Featured Spotlight

30വർഷം നീണ്ട 20 രൂപയുടെ കൈക്കൂലിക്കേസ്: നിയമപോരാട്ടത്തിനൊടുവിൽ മുൻ ജീവനക്കാരെ വെറുതെവിട്ട് സുപ്രീം കോടതി!

ന്യൂഡൽഹി∙ വെറും 20 രൂപ കൈക്കൂലി വാങ്ങിയെന്ന കേസിൽ ഗുജറാത്തിലെ രണ്ട് സർക്കാർ ജീവനക്കാരുടെ 30 വർഷത്തെ നിയമപോരാട്ടത്തിന് സുപ്രീം കോടതി വിധിയിലൂടെ വിരാമം. ഗുജറാത്ത് ആനന്ദ് ജില്ലയിലെ ബേചാരി ഗ്രാമപഞ്ചായത്ത് ഓഫിസിലെ മുൻ ജീവനക്കാരെയാണ് ജസ്റ്റിസ് ഉജ്ജൽ ഭുയാൻ, ജസ്റ്റിസ് അതുൽ എസ്. ചന്ദുർകർ എന്നിവരുടെ ബെഞ്ച് കുറ്റവിമുക്തരാക്കിയത്. ഉദ്യോഗസ്ഥർ കൈക്കൂലി ആവശ്യപ്പെട്ടതായി തെളിയിക്കാൻ പ്രോസിക്യൂഷന് സാധിക്കാത്തതിനെ തുടർന്നാണ് ശിക്ഷ റദ്ദാക്കിയത്.

1996 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പഠനാവശ്യത്തിനുള്ള വരുമാന സർട്ടിഫിക്കറ്റിനായി പഞ്ചായത്ത് ഓഫിസിലെത്തിയ വിദ്യാർഥിയോട് ക്ലർക്ക് 120 രൂപ കൈക്കൂലി ചോദിച്ചെന്നായിരുന്നു പരാതി. ഇതിൽ 100 രൂപ ക്ലർക്കിനും 20 രൂപ പ്യൂണിനും നൽകണമെന്നായിരുന്നു ആവശ്യം.

തുടർന്ന് വിദ്യാർഥി വിജിലൻസിനെ സമീപിക്കുകയും അവരുടെ നിർദേശപ്രകാരം പണം കൈമാറുകയും ചെയ്തു. ഉദ്യോഗസ്ഥർ വിദ്യാർഥിക്ക് 120 രൂപ നൽകി വിട്ടെങ്കിലും പരിശോധനയ്ക്ക് എത്തിയ സംഘത്തിന് പ്യൂണിന്റെ പക്കൽ നിന്ന് 20 രൂപ മാത്രമാണ് കണ്ടെത്താനായത്; ക്ലർക്കിന് നൽകിയെന്ന് പറഞ്ഞ 100 രൂപ ലഭിച്ചതുമില്ല.

കേസിൽ പ്രോസിക്യൂഷൻ മുന്നോട്ടുവെച്ച വാദങ്ങളിൽ കടുത്ത പൊരുത്തക്കേടുകളുണ്ടെന്ന് നിരീക്ഷിച്ചാണ് കോടതി രണ്ടുപേരെയും വെറുതെവിട്ടത്. പരാതിക്കാരനായ വിദ്യാർഥിയുടെ ആദ്യ മൊഴിയും പിൽക്കാലത്തെ മൊഴികളും തമ്മിൽ വലിയ വൈരുദ്ധ്യങ്ങളുണ്ടെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. 200 രൂപ ചോദിച്ചെന്നും പിന്നീട് 120 രൂപയായി കുറച്ചെന്നുമാണ് വിദ്യാർഥി ആദ്യം പറഞ്ഞിരുന്നത്.

എന്നാൽ പ്യൂൺ തന്നോട് പണം ചോദിച്ചിരുന്നില്ലെന്നും സർട്ടിഫിക്കറ്റ് കിട്ടിയ സന്തോഷത്തിൽ താൻ നൽകിയതാണെന്നുമാണ് വിദ്യാർഥി പിന്നീട് കോടതിയിൽ വ്യക്തമാക്കിയത്. വിജിലൻസ് 120 രൂപ നൽകാൻ പറഞ്ഞിട്ടും 20 രൂപ മാത്രം പ്യൂണിന് കൊടുത്തതിലും കോടതി സംശയം പ്രകടിപ്പിച്ചു. തൊട്ടടുത്ത ദിവസം പെരുന്നാൾ ആയതിനാൽ സന്തോഷസൂചകമായി വിദ്യാർഥി തനിക്ക് സ്വമേധയാ തന്ന തുകയാണിതെന്നായിരുന്നു പ്യൂണിന്റെ വാദം.