Featured Sports

പിഴയോട് പിഴ, അർജന്റീന താരങ്ങൾക്ക് വിലക്കും കോടികളുടെ പിഴയും!, പരെഡസിന് 10 മത്സരങ്ങളിൽ വിലക്ക്

സൂറിച്ച്: ഫുട്‌ബോള്‍ ലോകകപ്പിലെ അച്ചടക്ക ലംഘനത്തിന്റെ പേരില്‍ അര്‍ജന്റീന ടീമിനും പ്രമുഖ താരങ്ങള്‍ക്കും ശിക്ഷ വിധിച്ചിരിക്കുകയാണ് ഫിഫയുടെ അച്ചടക്ക സമിതി. സ്‌പെയിനെതിരായ ഫൈനല്‍ മത്സരത്തിന് ശേഷമുണ്ടായ കൈയാങ്കളിയെത്തുടര്‍ന്ന് അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന് പുറമെ മൂന്ന് അര്‍ജന്റീന താരങ്ങള്‍, ഒരു സ്പാനിഷ് താരം, ടീമിന്റെ സഹ കോച്ച് എന്നിവര്‍ക്കെതിരെയാണ് നടപടി. ഇതിന്റെ ഭാഗമായി അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന് ഏകദേശം മൂന്ന് കോടി രൂപ (3,21,000 യുഎസ് ഡോളര്‍) പിഴ ചുമത്തുകയും, അടുത്ത രണ്ട് ഹോം മത്സരങ്ങളില്‍ കാണികളുടെ എണ്ണം 50 ശതമാനമായി ചുരുക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു.

കളിക്കളത്തിലെ കായികക്ഷമതയ്ക്ക് നിരക്കാത്ത പെരുമാറ്റം, കൈയാങ്കളി, വംശീയവും വിവേചനപരവുമായ അധിക്ഷേപം എന്നിവയാണ് ശിക്ഷയ്ക്ക് കാരണമായത്. മത്സരത്തിനിടെ അര്‍ജന്റീനയുടെ മൊളീന സ്പാനിഷ് മിഡ്ഫീല്‍ഡര്‍ റോഡ്രിയെ മര്‍ദിച്ചതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്. ഇത് തടയാനെത്തിയ എറിക് ഗാഴ്‌സിയയെ അര്‍ജന്റീന താരം ലിയാന്‍ഡ്രോ പാരഡേസ് മര്‍ദിക്കുകയായിരുന്നു. ഇതിനുപുറമേ, ഇംഗ്ലണ്ടിനെതിരായ സെമി ഫൈനല്‍ ജയത്തിന് ശേഷം ഫാക്‌ലൻഡ് ദ്വീപ് അര്‍ജന്റീനയുടേതാണെന്ന ബാനര്‍ ഉയര്‍ത്തിയതിനെതിരെ ഇംഗ്ലീഷ് ഫുട്‌ബോള്‍ അസോസിയേഷന്‍ നല്‍കിയ പരാതിയിലും അച്ചടക്ക ലംഘനത്തിന് നടപടിയെടുത്തിട്ടുണ്ട്.

നടപടിയുടെ ഭാഗമായി അര്‍ജന്റീന താരങ്ങളായ ലിയാന്‍ഡ്രോ പാരഡേസിന് 10 മത്സരങ്ങളിലും മിഹ്വേല്‍ മൊളീനയ്ക്ക് ഏഴ് മത്സരങ്ങളിലും വിലക്ക് ഏര്‍പ്പെടുത്തി. ഇരുവരും ഏകദേശം 86 ലക്ഷം രൂപ (90,000 യുഎസ് ഡോളര്‍) വീതം പിഴയും അടയ്ക്കണം. മറ്റൊരു അര്‍ജന്റീന താരമായ തിയാഗോ അല്‍മാഡോ, സ്പാനിഷ് താരം ഗാവി എന്നിവര്‍ക്ക് ഒരു മത്സരത്തില്‍ വിലക്കും ഏകദേശം 28 ലക്ഷം രൂപ (30,000 യു.എസ്. ഡോളര്‍) വീതം പിഴയും ചുമത്തി. കൂടാതെ, അര്‍ജന്റീനയുടെ സഹ പരിശീലകനായ റോബര്‍ട്ടോ അയാളയ്ക്ക് മൂന്ന് മത്സരങ്ങളില്‍ വിലക്കും 28 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചിട്ടുണ്ട്.