Featured Spotlight

‘അമ്മയാടാ പറയുന്നേ.. ചാടല്ലേ മോനേ… അച്ഛനും മകനും കൊക്കയിലേക്ക്, പിന്നാലെ ചാടി അമ്മയും; ഐഫോൺ EMI തർക്കം, ഒരു കുടുംബം മുഴുവൻ ഇല്ലാതായി

ഛത്രപതി സംഭാജിനഗർ: മലമുകളിൽനിന്ന് ചാടി മരിക്കുമെന്ന് ഭീഷണിപ്പെടുത്തിയ മകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കൊക്കയിലേക്ക് വീണ് പിതാവും മകനും ദാരുണമായി മരണപ്പെട്ടു. ഇതുകണ്ട് പരിഭ്രാന്തയായ അമ്മയും തൊട്ടുപിന്നാലെ മലമുകളിൽനിന്ന് താഴേക്ക് ചാടി ജീവനൊടുക്കി. മഹാരാഷ്ട്രയിലെ സംഭാജിനഗർ ജില്ലയിലുള്ള ഖവ്ഡ ഹില്ലിൽ വെള്ളിയാഴ്ചയാണ് എല്ലാവരെയും നടുക്കിയ ഈ സംഭവം നടന്നത്.

പതിനെട്ടുകാരനായ കുനാൽ ഒരു ഐഫോൺ വാങ്ങിയെങ്കിലും അതിന്റെ ഗഡുക്കൾ (ഇ.എം.ഐ) തിരിച്ചടയ്ക്കാൻ കഴിഞ്ഞില്ല. ഇതേച്ചൊല്ലി കുടുംബത്തിലുണ്ടായ തർക്കമാണ് വലിയ ദുരന്തത്തിൽ കലാശിച്ചതെന്ന് വ്യാഴാഴ്ച പോലീസ് വ്യക്തമാക്കി. കുനാലും പിതാവും മലമുകളിൽ നിന്ന് താഴേക്ക് വീഴുകയും, തൊട്ടുപിന്നാലെ അമ്മ താഴ്ചയിലേക്ക് ചാടുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

മലയിടുക്കിന്റെ അരികിൽ നിന്ന് ചാടുമെന്ന് ഭീഷണിപ്പെടുത്തിയ കുനാലിനോട് “അമ്മയ്ക്കുവേണ്ടി ജീവിക്കൂ” എന്ന് ഒരാൾ പറയുന്നത് പ്രചരിക്കുന്ന വീഡിയോയിൽ കാണാം. എന്നാൽ “ഇല്ല, എനിക്ക് മരിക്കണം, അതുമാത്രമാണ് ഏക വഴി” എന്നായിരുന്നു അവന്റെ മറുപടി. തൊട്ടുപിന്നാലെ, പിതാവ് മുരളീധർ ചാന്ദ്ഗുഡെ അവനെ പിന്തിരിപ്പിക്കാനും താഴേക്ക് വലിച്ചെടുക്കാനും ശ്രമിച്ചെങ്കിലും രണ്ടുപേരും താഴേക്ക് പതിച്ചു. സംഭവം കണ്ടുനിൽക്കുകയായിരുന്ന അമ്മ അടുത്ത നിമിഷം കൊക്കയിലേക്ക് എടുത്തുചാടി.

തിസ്ഗാവ് ഗ്രാമത്തിലെ മുൻ സർപഞ്ചായ സഞ്ജയ് ജാഥവ് ഉൾപ്പെടെയുള്ളവർ കുനാലിനെ ആശ്വസിപ്പിക്കാൻ ശ്രമിച്ചിരുന്നു. ഐഫോൺ 15 പ്രോ വാങ്ങി നൽകാമെന്ന് പോലും ചിലർ അവനോട് പറഞ്ഞു. അവൻ പഠിച്ച കുട്ടിയാണെന്നും നല്ലൊരു ഭാവി മുന്നിലുണ്ടെന്നും അമ്മയെ ഓർത്തെങ്കിലും ജീവൻ ഒടുക്കരുതെന്നും തങ്ങൾ കഴിവതും അപേക്ഷിച്ചതായി ജാഥവ് പറഞ്ഞു. എന്നാൽ തോളനക്കി കാണിക്കുകയും മരണം മാത്രമാണ് പരിഹാരമെന്ന് വാശിപിടിക്കുകയുമായിരുന്നു കുനാൽ.

വാളൂജ് എം.ഐ.ഡി.സി പോലീസ് സ്റ്റേഷൻ പരിധിയിലെ തിസ്ഗാവ് മേഖലയിലെ മലമുകളിലേക്ക് രാവിലെ 10 മണിയോടെയാണ് ദേഷ്യത്തോടെ കുനാൽ കയറിപ്പോയത്. ഫോൺ ഗഡുക്കൾ അടയ്ക്കാൻ പണം ചോദിച്ചതിനെച്ചൊല്ലി പിതാവുമായി രൂക്ഷമായ തർക്കമുണ്ടായതിനെ തുടർന്നായിരുന്നു ഇത്. മകനെ പിന്തുടർന്നെത്തിയ മാതാപിതാക്കളും നാട്ടുകാരും ചേർന്ന് ഏകദേശം മൂന്ന് മണിക്കൂറോളം അവനെ താഴെയിറക്കാൻ ശ്രമിച്ചു. എന്നാൽ പോലീസും ഫയർഫോഴ്സും സംഭവസ്ഥലത്തുണ്ടായിരുന്നിട്ടും എന്തുകൊണ്ട് ഒരു സുരക്ഷാ വല സ്ഥാപിച്ചില്ല എന്നത് വ്യക്തമല്ല.

ഉച്ചയ്ക്ക് ഒരു മണിയോടെ, പിതാവ് മകൻ നിൽക്കുന്നിടത്തേക്ക് കയറിച്ചെന്ന് അവനെ ബലമായി പുറകിലേക്ക് വലിക്കാൻ ശ്രമിച്ചു. ഇതിനിടയിൽ രണ്ടുപേരും താഴെയുള്ള കൊക്കയിലേക്ക് വീഴുകയുമായിരുന്നു. ഭർത്താവും മകനും താഴേക്ക് പതിക്കുന്നത് കണ്ട സംഗീതയും തൊട്ടടുത്ത നിമിഷം മലമുകളിൽ നിന്ന് എടുത്തുചാടി.

മൂന്നുപേരും സംഭവസ്ഥലത്തുതന്നെ മരിച്ചു. പോലീസ് മൃതദേഹങ്ങൾ പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും തുടർന്നുള്ള നിയമനടപടികൾ പുരോഗമിക്കുകയാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. മണിക്കൂറുകളോളം നീണ്ട ഈ സംഭവത്തിന് പ്രദേശവാസികളും വിനോദസഞ്ചാരികളും സാക്ഷികളായിരുന്നു. കുനാൽ വിഷാദരോഗത്തിന് ചികിത്സയിലായിരുന്നോ എന്ന കാര്യത്തിലോ കുടുംബതർക്കത്തിന്റെ കൂടുതൽ വിവരങ്ങളിലോ പോലീസ് ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)