ന്യൂഡൽഹി: ഇറാൻ യുദ്ധത്തിന്റെ തുടക്കത്തിൽ ഒമാൻ ഉൾക്കടലിൽ നങ്കൂരമിട്ടിരുന്ന എണ്ണ ടാങ്കറിനു നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ മരിച്ചുവെന്ന് കരുതപ്പെടുന്ന മർച്ചന്റ് നേവി ക്യാപ്റ്റൻ ആശിഷ് കുമാർ ജീവിച്ചിരിപ്പുണ്ടെന്നും നിയമവിരുദ്ധമായി ആരോ തടവിൽ വച്ചിരിക്കുകയാണെന്നും അവകാശപ്പെട്ട് ഭാര്യ സുപ്രീം കോടതിയെ സമീപിച്ചു. കുമാറിന്റെ മോചനത്തിനായി 20 ലക്ഷം രൂപ ആവശ്യപ്പെട്ട് ഒരു രാജ്യാന്തര നമ്പറിൽനിന്ന് കോൾ വന്നിരുന്നെന്നും കുമാറിന്റെ ഭാര്യ അൻഷു നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയിൽ പറയുന്നു.
മാർച്ച് ഒന്നിന് ഒമാനിലെ ഖസബ് തുറമുഖത്തിനടുത്തു നങ്കൂരമിട്ടിരുന്ന സ്കൈ ലൈറ്റ് എണ്ണടാങ്കറിനു നേരേയുണ്ടായ ആക്രമണത്തിൽ ബിഹാറിലെ ബെട്ടിയയിൽ നിന്നുള്ള മുപ്പത്തിയേഴുകാരനായ ആശിഷ് കുമാർ മരിച്ചെന്നാണ് ഔദ്യോഗിക ഭാഷ്യം. കപ്പലിൽ 10 ഇന്ത്യൻ നാവികർ ഉണ്ടായിരുന്നതായി അന്ന് ഒമാനിലെ ഇന്ത്യൻ എംബസി അറിയിച്ചിരുന്നു. ഈ ആക്രമണത്തിനു പിന്നാലെയാണ് ഹോർമുസ് കടലിടുക്ക് തന്നെ യുദ്ധമേഖലയായി മാറിയത്. എട്ട് ക്രൂ അംഗങ്ങളെ ഒമാനി അധികൃതർ രക്ഷപ്പെടുത്തിയെങ്കിലും എഞ്ചിൻ റൂമിലുണ്ടായിരുന്ന ക്യാപ്റ്റൻ കുമാർ, ക്രൂ അംഗം ദലീപ് എന്നിവരെ കാണാതാവുകയായിരുന്നു.
ക്യാപ്റ്റന്റെ മുറിയിൽനിന്ന് കത്തിക്കരിഞ്ഞ തലയോട്ടിയും അസ്ഥികളും കണ്ടെത്തിയതായി മാർച്ച് നാലിന് ഒമാനി കോസ്റ്റ് ഗാർഡ് റിപ്പോർട്ട് ചെയ്തിരുന്നു. ക്യാപ്റ്റന്റെ മുറിയിൽ ആരും പ്രവേശിച്ചിട്ടില്ലെന്നും അവശിഷ്ടങ്ങൾ ക്യാപ്റ്റൻ കുമാറിന്റേത് തന്നെയാകാമെന്നും എംബസിയും അറിയിച്ചിരുന്നു. എന്നാൽ കുമാറിന്റെ കുടുംബം ഈ നിഗമനം ഇതുവരെ അംഗീകരിച്ചിട്ടില്ല.
ക്യാപ്റ്റന്റെ ഇളയ സഹോദരൻ നൽകിയ സാമ്പിളുകളുടെയും കണ്ടെടുത്ത അവശിഷ്ടങ്ങളുടെയും ഫോറൻസിക്, ഡി.എൻ.എ പരിശോധനാ ഫലങ്ങൾ ഒത്തുനോക്കിയപ്പോൾ ഫലം നെഗറ്റീവ് ആയിരുന്നെന്ന് ഇവർ പറയുന്നു. ലഭ്യമായ എല്ലാ നയതന്ത്ര, കോൺസുലാർ, ഇന്റലിജൻസ് ചാനലുകളും പ്രയോജനപ്പെടുത്തി ക്യാപ്റ്റൻ കുമാറിനെ കണ്ടെത്താൻ ഇന്ത്യൻ സർക്കാരിന് നിർദേശം നൽകണമെന്നും ഭാര്യ ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കണ്ടെടുത്ത അവശിഷ്ടങ്ങൾ ക്യാപ്റ്റൻ ആഷിഷ് കുമാറിന്റേതല്ലെന്ന് മേയ് 15-ന് മസ്കറ്റിലെ ഇന്ത്യൻ എംബസി കുടുംബത്തെ അറിയിച്ചിരുന്നെന്നും ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു.
റോയൽ ഒമാൻ പോലീസിന്റെ ഡയറക്ടറേറ്റ് ജനറൽ ഓഫ് സേർച്ച് ആൻഡ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ പുറത്തുവിട്ട ബയോളജിക്കൽ ടെക്നിക്കൽ എക്സാമിനേഷൻ റിപ്പോർട്ടടക്കം എടുത്തുകാട്ടിയാണ് കുമാറിന്റെ ഭാര്യയുടെ ഹർജി സമർപ്പണം. പരിശോധിച്ച അസ്ഥിശകലങ്ങളിൽ മനുഷ്യ ഡി.എൻ.എ ഫലം പോലും ലഭിച്ചിട്ടില്ലെന്ന് റിപ്പോർട്ടിലുണ്ടെന്നും ഹേബിയസ് കോർപസ് ഹർജിയിൽ വ്യക്തമാക്കുന്നുണ്ട്.
ആക്രമണത്തിനു ശേഷവും ക്യാപ്റ്റൻ ആഷിഷ് കുമാർ ജീവിച്ചിരിപ്പുണ്ടെന്നതിന്റെ തെളിവായി ഇലക്ട്രോണിക് ഡേറ്റകളും ഹർജിയിൽ മുന്നോട്ടുവെച്ചിട്ടുണ്ട്. കപ്പലിനു നേർക്ക് ആക്രമണമുണ്ടായി മൂന്ന് മണിക്കൂർ കഴിഞ്ഞ് താൻ ക്യാപ്റ്റന്റെ രണ്ടാമത്തെ മൊബൈൽ ഫോണിലേക്ക് വാട്സ്ആപ്പ് സന്ദേശം അയച്ചിരുന്നെന്നും അത് ഡെലിവേർഡ് ആയിട്ടുണ്ടെന്നും ഭാര്യ ബോധിപ്പിച്ചു. 2026 മാർച്ച് 4-നാണ് മോചനദ്രവ്യമായി 20 ലക്ഷം രൂപ ആവശ്യപ്പെട്ട് രാജ്യാന്തര, ആഭ്യന്തര നമ്പറുകളിൽ നിന്ന് കോളുകൾ വന്നതെന്നും ഹർജിയിൽ പറയുന്നു.




