Featured Sports

വിരമിക്കൽ സൂചന?… ‘താങ്കൾ ഇല്ലാതെ എങ്ങനെ മുന്നോട്ട് പോകണമെന്നറിയില്ല, ഐ ലവ് യു, പാ….’: വികാരനിർഭരനായി മെസ്സി

പിതാവിന്റെ മരണത്തിനു പിന്നാലെ വികാരനിർഭരമായ കുറപ്പുമായി അർജന്റീനിയൻ ഫുട്ബോൾ താരം ലയണൽ മെസ്സി. പിതാവും തന്റെ മാനേജറുമായിരുന്ന ഹോർഹെ മെസ്സിയുടെ വേർപാടിലുണ്ടായ ആഘാതത്തെക്കുറിച്ച് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ദീർഘമായ കുറിപ്പിലാണ് താരം വിരമിക്കൽ സൂചന നൽകിയത്. പിതാവില്ലാതെ ഇനി എത്രനാൾ തന്റെ ഫുട്ബോൾ കരിയർ തുടരാൻ സാധിക്കുമെന്ന് അറിയില്ലെന്ന് മെസ്സി കുറിച്ചു. സൂപ്പർ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോ, നെയ്‌മാർ തുടങ്ങിയവരും ഈ കുറിപ്പിനു താഴെ അനുശോചനം രേഖപ്പെടുത്തി.

ഹൃദയസംബന്ധമായ രോഗത്തെത്തുടർന്ന് ചികിത്സയിലായിരുന്ന ഹോർഹെ മെസ്സി കഴിഞ്ഞയാഴ്ച റൊസാരിയോയിൽ വച്ചാണ് അന്തരിച്ചത്. ലോകകപ്പ് ഫൈനലിലെ തോൽവിക്കു ശേഷം പിതാവിനൊപ്പമായിരുന്ന മെസ്സി ഒരാഴ്ച മുൻപാണ് മത്സരങ്ങളിലേക്ക് മടങ്ങിയെത്തിയത്. എന്നാൽ പിതാവിന്റെ മരണത്തോടെ താരം ഫുട്ബോൾ കരിയർ അനിശ്ചിതകാലത്തേക്ക് നിർത്തിവച്ചതായാണ് വിവരം.

മെസ്സിയുടെ വൈകാരികമായ കുറിപ്പ് :

‘‘അച്ഛാ, താങ്കൾ ഞങ്ങളെ വിട്ടുപിരിഞ്ഞു എന്ന് എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല. ഇനി നമ്മൾ തമ്മിൽ കാണില്ലെന്നോ സംസാരിക്കില്ലെന്നോ കരുതാൻ പ്രയാസമാണ്. താങ്കൾ അനുഭവിച്ച കഠിനമായ വേദനയിൽ നിന്നുള്ള മോചനമാണ് ഈ വേർപാട എന്ന് അറിയാമെങ്കിലും വളരെ നേരത്തെയാണ് താങ്കൾ പോയത്. നമുക്ക് ഒന്നിച്ച് ഇനിയും ഒരുപാട് കാര്യങ്ങൾ ആസ്വദിക്കാനുണ്ടായിരുന്നു. കഴിഞ്ഞ ലോകകപ്പിൽ ഞാൻ കളിക്കണമെന്ന് താങ്കൾ ഒരുപാട് ആഗ്രഹിച്ചിരുന്നെങ്കിലും ടൂർണമെന്റ് തുടങ്ങുന്നതിന് തൊട്ടുമുൻപ് ആരോഗ്യനില വഷളായി. ഒരു ടൂർണമെന്റിൽ താങ്കൾ എന്നോടൊപ്പം ഉണ്ടാകാത്തത് ഇതാദ്യമായിരുന്നു.

ഓരോ മത്സരം കഴിയുമ്പോഴും താങ്കളുടെ സന്ദേശത്തിനായി ഞാൻ കാത്തിരിക്കുകയും അത് ഒരുപാട് മിസ്സ് ചെയ്യുകയും ചെയ്തു. സാഹചര്യം മോശമാണെന്ന് തിരിച്ചറിഞ്ഞെങ്കിലും ഞാൻ മുന്നോട്ട് പോകുന്തോറും താങ്കൾക്ക് മത്സരം കാണാൻ സാധിക്കുമെന്ന് ഞാൻ കരുതി. നമ്മൾ ഫൈനലിൽ എത്തിയെങ്കിലും താങ്കൾക്ക് അവിടെ വരാൻ കഴിഞ്ഞില്ല. ഞാൻ മടങ്ങിയെത്തിയപ്പോൾ പെനൽറ്റി ഷൂട്ടൗട്ടിൽ നമ്മൾ ഫൈനൽ തോറ്റു എന്നാണ് താങ്കൾ കരുതിയത്. പിന്നീട് അതിനെക്കുറിച്ചൊന്നും സംസാരിക്കാൻ നമുക്ക് കഴിഞ്ഞതുമില്ല.

താങ്കളില്ലാതെ ഇനി എന്താണ് ചെയ്യേണ്ടതെന്നോ എങ്ങനെ മുന്നോട്ട് പോകണമെന്നോ എനിക്കറിയില്ല. ഫുട്ബോൾ കളി മാത്രമറിയാവുന്ന ഞാൻ ഇത് ഇനിയും തുടരുമോ എന്ന് സംശയമാണ്. തുടക്കം മുതൽ ഒപ്പമുണ്ടായിരുന്ന താങ്കൾക്ക് അവസാനത്തോടടുക്കുമ്പോൾ എന്തുകൊണ്ടാണ് കുറച്ചുകൂടി കാത്തിരിക്കാൻ കഴിയാതിരുന്നത്? എങ്കിൽ നമുക്ക് ഒരുമിച്ച് ആ ലക്ഷ്യസ്ഥാനത്ത് എത്താമായിരുന്നു.

താങ്കൾ എനിക്ക് നല്ലൊരു അച്ഛനും സുഹൃത്തുമായിരുന്നു. നമ്മൾ തമ്മിലുള്ള ചെറിയ വഴക്കുകൾക്കപ്പുറം താങ്കൾ പറഞ്ഞതായിരുന്നു എപ്പോഴും ശരി. ഒടുവിൽ കാര്യങ്ങളെല്ലാം താങ്കൾ പറഞ്ഞതുപോലെ തന്നെ സംഭവിച്ചു. ഞാൻ താങ്കളെ ഒരുപാട് മിസ്സ് ചെയ്യും. താങ്കൾ എന്നെ എങ്ങനെയാണോ വളർത്തിയത് അതുപോലെ തന്നെയാണ് ഞാൻ എന്റെ കുട്ടികളെയും വളർത്തുന്നത്. സമാധാനമായി വിശ്രമിക്കൂ, മുകളിൽ നിന്നും ഞങ്ങളെ കാത്തുസംരക്ഷിക്കൂ. എല്ലാത്തിനും നന്ദി. ഐ ലവ് യു, പാ.’’