കർണാടകയിലെ താമസസ്ഥലത്ത് മലയാളി ബാങ്ക് ജീവനക്കാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതിനു തൊട്ടുപിന്നാലെ യുവതിയുടെ പ്രതിശ്രുത വരനും ജീവനൊടുക്കി. എറണാകുളത്ത് ജോലി ചെയ്തുവരികയുമായിരുന്ന കണ്ണൂർ അമ്പലത്തട്ട് സ്വദേശി വി. അമൽ ആണ് മരിച്ചത്. എറണാകുളത്തെ ഹോട്ടൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ അമലിനെ കണ്ടെത്തുകയായിരുന്നു. ഇരുവരും ആത്മഹത്യ ചെയ്യുന്നതിന് മുൻപ് വീഡിയോ കോൾ ചെയ്തിരുന്നതായാണ് സൂചന.
കാസർകോട് പൂച്ചക്കാട് കിഴക്കേക്കര തയ്യിൽ വീട്ടിൽ ചന്ദ്രന്റെ മകൾ പി. അനുശ്രീ (24) മരിച്ചതിന് പിന്നാലെയാണ് അമലും ജീവിതമവസാനിപ്പിച്ചത്. കർണാടകയിലെ എസ്.ബി.ഐ ഇൻസൂർ ബ്രാഞ്ചിലെ ജീവനക്കാരിയായിരുന്നു അനുശ്രീ. അടുത്ത ഡിസംബർ 26-ന് ഇരുവരുടെയും വിവാഹം നടക്കാനിരിക്കെയാണ് ഈ ദാരുണ സംഭവമുണ്ടായത്.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ആവശ്യമായ തുടർനടപടികൾ സ്വീകരിച്ചു. യുവതി ആത്മഹത്യ ചെയ്യാനുണ്ടായ കാരണം വ്യക്തമല്ലെന്നും വിഷയത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് വ്യക്തമാക്കി.



