മുംബൈ: പ്രണയപ്പകയെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ കുപ്രസിദ്ധ ഗുണ്ടാനേതാവിനെ സ്വന്തം സംഘാംഗം കുത്തിക്കൊലപ്പെടുത്തി. നാഗ്പൂരിലെ നരേന്ദ്രനഗറിലുള്ള സുന്ദർബൻ പ്രദേശത്താണ് സംഭവം. ഗൗരവ് പങ്കജ് രഗ്ഡെ (27) ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ സുഹൃത്തും ഗാങ് അംഗവുമായ ഗൗരവ് രാംഭാവു റാവുത്ത്, സഹായി അഭിഷേക് വാസ്നിക് എന്നിവർ ചേർന്നാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് സ്ഥിരീകരിച്ചു.
കൊല്ലപ്പെട്ട ഗൗരവ് രഗ്ഡെ അടുത്തിടെയാണ് ജാമ്യത്തിൽ പുറത്തിറങ്ങിയത്. നാഗ്പൂരിലെ പ്രശസ്തമായ ‘ഗംചു’ വധക്കേസിലെ പ്രധാന പ്രതിയായ ഇയാൾക്കെതിരെ കവർച്ച ഉൾപ്പെടെ നിരവധി ഗുരുതര കുറ്റകൃത്യങ്ങൾക്ക് കേസുകളുണ്ട്. അജ്നി പോലീസ് സ്റ്റേഷനിൽ മാത്രം കൊലപാതകവും കൊലപാതകശ്രമവും അടക്കം ഒൻപതോളം കേസുകൾ ഇയാളുടെ പേരിലുണ്ട്. രഗ്ഡെയെ വധിച്ച ഗൗരവ് രാംഭാവു റാവുത്തും അഭിഷേക് വാസ്നികും മറ്റ് കൊലപാതകക്കേസുകളിലെ പ്രതികളാണ്.
മുംബൈ സ്വദേശിയായ യുവതിയുമായി ഗൗരവ് രഗ്ഡെ രണ്ടര വർഷത്തോളമായി പ്രണയത്തിലായിരുന്നു. എന്നാൽ രഗ്ഡെ ജയിലിലായ സമയത്ത് ഈ യുവതി ഗൗരവ് രാംഭാവു റാവുത്തുമായി അടുപ്പത്തിലായി. ക്രിമിനൽ പശ്ചാത്തലം ഉപേക്ഷിച്ച് റാവുത്തുമായി പുതിയ ജീവിതം തുടങ്ങാൻ ആഗ്രഹിച്ച യുവതി, നരേന്ദ്ര നഗറിൽ ഒരു ക്ലൗഡ് കിച്ചൺ ആരംഭിക്കുകയും സമീപത്തുള്ള വാടകവീട്ടിൽ ഇരുവരും ഒന്നിച്ചുതാമസം തുടങ്ങുകയും ചെയ്തു.
ജയിലിൽ നിന്നിറങ്ങിയ രഗ്ഡെ വിവരമറിഞ്ഞ് റാവുത്തിന്റെ വീടിനുനേരെ ആക്രമണം നടത്തുകയായിരുന്നു. ജീവൻ രക്ഷിക്കാനായി റാവുത്തും സുഹൃത്തുക്കളും പിൻവാതിലിലൂടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും രഗ്ഡെ ഇവരെ പിന്തുടർന്നു. തുടർന്നുണ്ടായ കൈയാങ്കളിക്കിടെ രഗ്ഡെയുടെ കൈയിലുണ്ടായിരുന്ന കത്തി പിടിച്ചെടുത്ത് പ്രതികൾ ഇയാളെ കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രഗ്ഡെയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിനുശേഷം കടന്നുകളഞ്ഞ പ്രതികളെ പോലീസ് പിന്തുടർന്ന് പിടികൂടി.




