Spotlight

‘സ്വന്തം അച്ഛനെപ്പോലും ആക്ഷേപിച്ചയാൾ, സ്ഥാനം പോയപ്പോൾ ജനാധിപത്യം ഓർമവന്നു’; ഗണേഷിന് സുകുമാരൻ നായരുടെ മറുപടി

കോട്ടയം: എൻഎസ്എസ് മുൻ ഡയറക്ടർ ബോർഡ് അംഗം ഗണേഷ് കുമാറിനെതിരെ കടുത്ത വിമർശനവുമായി ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ രംഗത്തെത്തി. സ്വന്തം പിതാവിനെപ്പോലും അധിക്ഷേപിച്ച ആളാണ് ഗണേഷ് കുമാറെന്നും അദ്ദേഹത്തിന്റെ പദവിയും നിലവാരവും ജനങ്ങൾ പരിശോധിക്കണമെന്നും സുകുമാരൻ നായർ കുറ്റപ്പെടുത്തി. സംഘടനയിൽ ജനാധിപത്യമില്ലെങ്കിൽ കേസ് കൊടുക്കുകയാണ് വേണ്ടതെന്നും എൻഎസ്എസിനെ തകർക്കാൻ നടക്കുന്നവരുടെ വാാലായിട്ടാണ് ഗണേഷ് കുമാർ സംസാരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംഘടനയെ ഇല്ലാതാക്കാൻ ശ്രമിക്കുന്നവരെല്ലാം ഒന്നിച്ചിരിക്കുകയാണെങ്കിലും തനിക്കെതിരെ ഗൂഢാലോചന നടത്താൻ ആർക്കും സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

64 വർഷമായി താൻ എൻഎസ്എസിൽ പ്രവർത്തിക്കാൻ തുടങ്ങിയിട്ടെന്നും ഇതുവരെ തന്റെ ഭാഗത്തുനിന്ന് തെറ്റുകളൊന്നും ഉണ്ടായിട്ടില്ലെന്ന് ഉറപ്പിച്ചു പറയാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. കൈവശമുണ്ടായിരുന്ന എല്ലാ സ്ഥാനങ്ങളും നഷ്ടപ്പെട്ടപ്പോഴാണ് ഗണേഷ് കുമാർ ജനാധിപത്യമില്ലെന്ന് ആരോപിക്കുന്നത്. ഓരോ സമയത്തും ഓരോ നിലപാടുകൾ മാറ്റുന്ന ആളാണ് ഗണേഷെന്നും എന്നാൽ താൻ പറഞ്ഞതൊന്നും ഇതുവരെ തിരുത്തിപ്പറയേണ്ടി വന്നിട്ടില്ലെന്നും സുകുമാരൻ നായർ ഓർമിപ്പിച്ചു. അനധികൃതമായി കയറിപ്പറ്റിയിരിക്കുന്ന ഇത്തിൾക്കണ്ണികളുണ്ട്, എന്നാൽ താൻ തിരഞ്ഞെടുപ്പിലൂടെ ജയിച്ചുവന്ന ആളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മന്നത്ത് പത്മനാഭന്റെ കാലം മുതൽ എൻഎസ്എസ് പിടിച്ചടക്കാൻ പലരും ശ്രമിച്ചിട്ടുണ്ടെന്നും അങ്ങനെ ഇറങ്ങിപ്പുറപ്പെട്ടവരെല്ലാം ഇല്ലാതായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംഘടനയ്‌ക്കെതിരെ ജാഥ നടത്തുന്നവർക്ക് അതിന് സ്വാതന്ത്ര്യമുണ്ട്, എന്നാൽ എൻഎസ്എസിനെ തകർക്കാൻ ശ്രമിക്കുന്നവരെ പ്രതിരോധിക്കാനുള്ള ശേഷി സമുദായത്തിനുണ്ടെന്ന് സുകുമാരൻ നായർ വ്യക്തമാക്കി. ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന് മന്നം സ്തൂപത്തിൽ പുഷ്പാർച്ചന നടത്താൻ അനുമതി നിഷേധിച്ചെന്ന വാർത്തകൾ തെറ്റാണെന്നും പട്ടിയെ കയറ്റി പരിശോധിക്കാനുള്ള നീക്കത്തെ മാത്രമാണ് എതിർത്തതെന്നും അദ്ദേഹം വിശദീകരിച്ചു. പത്മ കഫെ വഴി ആളുകൾക്ക് നല്ല ഭക്ഷണം നൽകാനാണ് ശ്രമിക്കുന്നതെന്നും അനധികൃത നിയമനങ്ങളൊന്നും അവിടെ നടന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ജി. സുകുമാരൻ നായർക്കെതിരെ രൂക്ഷമായ അധിക്ഷേപങ്ങളുമായി ഗണേഷ് കുമാർ രംഗത്തെത്തിയിരുന്നു. മന്നത്ത് ആചാര്യൻ കെട്ടിപ്പടുത്ത എൻഎസ്എസ് എന്ന മഹാപ്രസ്ഥാനത്തെ ചിലർ കൈയടക്കിവെച്ചിരിക്കുകയാണെന്നും അവിടെ ഏകാധിപത്യമാണ് നടക്കുന്നതെന്നും ഗണേഷ് കുമാർ കുറ്റപ്പെടുത്തിയിരുന്നു. 64 വർഷത്തോളം എൻഎസ്എസ് പത്തനാപുരം താലൂക്ക് യൂണിയൻ പ്രസിഡന്റായിരുന്ന തന്റെ പിതാവ് ആർ. ബാലകൃഷ്ണപിള്ളയെ ജീവിച്ചിരുന്ന കാലമത്രയും ഇവർ അപമാനിക്കുകയായിരുന്നുവെന്നും ഗണേഷ് ആരോപിച്ചിരുന്നു.

എൻഎസ്എസുമായുള്ള അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് ഗണേഷ് കുമാർ പങ്കെടുക്കാനിരുന്ന പരിപാടിയുടെ വേദി മാറ്റേണ്ടി വന്നിരുന്നു. തിരുവനന്തപുരം മന്നം ക്ലബ്ബിൽ നായർ സംരക്ഷണ സമിതി സംഘടിപ്പിക്കാനിരുന്ന ‘ദേവതാരുവിലെ ഇത്തിൾക്കണ്ണികൾ’ എന്ന പുസ്തക പ്രകാശന ചടങ്ങാണ് എൻഎസ്എസിന്റെ എതിർപ്പിനെ തുടർന്ന് പ്രസ് ക്ലബ്ബിലേക്ക് മാറ്റിയത്. തുടർന്ന് പ്രസ് ക്ലബ്ബിൽ വെച്ചു നടന്ന പരിപാടിയിലാണ് ഗണേഷ് കുമാർ എൻഎസ്എസ് നേതൃത്വത്തിനെതിരെ തുറന്നടിച്ചത്.