. തുടർന്ന് പുണെയിലെ ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയ നടത്തിയാണ് ഈ ഗ്ലൗസുകളും ടിഷ്യു വൈപ്പുകളും പുറത്തെടുത്തത്.

സംഭവത്തിൽ ജില്ലാ ആശുപത്രി അധികൃതർക്കെതിരെ യുവതിയുടെ ബന്ധുക്കൾ ശക്തമായി രംഗത്തെത്തി. യുവതിയുടെ ആരോഗ്യം വല്ലാതെ വഷളായെന്നും നവജാതശിശുവിനെ പോലും പരിചരിക്കാൻ കഴിയാത്ത അവസ്ഥയിലാണെന്നും ഭർത്താവ് വ്യക്തമാക്കി. പരാതി ഉയർന്നതിനെ തുടർന്ന് ആശുപത്രി അധികൃതർ സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.